ഇന്ത്യയോട് താൽപ്പര്യമില്ല, ഇങ്ങോട്ട് വരുന്നുമില്ല; ഇങ്ങിനേയും ചില വാഹന നിർമാതാക്കൾ

ഒരു കാലത്ത് നമ്മുടെ വാഹന വിപണിയിൽ ഒന്നോ ​രണ്ടോ നിർമാതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. വേറിട്ടൊരു വാഹനം വേണമെന്നുള്ളവർക്ക് ഇറക്കുമതി ചെയ്യുക മാത്രമായിരുന്നു ഏക ആശ്രയം. അംബാസിഡർ എന്ന ഏകഛത്രാധിപതിയുടെ കാലമായിരുന്നു അത്. 1983ൽ മാരുതി ഉദ്യോഗ് ലിമിറ്റഡ് രൂപീകരിച്ചതോടെയാണ് നമ്മുക്കും ഒരു നിർമാതാവ് ഉണ്ടായത്. പിന്നീടുള്ള കാലം ഉദാരീകരണത്തിന്റേതായിരുന്നു. അതോടെ പഞ്ചസാര പാത്രം കണ്ട ഉറുമ്പുകളെപ്പോലെ ആഗോള വാഹന ഭീമന്മാർ ഒന്നൊന്നായി ഇന്ത്യയി​ലേക്ക് വന്നു. ലോക വാഹന ഭൂപടത്തിൽ ഇന്ത്യൻ വിപണിയ്ക്ക് ഇന്ന് നിർണായകമായ സ്വാധീനമുണ്ട്.

ടൊയോട്ട, സുസുകി, ഹോണ്ട തുടങ്ങി ജാപ്പനീസ് സ്റ്റാറുകൾ മുതൽ ഹ്യൂണ്ടായ്, എം.ജി, കിയ തുടങ്ങി പരൽമീനുകൾ ഇന്ന് ഇന്ത്യയിലുണ്ട്. ബെൻസ്, ബി.എം.ഡബ്ല്യു, ഓഡി തുടങ്ങിയ ആഡംബര രാജാക്കന്മാരും നമ്മുടെ നിരത്തുവാഴുകയാണ്. ഇതോടൊപ്പം റേഞ്ച് റോവറും ജാഗ്വാറും പോലുള്ള വമ്പന്മാരെ നമ്മുടെ ടാറ്റ വാങ്ങി സ്വന്തമാക്കുകയും ചെയ്തു. ഫെറാരിയുടെയും ലംബോർഗിനിയുടേയും സൂപ്പർ കാറുകൾവരെ ഇന്ത്യയിൽ ലഭ്യമാണ്.


ചില വാഹന നിർമാതാക്കൾ ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിച്ച് വാഹനം നിർമ്മിച്ച് വിൽക്കുമ്പോൾ മറ്റുചിലർ വിദേശത്ത് നിർമ്മിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. മക്‌ലാറൻ പോലുള്ള പ്രീമിയം വാഹനനിർമാതാക്കൾ ഇന്ത്യയിൽ ഇമ്പോർട്ടർ മുഖേനയാണ് തങ്ങളുടെ വാഹനങ്ങൾ വിൽക്കുന്നത്. ഇത് കൂടാതെ നിരവധി ആഗോള വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള കരുക്കൾ നീക്കുന്നുമുണ്ട്. എന്നാൽ ചില വാഹന നിർമാതാക്കൾക്ക് ഇപ്പോഴും ഇന്ത്യയോട് വലിയ താല്പര്യമില്ല. ഇന്ത്യയോട് ഇപ്പോഴും നോ പറയുന്ന ചില ആഗോള വാഹന നിർമ്മാതാക്കളെ പരിചയപ്പെടാം.


ആൽഫ റോമേയോ

ഇറ്റാലിയൻ-അമേരിക്കൻ വാഹന ഭീമന്മാരായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈൽസും, ഫ്രഞ്ച് വാഹനഭീമന്മാരായ ഗ്രൂപ്പ് പിഎസ്ഏയും ചേർന്നുണ്ടായ സ്റ്റെല്ലാന്റിസിന്റെ കീഴിലുള്ള ഇറ്റാലിയൻ വാഹന ബ്രാൻഡാണ് ആൽഫ റോമേയോ. ജിയൂലിയ എന്ന സെഡാനും സ്റ്റെൽവിയോ എന്ന എസ്‌യുവിയുമാണ് ആൽഫ റോമേയോ ആഗോള വിപണിയിൽ നിലവിൽ വിൽക്കുന്നത്. ബ്രാൻഡിന്റെ ഇലക്ട്രിക്ക് സ്പോർട്സ്കാറും ഉടൻ വില്പനക്കെത്തും. സ്റ്റെല്ലാന്റിസിന്റെ സിട്രോൺ, ജീപ്പ്, മസെരാട്ടി ബ്രാൻഡുകൾ ഇന്ത്യയിൽ വാഹനങ്ങൾ വില്കുന്നുണ്ടെങ്കിലും ആൽഫ റൊമേയോ ഇതുവരെ എത്തിയിട്ടില്ല.


മസ്ദ

ചെറുകാറുകളുടെ തമ്പുരാക്കന്മാരാണ് മസ്ദ. അമേരിക്ക, ജപ്പാൻ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, ചൈന, ദക്ഷിണേഷ്യൻ രാജ്യങ്ങളിലൊക്കെ സാന്നിദ്ധ്യമുണ്ടെങ്കിലും ജാപ്പനീസ് ബ്രാൻഡായ മാസ്ദാ ഇപ്പോഴും ഇന്ത്യയിലില്ല. അതെ സമയം രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന ബ്രാൻഡിന്റെ MX-5 മിയാട്ട റോഡ്സ്റ്റർ കാറുകൾ ഇന്ത്യയിൽ പ്രൈവറ്റ് ഇമ്പോർട്ടുകളായി വർഷങ്ങൾക്ക് മുൻപേയുണ്ട്. പോക്കറ്റിലൊതുങ്ങുന്ന 'ഫൺ' കാറുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തരായ മാസ്ദായുടെ മാപ്പിൽ പക്ഷെ ഇപ്പോഴുമില്ല.


ഡോഡ്ജ്

ഫോർഡ് മസ്താങ് പോലുള്ള മസിൽ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ടബ്രാൻഡുകളിൽ ഒന്നാണ് ഒന്നാണ് അമേരിക്കൻ ബ്രാൻഡായ ഡോഡ്ജ്. ഇന്ത്യയിൽ മസിൽ കാറുകൾ അധികമില്ല എന്നതാണ് ഡോഡ്‌ജിന്റെ സാധ്യത. മാത്രമല്ല ഡോഡ്ജ് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു സെഗ്മെന്റ് എസ്‌യുവികളാണ്. ഇന്ത്യ എസ്‌യുവികൾക്ക് ഏറെ ആരാധകരുള്ള വിപണിയിലും. സ്റ്റെല്ലാന്റിസിന് കീഴിലുള്ള ഡോഡ്ജ് പക്ഷെ ഇതുവരെ ഇന്ത്യയെപ്പറ്റി ചിന്തിച്ചിട്ടില്ല.


ഡൈഹാറ്റ്സൂ

ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ഡൈഹാറ്റ്സൂ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ സജീവമാണ്. ആകർഷകവും എന്നാൽ കരുത്തുറ്റതുമായ ഹാച്ച്ബാക്കുകളും കോംപാക്റ്റ് വാനുകളും നിർമ്മിക്കുന്നതിനുള്ള ബ്രാൻഡിന്റെ വൈഭവം ഇന്ത്യൻ കാർ മേഖലയിൽ ഡൈഹാറ്റ്സൂവിനെ തികച്ചും അനുയോജ്യമാക്കുന്നു. ടൊയോട്ട പ്രയുസ് അടിസ്ഥാനമാക്കിയുള്ള മേബിയൂസ്, ടൊയോട്ട കൊറോളയെ അടിസ്ഥാനമാക്കി അൾട്ടിസ് തുടങ്ങിയ പ്രീമിയം കാറുകളും ഡൈഹാറ്റ്സൂവിനുണ്ട്. എന്നാൽ ഡൈഹാറ്റ്സൂവിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ടൊയോട്ട ഇനിയും ഒന്നും പറഞ്ഞിട്ടില്ല.


സിയറ്റ്

ഓട്ടോമൊബൈൽ വ്യവസായത്തിൽ സമ്പന്നമായ ചരിത്രമുള്ള മറ്റൊരു കമ്പനിയാണ് സ്പാനിഷ് ഭീമൻ സിയറ്റ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ചില ശ്രദ്ധേയമായ കോംപാക്ട് കാറുകൾ, MPV-കൾ, SUV-കൾ, സെഡാനുകൾ എന്നിവ സിയറ്റ് ബ്രാൻഡിനുണ്ട്. ഹാച്ച്‌ബാക്ക് സ്വഭാവമാണെങ്കിലും ബോൾഡായ ഡിസൈനും വിശാലമായ ഇന്റീരിയർ സ്പെയ്സും സിയറ്റ് ലിയോൺ അതിപ്രശസ്തമാണ്. സിയറ്റ് ഇന്ത്യയിൽ പ്രവേശിക്കാൻ തീരുമാനിച്ചാൽ, അത് രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായത്തിലെ പ്രധാന കമ്പനികൾക്ക് ഗുരുതരമായ മത്സരം നൽകും. പക്ഷെ സിയറ്റിന് നിലവിൽ പദ്ധതികൾ ഒന്നും തന്നെയില്ല.

Tags:    
News Summary - Let's meet some global automakers who are still saying no to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.