വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒാല ഇലക്ട്രിക് പുതിയൊരു പ്രഖ്യാപനംകൂടി നടത്തി. ഇലക്ട്രിക് പാസഞ്ചർ വെഹിക്കിൾ (പി.വി) വിഭാഗത്തിലേക്ക് പ്രവേശിക്കാനാണ് ഓല ഒരുങ്ങുന്നത്. നഗരത്തിനുവേണ്ടിയുള്ള ചെറുതും പ്രായോഗികവുമായ വാഹനമായിരിക്കും ഒാല പുറത്തിറക്കുകയെന്നാണ് പ്രാഥമിക സൂചന. തദ്ദേശീയമായിട്ടായിരിക്കും വാഹനം വികസിപ്പിക്കുക. ഇലക്ട്രിക് കാർ ഡിവിഷനായി ബംഗളൂരുവിൽ ആഗോള ഡിസൈൻ സെൻറർ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. 2023 ഓടെ കമ്പനിക്ക് ഇലക്ട്രിക് കാർ പദ്ധതിയിലേക്ക് കടക്കാനാകുമെന്നാണ് ഒാലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറയുന്നത്.
കളിമൺ മോഡലിങിനും സിഎംഎഫ് (നിറം, മെറ്റീരിയലുകൾ, ഫിനിഷ്) ലാബ് എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബംഗളൂരു ഡിസൈൻ സെൻററിൽ ഉണ്ടായിരിക്കും. ഇലക്ട്രിക് പിവി പ്രോജക്റ്റിനായി ഓല ഇതിനകം ടാറ്റയിൽ നിന്നുള്ള ഡിസൈനർമാരെ റാഞ്ചിയതായാണ് സൂചന. ഇന്ത്യയിൽ ഇവികൾക്കുള്ള പ്രധാന തടസ്സങ്ങളിലൊന്നാണ് ശക്തമായ ചാർജിങ് ശൃംഖലയുടെ അഭാവമാണ്. ഇൗ പ്രശ്നം പരിഹരിക്കാൻ പ്രായോഗികമായൊരു മാർഗം ഓല ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇന്ത്യയിലുടനീളം ഹൈപ്പർ ചാർജർ ശൃഖല സ്ഥാപിക്കാനാണ് ഒാലയുടെ നീക്കം. മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കളെപോലെ, കമ്പനി അവരുടെ കാറുകൾക്കൊപ്പവും ഹോം ചാർജിങ് ഉപകരണങ്ങളും നൽകാനും സാധ്യതയുണ്ട്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഹൈപ്പർചാർജർ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതി ഓല അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 400 നഗരങ്ങളിലായി 1,00,000 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 2,400 കോടി മുതൽമുടക്കിൽ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തിനായി കമ്പനി ഒരു ഫാക്ടറി നിർമ്മിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഇൗ പ്ലാൻറിെൻറ വാർഷിക ശേഷി ഏകദേശം രണ്ട് ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്.
ഒാലയുടെ ചരിത്രം
ഇലക്ട്രിക് വാഹനവിപണിയിലെ ഒാലയുടെ പരീക്ഷണങ്ങൾ ഏറെ കാലങ്ങൾക്കുമുമ്പുതന്നെ തുടങ്ങിയിരുന്നു. 2017-18 ൽ, ടാറ്റ നാനോയുടെ ബാറ്ററി ഇലക്ട്രിക് പതിപ്പായ ജയം നിയോയുടെ പരിമിതമായ എണ്ണം യൂനിറ്റുകൾ കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ്സ് നിർമിച്ചിരുന്നു. ആ പദ്ധതിയിൽ ഒാലയും പങ്കാളികളായിരുന്നു. തങ്ങളുടെ ടാക്സി സർവീസിലേക്ക് ഇ.വികൾ എത്തിക്കുകയായിരുന്നു അന്ന് ഒാലയുടെ താൽപ്പര്യം. വൈദ്യുതീകരിച്ച നാനോക്കായുള്ള പദ്ധതികൾ ഉപേക്ഷിച്ചതോടെ ഈ നീക്കം ഫലവത്തായില്ല. ചില നഗരങ്ങളിൽ മഹീന്ദ്രയുടെ ഇ 2O ഇ.വിലും ഓല ഉപയോഗിച്ചിരുന്നു. ഒാലയുടെ പുതിയ ഇലക്ട്രിക് കാറുകൾ രണ്ടുതരത്തിൽ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. സ്വകാര്യ ഉപയോഗത്തിനും ടാക്സികൾക്കുമായിരിക്കും അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.