യു.എസി​ലെ ഏറ്റവും വിലകുറഞ്ഞ കാർ; അമേരിക്കക്കാരുടെ ‘ആൾട്ടോ’യുടെ വില ഇതാണ്​

ലോകത്തിലെ ഏറ്റവും സമ്പന്നമായ വാഹനവിപണിയാണ്​ അമേരിക്ക. ഏതൊരു വാഹന കമ്പനിയുടേയും സ്വപ്നമാണ്​ യു.എസ്​ വിപണിയിൽ ഒന്നാമതെത്തുക. ലക്ഷങ്ങളിൽ തുടങ്ങി കോടാനുകോടികളുടെ വാഹനങ്ങൾ അമേരിക്കൻ നിരത്തുകളിൽ ചൂടപ്പംപോലെ വിറ്റുപോകാറുണ്ട്​. ടൊയോട്ടയാണ്​ കുറച്ച്​ പതിറ്റാണ്ടുകളായി യു.എസ്​ വിപണിയിൽ ആധിപത്യം പുലർത്തുന്നത്​.

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ മോഡല്‍ ഏതാണെന്ന് ചോദിച്ചാല്‍ മാരുതി സുസുകി ആള്‍ട്ടോ എന്നാണ് ഉത്തരം. ഇതേ ചോദ്യം അമേരിക്കൻ വിപണിയെകുറിച്ച്​ ചോദിച്ചാൽ എന്ത്​ പറയും. അമേരിക്കയിലും ബജറ്റ് കാറുകള്‍ ഉണ്ട്​ എന്നതാണ്​ സത്യം. അമേരിക്കയിലെ ഏറ്റവും വിലകുറഞ്ഞ കാർ​ നിർമിക്കുന്നത്​ ഒരു ജാപ്പനീസ്​ കമ്പനിയാണ്​. ആ കമ്പനി ടൊയോട്ടയല്ല എന്നത്​ എടുത്തുപറയേണ്ടതാണ്​.


ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന കാറിന്റെ നാലിരട്ടിയിലധികമാണ് യു.എസിലെ ഏറ്റവും ബജറ്റ് വിലയിലുള്ള കാറിന്റെ വിലയെന്നതാണ് യാഥാർഥ്യം. യുഎസിലെ നിലവിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള കാറാണ് നിസാന്‍ വെര്‍സ. 16,130 യു.എസ് ഡോളര്‍ വിലയിലാണ് ഈ കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 13.42 ലക്ഷം വരും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള കാറിന് വെറും 3.54 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. യു.എസ് ഡോളറിലേക്ക് മാറ്റിയാല്‍ വെറും 4253 ഡോളര്‍ മാത്രം. 16,695 ഡോളര്‍ (ഏകദേശം 13.90 ലക്ഷം രൂപ) പ്രാരംഭ വിലയില്‍ വില്‍ക്കുന്ന മിത്സുബിഷി മിറാജാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്.


ഒരു കോംപാക്റ്റ് സെഡാനാണ് നിസാന്‍ വെര്‍സ. 177 ഇഞ്ച് നീളവും 68.5 ഇഞ്ച് വീതിയും 57.3 ഇഞ്ച് ഉയരവുമാണ് ഇതിന്റെ വലിപ്പം. 103.1 ഇഞ്ചാണ് വീല്‍ബേസ്. 525 ലിറ്റര്‍ ബൂട്ട്‌ശേഷിയുമുണ്ട്. ആഗോള തലത്തില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയ്ക്ക് സമാനമായ വാഹനമാണ്​. നിസാന്‍ വെര്‍സയുടെ വില ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഹോണ്ട സിറ്റിയേക്കാളും കൂടുതലാണ്. 11.63 ലക്ഷം എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട സിറ്റി വില്‍ക്കപ്പെടുന്നത്. S, SV, SR എന്നീ മൂന്ന് ട്രിം ലെവലിലാണ് നിസാന്‍ വെര്‍സ യുഎസ് വിപണിയിലെത്തുന്നത്.


ലാമിനേറ്റഡ് ഗ്ലാസ് വിന്‍ഡ്ഷീല്‍ഡ്, ക്രൂസ് കണ്‍ട്രോള്‍, 4 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് മെയിന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പിന്‍ സീറ്റിൽ സെന്റര്‍ ആംറെസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്​, ഹൈ ബീം അസിസ്റ്റ്, റിയര്‍ ഓട്ടോമാറ്റിക് ബ്രേക്കിങ്,​ 17 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ്​ വീല്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വാഹനത്തിന്​ ലഭിക്കും. 122 bhp പവറും 154 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് നിസാന്‍ വെര്‍സക്ക് കരുത്തേകുന്നത്.


Tags:    
News Summary - New Nissan Versa is America's cheapest passenger car. But what does it offer to buyers?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.