രാജ്യത്തെ ഏറ്റവും മൈലേജുള്ള പെട്രോൾ കാർ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുകി. മാസങ്ങളുടെ ഒരുക്കത്തിനുശേഷമാണ് കമ്പനി വാഹനം അവതരിപ്പിക്കുന്നത്. നവംബർ 10ന് കാർ നിരത്തിലെത്തും.നിലവിൽ വാഹനത്തിന്‍റെ എഞ്ചിനെയും ഗിയർബോക്സിനെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. സെലേറിയോ ഹാച്ച്ബാക്കാവും കുതിച്ചുകയറുന്ന ഇന്ധനവിലയിൽ ആശ്വാസമായി മാരുതി അവതരിപ്പിക്കുക.
രാജ്യത്തെ ആദ്യ എ.എം.ടി കാർ എന്ന ഖ്യാതിയുമായി നിരത്തിലെത്തിയ വാഹനമായിരുന്നു സെലേറിയോ. എന്നാൽ മാരുതിയുടെ മറ്റ് മോഡലുകളെപ്പോലെ ഒരു ഹിറ്റായി വാഹനം മാറിയിരുന്നില്ല. പുതിയ തലമുറ സെലേറിയോയിൽ കെ10സി പെട്രോൾ എഞ്ചിനാണുള്ളത്.
ഡ്യുവൽ-ജെറ്റ് ടെക്നോളജിയുള്ള എഞ്ചിനാണിത്. മുൻ തലമുറ സെലേറിയോ ഉൾപ്പെടെ വിദേശത്തുള്ള ഒന്നിലധികം സുസുകി കാറുകളിൽ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ട്. ടർബോചാർജറിനൊപ്പം ഇതേ എഞ്ചിൻ നേരത്തെ ഇന്ത്യയിൽ ബലേനോ ആർ.എസിൽ ലഭ്യമായിരുന്നു. പുതിയ സെലേറിയോയുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 11000 രൂപ നൽകി മാരുതി അരീന ഷോറൂം വഴി ബുക്ക് ചെയ്യാം.
ഇന്ധനക്ഷമതക്ക് കാരണം
സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ ഒരു സിലിണ്ടറിന് ഒന്നിന് പകരം രണ്ട് ഫ്യൂവൽ ഇഞ്ചക്ടറുകളാണുള്ളത്. ഇതിനർഥം, 16-വാൽവ് എഞ്ചിനിലെ എട്ട് ഇൻടേക്ക് പോർട്ടുകളിൽ ഓരോന്നിനും അതിന്റേതായ ഇൻജക്ടർ ലഭിക്കും. ഇത് കൂടുതൽ കൃത്യമായ നിയന്ത്രണവും മികച്ച ഇന്ധനക്ഷമതയും നൽകുന്നു. മറ്റ് നവീകരണങ്ങൾക്കൊപ്പം മെച്ചപ്പെട്ട എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റവും വാഹനത്തിലുണ്ട്. ഇതെല്ലാമാണ് സെലേറിയോടെ മൈലേജ് രാജാവാക്കി മാറ്റുന്നത്.
പെട്രോൾ ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനങ്ങളിൽ ഒന്നായിരിക്കും പുതിയ സെലേറിയോ എന്നാണ് മാരുതി പറയുന്നത്. 26kpl മൈലേജ് സെലേറിയോ നൽകും. 23.84kplമായി നിലവിൽ ടാറ്റ ടിയാഗോ എഎംടിയാണ് ഇന്ധനക്ഷമതയിൽ മുന്നിൽ നിൽക്കുന്നത്. സെലേറിയോ ടിയോഗോയെ കടത്തിവെട്ടും.
5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ എഎംടി ഓട്ടോമാറ്റിക്കോ ആയിട്ടായിരിക്കും വാഹനം വരുന്നത്. രണ്ടാം തലമുറ സെലേറിയോ അടിസ്ഥാനപരമായ പുതിയ മോഡലാണെന്നും മാരുതി അവകാശപ്പെടുന്നു. വാഗൺ ആർ പോലുള്ള മോഡലുകൾക്ക് സമാനമായി മോഡുലാർ ഹാർട്ട്‌ടെക് പ്ലാറ്റ്‌ഫോമിലേക്കും വാഹനം മാറിയിട്ടുണ്ട്. പൂർണ്ണമായും നവീകരിച്ച എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനും ലഭിക്കും. കൂടാതെ മുൻഗാമിയേക്കാൾ വാഹനം അൽപ്പം വലുതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.