ഓല സ്കൂട്ടർ കെട്ടിവലിച്ച് കഴുത; ഇത് യുവാവിന്റെ വേറിട്ട പ്രതിഷേധം - വിഡിയോ

ഓല സ്കൂട്ടർ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണത്തെ തുടർന്ന് വ്യത്യസ്ത പ്രതിഷേധവുമായി യുവാവ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽനിന്നുള്ള സച്ചിൻ ഗിറ്റെയാണ് തന്റെ വാഹനം കഴുതയുമായി ബന്ധിപ്പിച്ച് കെട്ടിവലിച്ചത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

വാഹനം വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കേടായതിനെ തുടർന്നാണ് ഇദ്ദേഹം ഇത്തരത്തിലൊരു പ്രതിഷേധത്തിന് തുനിഞ്ഞിറങ്ങിയത്. കമ്പനിയെ വിശ്വസിക്കരുതെന്ന് കാണിച്ചുള്ള പോസ്റ്ററുകളും ബാനറുകളും ഇദ്ദേഹം പ്രതിഷേധത്തിനായി ഉപയോഗിച്ചു.

2021 സെപ്റ്റംബറിലാണ് ഗിറ്റെ സ്കൂട്ടർ ബുക്ക് ചെയ്തത്. 2022 മാർച്ച് 24ന് വാഹനം ലഭിച്ചു. എന്നാൽ, ആറ് ദിവസം മാത്രമാണ് വാഹനം ഓടിയത്. തുടർന്ന് കമ്പനിയുമായി ബന്ധപ്പെട്ടു. മെക്കാനിക്ക് വന്ന് സ്കൂട്ടർ പരിശോധിച്ചു. എന്നാൽ, പരിഹാരം ഒന്നും ഉണ്ടായില്ല.

ഗിറ്റെ വീണ്ടും കസ്റ്റമർ കെയറിലേക്ക് വിളിച്ചു. പക്ഷെ, തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. ഇതോടെയാണ് ഇദ്ദേഹം കഴുതപ്പുറത്ത് കെട്ടി പാർലി നഗരത്തിലൂടെ വാഹനം കെട്ടിവലിച്ചത്. 'ഈ വഞ്ചനാപരമായ കമ്പനിയെ സൂക്ഷിക്കുക, ഓല കമ്പനിയുടെ ഇരുചക്ര വാഹനങ്ങൾ വാങ്ങരുത്' -എന്ന ബാനറും പിടിച്ചായിരുന്നു പ്രതിഷേധം.

ഇദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയും ബൈക്ക് അറ്റകുറ്റപ്പണി നടത്തുകയോ മാറ്റിത്തരികയോ ചെയ്തിട്ടില്ലെന്ന് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. കമ്പനിയിൽനിന്ന് ഉപഭോക്താക്കൾക്ക് സാമ്പത്തിക പരിരക്ഷ ലഭിക്കുന്നില്ലെന്ന് കാണിച്ച് ഓലയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന് അദ്ദേഹം സർക്കാറിനോടും നിർദേശിച്ചു.

ഷോറൂമുകളോ സർവിസ് സെന്ററുകളോ ഇല്ലാതെയാണ് ഓലയുടെ പ്രവർത്തനം. വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഓല ഇലക്‌ട്രിക് തങ്ങളുടെ 1,441 യൂനിറ്റ് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നതായി ഏപ്രിൽ 24ന് പ്രഖ്യാപിച്ചിരുന്നു. ഈ സ്‌കൂട്ടറുകൾ കമ്പനിയുടെ സർവിസ് എഞ്ചിനീയർമാർ വിലയിരുത്തുകയും ബാറ്ററി, തെർമൽ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 



Tags:    
News Summary - Ola scooter tied donkey; This is a separate protest of the young man - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.