വരാനിരിക്കുന്നത്​ വൈദ്യുത വിപ്ലവം; ഒാല മെഗാ ഫാക്​ടറി നിർമാണം ആരംഭിച്ചു, ലോകത്തിലെ ഏറ്റവും വലുതെന്ന്​ കമ്പനി

മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി കമ്പനിയായ ഓല വൈദ്യുത സ്​കൂട്ടർ വിപണിയി​േലക്ക്​. ലോകത്തിലെ ഏറ്റവും വലിയ സ്​കൂട്ടർ നിർമാണ ഫാക്​ടറിയുടെ നിർമാണം തമിഴ്​നാട്ടിൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു. 500 ഏക്കർ സ്ഥലത്തവണ്​ മെഗാ ഫാക്ടറി സ്ഥാപിക്കുന്നത്​. 2020 ഡിസംബറിൽ തമിഴ്‌നാട് സർക്കാരുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായും ഭൂമി ഏറ്റെടുക്കൽ ഈ വർഷം ജനുവരിയിൽ പൂർത്തിയായതായും ഒാല അധികൃതർ അറിയിച്ചു.


2,400 കോടി രൂപയാണ്​ ആദ്യഘട്ടത്തിൽ കമ്പനി നിക്ഷേപിക്കുന്നത്​. പ്ലാന്‍റ്​ നിർമാണം പുരോഗമിക്കുകയാണ്. ആദ്യ ഘട്ടം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. 10 ദശലക്ഷം മനുഷ്യ മണിക്കൂർ എന്ന റെക്കോർഡ് സമയത്തിനുള്ളിൽ ഫാക്​ടറി നിർമ്മിക്കാനാണ്​ പദ്ധതിയെന്ന്​ ഓല അധികൃതർ പറയുന്നു. നിർമാണം പൂർത്തിയായ ഫാക്​ടറിക്ക്​ പ്രതിവർഷം 20 ലക്ഷം യൂനിറ്റ് ശേഷി ഉണ്ടായിരിക്കും.


വൈദ്യുത സ്കൂട്ടറുകളാവും ഇവിടെ നിർമിക്കുക. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, യു.കെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ അന്താരാഷ്​ട്ര വിപണികളിലേക്കും വാഹനം കയറ്റുമതി ചെയ്യും. പദ്ധതി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്​ കണക്കുകൂട്ടൽ. 5000 ലധികം റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും ഉപയോഗിച്ചാവും ഫാക്ടറി പ്രവർത്തിക്കുക. ഓല കഴിഞ്ഞ വർഷം ആംസ്റ്റർഡാം ആസ്ഥാനമായുള്ള എറ്റെർഗോ സ്‌കൂട്ടർ കമ്പനി സ്വന്തമാക്കിയിരുന്നു.


എറ്റെർഗോ വികസിപ്പിച്ച മോഡലിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുക. മികച്ച ഡിസൈൻ, നീക്കംചെയ്യാവുന്ന ബാറ്ററി, ഉയർന്ന പ്രകടനം, മൈലേജ്​ എന്നിവ ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. ഈ വർഷാവസാനം വാഹനം നിരത്തിലെത്തിക്കാനാണ്​ നീക്കം നടക്കുന്നത്​. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.