രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സർവിസ് കമ്പനിയായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ഈ വർഷം ജൂലൈയിൽ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. 400 നഗരങ്ങളിലായി ഒരു ലക്ഷം ചാർജിങ് പോയിന്‍റുകൾ ഉൾപ്പെടുത്തി ഹൈപ്പർചാർജർ നെറ്റ്‌വർക്ക് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ഓല. തമിഴ്‌നാട്ടിൽ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഫാക്ടറി സ്ഥാപിക്കുന്നതിന് 2,400 കോടി രൂപ നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫാക്ടറി പൂർത്തിയാകുമ്പോൾ പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണ കേന്ദ്രമായിരിക്കുമിത്. തുടക്കത്തിൽ വാർഷിക ശേഷി 2 ദശലക്ഷം യൂനിറ്റ് ആയിരിക്കും. 'ജൂണിൽ ഞങ്ങൾ ഫാക്ടറി തുറക്കും. 2 ദശലക്ഷം വാഹനങ്ങൾ നിർമിക്കാനുള്ള ശേഷി ഫാക്ടറിക്കുണ്ടാകും. ഫാക്ടറി സ്ഥാപിച്ചശേഷം ഒരു മാസത്തിനുള്ളിൽ സ്കൂട്ടർ വിപണിയിൽ എത്തിക്കും'- ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.
ഓല ഇ.വി
സ്റ്റൈലിഷ് ഇ.വി സ്കൂട്ടറാണ് ഓല. 1860 എം.എം ആണ് വാഹനത്തിന്‍റെ നീളം. 700 എം.എം വീതിയും 1155 എം.എം ഉയരവുമുണ്ട്. 1345 എം.എം ആണ് വീൽബേസ്. ആറ് കിലോവാട്ടിന്‍റെ ഇലക്ട്രിക് മോേട്ടാറാണ് സ്കൂട്ടറിനെ ചലിപ്പിക്കുക. ഊരിമാറ്റാൻ സാധിക്കുന്ന ബാറ്ററിയുടെ പരമാവധി റേഞ്ച് 240 കിലോമീറ്ററാണ്. 3.9 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽനിന്ന് 45 കി.മീറ്റർ വേഗത കൈവരിക്കാനാകും. 100 കിലോമീറ്ററാണ് പരമാവധി വേഗത. എൽ.ഇ.ഡി ഹെഡ്‌ലാമ്പും എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകളുമെല്ലാം വാഹനത്തെ കൂടുതൽ സ്റ്റൈലിഷാക്കി മാറ്റുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറി തമിഴ്‌നാട്ടിൽ നിർമിക്കുകയാണ് ഓല. 500 ഏക്കറിലായാണ് ഫാക്ടറി ഒരുക്കുന്നത്. പ്രാരംഭഘട്ടത്തിൽ പ്രതിവർഷം രണ്ട് ദശലക്ഷം യൂനിറ്റ് വാഹനങ്ങൾ ഇവിടെ നിർമിക്കും. ഓലയുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആഗോള ഉൽപാദന കേന്ദ്രമായി ഇവിടം മാറും. യൂറോപ്പ്, യു.കെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ആസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര വിപണികളിലേക്ക് ഇവിടെനിന്ന് വാഹനം കയറ്റുമതി ചെയ്യും. ആംസ്റ്റർഡാം ആസ്ഥാനമായ ഏറ്റെർഗൊ ബി.വി എന്ന കമ്പനിയെ കഴിഞ്ഞ മേയിൽ ഓല ഇലക്ട്രിക് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് വൈദ്യുത സ്കൂട്ടർ രൂപകൽപ്പനക്കും നിർമാണത്തിനുമുള്ള അധികശേഷി ഓലക്ക് ലഭിച്ചത്.
ഹൈപ്പർ ചാർജർ ശൃഘല
400 നഗരങ്ങളിൽ ഒരു ലക്ഷം ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കുന്ന വമ്പൻ പദ്ധതിയും ഓല പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഹൈപ്പർചാർജർ ശൃംഖല സ്ഥാപിക്കാനാണ് ഓലയുടെ നീക്കം. ചാർജിങ് സ്റ്റേഷനുകൾ ഓല ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായുള്ളതായിരിക്കും. വെറും 18 മിനുട്ട്കൊണ്ട് ഓല സ്കൂട്ടറുകൾ 50 ശതമാനം ചാർജ് ചെയ്യാൻ ഹൈപ്പർ ചാർജർ പോയിന്‍റുകൾവഴി സാധിക്കും.
ഹൈപ്പർചാർജർ ശൃംഖലയുടെ ഭാഗമായി ഇന്ത്യയിലെ 400 നഗരങ്ങളിലായി 1,00,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലുതും സാന്ദ്രവുമായ വൈദ്യുത ഇരുചക്ര വാഹന ചാർജിങ് ശൃംഖല ഇതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആദ്യ വർഷത്തിൽ 100 നഗരങ്ങളിലായി 5,000 ചാർജിങ് പോയിന്‍റുകൾ ആരംഭിക്കും. പിന്നീടിത് ഘട്ടംഘട്ടമായി വർധിപ്പിക്കും. രാജ്യത്ത് നിലവിലുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇൻഫ്രാസ്ട്രക്ചറിനെ ഇത് ഇരട്ടിയാക്കുമെന്ന് ഓല പറയുന്നു. തങ്ങളുടെ ഹൈപ്പർചാർജർ ശൃംഖല അതിവേഗ ഇരുചക്ര വാഹന ചാർജിങ് നെറ്റ്‌വർക്കായിരിക്കുമെന്നും ഓല അവകാശപ്പെടുന്നുണ്ട്.
ചാർജിങ് പോയിന്‍റിന് 18 മിനിറ്റിനുള്ളിൽ ഒരു ഓല ഇലക്ട്രിക് സ്കൂട്ടറിൽ 50 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. ഇതിലൂടെ വാഹനത്തിനെ 75 കിലോമീറ്റർ പരിധിയിലേക്ക് എത്തിക്കാനും കഴിയും. ഐടി പാർക്കുകൾ, മാളുകൾ, കഫേകൾ തുടങ്ങിയ സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ബാറ്ററിയുടെ ചാർജിങ് നില ഓല ഇലക്ട്രിക് ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോണിൽ കാണാൻ കഴിയും. ആപ്പ് ഉപയോഗിച്ച് വൈദ്യുതിക്ക് പണമടയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.