നെക്സൻ ഇ.വി തീപിടിച്ചതിന് കാരണം വെളിപ്പെടുത്തി ടാറ്റ ​മോട്ടോഴ്സ്; ആരും ഈ കാര്യങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

പുണെയില്‍ ടാറ്റ നെക്സോണ്‍ ഇവിക്ക് തീപിടിച്ച വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഏപ്രില്‍ 16-നാണ് സംഭവം നടന്നത്. രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രകാരം 9 മാസം മാത്രം പഴക്കമുള്ള നെക്‌സോണ്‍ ഇവിക്കാണ് തീപിടിച്ചത്. 2022 ജൂലൈയില്‍ പുണെ ആര്‍ടിഒയില്‍ രജിസ്റ്റര്‍ ചെയ്ത ഇവിയാണിത്. സംഭവത്തിൽ വിശദീകരണവുമായി ടാറ്റ മോട്ടോഴ്സ് ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയശേഷമാണ് ടാറ്റ ഔദ്യോഗിക വിശദീകരണം പുറത്തിറങ്ങിയിരിക്കുന്നത്. വിശദീകരണ കുറിപ്പിൽ രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പുണ്ട്. അനധികൃത വര്‍ക്ക്ഷോപ്പില്‍ വെച്ച് പ്രസ്തുത നെക്‌സോണ്‍ ഇവി അറ്റകുറ്റപ്പണികള്‍ നടത്തിയെന്നും ഇത് ഷോര്‍ട്‌സര്‍ക്യൂട്ടിലേക്ക് നയിച്ചതായുമാണ് ടാറ്റ അവകാശപ്പെടുന്നത്.

ടാറ്റ മോട്ടോര്‍സിന്റെ ഇ.വി പൊട്ടിത്തെറിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ഇത്. ഒരു അനധികൃത വര്‍ക്ക്ഷോപ്പില്‍ നെക്‌സോണ്‍ ഇവിയുടെ ഹെഡ്ലാമ്പ് മാറ്റിസ്ഥാപിച്ചതിനാലാണ് അപകടം സംഭവിച്ചതെന്നാണ് കമ്പനി പറയുന്നത്. അപകടത്തില്‍ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. നെക്സണ്‍ ഇവി നിരത്തിന്റെ നടുവില്‍ കുടുങ്ങിയിരിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. അതിന്റെ ഫ്രണ്ടിലെ ഇടത് ഭാഗത്തെ ക്വാര്‍ട്ടറിലാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

‘ഈ വാഹനം അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമായതായാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അതിന്റെ ഇടത് ഹെഡ്ലാമ്പുകള്‍ അനധികൃതമായി വര്‍ക്ക്ഷോപ്പില്‍ മാറ്റിസ്ഥാപിച്ചു. തുടർന്ന് ഇവ ഹീറ്റാകാന്‍ തുടങ്ങി. അനധികൃത വര്‍ക്ക്ഷോപ്പിലെ ഫിറ്റ്മെന്റ്, റിപ്പയര്‍ പ്രക്രിയയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നു. ഇത് ഹെഡ്ലാമ്പ് ഏരിയയിലെ വൈദ്യുത തകരാറിനിടയാക്കി. അറ്റകുറ്റപ്പണികള്‍ നടത്തിയ ഭാഗങ്ങളെയാണ് തീപിടിത്തം ബാധിച്ചത്’-ടാറ്റ മോട്ടോര്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അംഗീകൃത ടാറ്റ വര്‍ക്ക്ഷോപ്പുകളില്‍ മാത്രം വാഹനങ്ങള്‍ സര്‍വീസ് നടത്തണമെന്ന് കമ്പനി പറയുന്നു.

ഇതാദ്യമായല്ല നെക്‌സണ്‍ ഇവിക്ക് തീപിടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ മറ്റൊരു വാഹനത്തിന് തീപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ വസായിയില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - Nexon EV fire due to unauthorised repair job, claims Tata Motors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.