നാജി നൗഷി യു.എ.ഇയിൽ; ലോകകപ്പ് സ്വപ്നം ലക്ഷ്യത്തോടടുക്കുന്നു

ഖത്തർ ലോകകപ്പ് ഫുട്ബോൾ കാണാൻ അഞ്ചുകുട്ടികളുടെ അമ്മയായ മലയാളി യുവതി മഹീന്ദ്ര ഥാറോടിച്ച് ഖത്തറിലേക്ക് പോവുന്ന വാർത്ത നാം നേരത്തേ കേട്ടതാണ്. ട്രാവൽ വ്ലോഗർ കൂടിയായ നാജി നൗഷി സ്വദേശമായ തലശ്ശേരിക്കടുത്ത് മാഹിയിൽ നിന്നാണ് യാത്ര തിരിച്ചത്. നാജി ഇപ്പോൾ യു.എ.ഇയിൽ എത്തിയിരിക്കുകയാണ്. ഒറ്റക്കാണ് നാജിയുടെ യാത്ര. ഒക്ടോബര്‍ 15ന് കേരളത്തില്‍ നിന്ന് പുറപ്പെട്ട നാജി ഒമാനില്‍ നിന്ന് ഹത്ത അതിര്‍ത്തി വഴി ബുധനാഴ്ച വൈകുന്നേരം യു.എ.ഇയില്‍ എത്തിച്ചേര്‍ന്നു.

മുംബൈ വരെ ഥാറില്‍ സഞ്ചരിച്ച നാജി തുടര്‍ന്ന് വാഹനവുമായി കപ്പലിലാണ് ഒമാനിലെത്തിയത്. അവിടെനിന്ന് ഇതേ വാഹനത്തില്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഖത്തറിൽ എത്താനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുന്‍പ് ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാംപിലും ഇവർ യാത്രചെയ്ത് എത്തിയിട്ടുണ്ട്. 34കാരിയായ നാജി ഏഴുവര്‍ഷത്തോളം ഒമാനില്‍ ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളുമുണ്ട്.

ലോകത്തെ ഏറ്റവും ഉയരമുള്ള ടവറായ ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലെത്തി ഫോട്ടോ പകര്‍ത്തി നാജി. 'യാത്ര തിരിക്കുമ്പോള്‍ ഇതായിരുന്നു എന്റെ മനസിലുണ്ടായിരുന്ന പ്ലാനുകളിലൊന്ന്. അത് സാധ്യമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം'-ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ തന്റെ ഥാറിന്് മുകളില്‍ ഇരുന്നുകൊണ്ട് നാജി നൗഷി കുറിച്ചു.

തന്റെ യാത്രയിലുണ്ടായ അനുഭവങ്ങളെ കുറിച്ച് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നാജി വിവരിച്ചു. 'ഥാര്‍ മുംബൈയില്‍ നിന്ന് ഒമാനിലേക്ക് കയറ്റി അയക്കുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഥാര്‍ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിങ് കമ്പനികളും എന്നോട് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റില്‍ പോയി കോണ്‍സുല്‍ ജനറലിനെ കണ്ടു. അങ്ങനെയാണത് സാധ്യമായത്.'.


മാതാവിന്റെയും ഭര്‍ത്താവ് നൗഷാദിന്റെയും പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ഈ യാത്ര സാധ്യമായതെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയെന്നും അവർ പറഞ്ഞു. ബില്‍ഡ് ഇന്‍ കിച്ചണ്‍ അടക്കമുള്ള കസ്റ്റമൈസ്ഡ് മഹീന്ദ്ര ഥാര്‍ എസ്.യു.വിയാണ് 33കാരിയായ നാജിയുടെ കൂട്ടുകാരി. 'ഓള്' എന്ന പേരാണ് ഥാറിന് നല്‍കിയിരിക്കുന്നത്. യു.എ.ഇയില്‍ നിന്ന് മറ്റ് ജിസിസി രാജ്യങ്ങള്‍ കടന്ന് തന്റെ ഇഷ്ട ടീമിന്റെ കളി കാണാന്‍ ഖത്തറിലെത്തുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് കടുത്ത് അര്‍ജന്റീന ഫാനായ നാജി.

'ഫുട്‌ബോളില്‍ എന്റെ നായകന്‍ മെസ്സിയാണ്. അദ്ദേഹത്തിന്റെ കളിക്കായി കാത്തിരിക്കുകയാണ്. സൗദി അറേബ്യയുമായുള്ള അര്‍ജന്റീനയുടെ തോല്‍വി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു, പക്ഷേ കപ്പ് ഉയര്‍ത്താനുള്ള അവരുടെ വഴിയില്‍ ഇത് ഒരു ചെറിയ തടസ്സം മാത്രമാണ്'-നാജി നൗഷി പറഞ്ഞു.

Tags:    
News Summary - Naji Noushi in UAE; The World Cup dream is on the way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.