ലേകത്തിലെ ഏറ്റവും വലിയ യോട്ട് നിർമിക്കാനൊരുങ്ങി ആഡംബര ട്രെയിൻ സർവ്വീസ് കമ്പനിയായ ഓറിയന്റ് എക്സ്പ്രസ്സ്. ഫ്രഞ്ച് കമ്പനികളായ അക്കോറും ഷാന്റിയേ ഡി ലറ്റ്‌ലാന്റികെയും ചേര്‍ന്നാണ് സൈലൻസീസ് എന്ന് പോരുള്ള യോട്ട് നിര്‍മിക്കുന്നത്. യോട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നിട്ടുണ്ട്. കടൽയാത്രകളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായം എന്നാണ് യോട്ടിനെ ഓറിയന്റ് എക്സ്പ്രസ്സ് അധികൃതർ വിശേഷിപ്പിക്കുന്നത്.
അഴകളവുകൾ
220 മീറ്റര്‍ നീളം വരുന്ന ഓറിയന്റ് എക്‌സ്പ്രസ് സൈലൻസീസിൽ അതിഥികൾക്കായി 70 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള 54 സ്യൂട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വിധ ആഡംബര സൗകര്യങ്ങളോടും കൂടിയ 1,415 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള പ്രത്യേകം പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും കപ്പലിലുണ്ടാവും. പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് മാത്രമായി 530 ചതുരശ്ര മീറ്റര്‍ സ്വകാര്യ ടെറസും ലഭിക്കും. രണ്ട് നീന്തല്‍കുളങ്ങളും രണ്ട് റെസ്റ്ററന്റുകളും രണ്ട് ബാറുകളും ഒരുക്കും.
ആഡംബരത്തിന്റെ അവസാന വാക്ക്
പ്രൈവറ്റ് റെക്കോഡിങ് സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്ന കപ്പലില്‍ ഷോകള്‍ നടത്താനും റെക്കോഡിങിനും സൗകര്യമുണ്ട്. യാത്രക്കാര്‍ക്ക് സ്പാ, മെഡിറ്റേഷന്‍ സേഷനുകൾ, തുറമുഖത്ത് അടുപ്പിച്ച് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 'ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ഓറിയന്റ് എക്‌സ്പ്രസ് ൈസലന്‍സീസിലൂടെ ഞങ്ങള്‍ തുടങ്ങുന്നത്. ആഡംബര സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും മനോഹരങ്ങളായ സമുദ്രങ്ങളിലൂടെ യാത്ര ചെയ്യാനുള്ള അവസരമാണ് അതിഥികള്‍ക്ക് ലഭിക്കുക' ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ അക്കോറിന്റെ സിഇഒയും ചെയര്‍മാനുമായ സെബാസ്റ്റ്യന്‍ ബാസിന്‍ പറഞ്ഞു.
'2018ലാണ് ഞങ്ങള്‍ ഇങ്ങനെയൊരു ആശയത്തില്‍ പണി തുടങ്ങുന്നത്. കപ്പല്‍ നിര്‍മാണ ചരിത്രത്തിലെ പുതിയൊരു തുടക്കമാണിത്. യാത്രികര്‍ക്കുവേണ്ട എല്ലാ ആഡംബര സൗകര്യങ്ങളും ഞങ്ങളുടെ കപ്പലിലുണ്ടാവും. പ്രകൃതി വാതകം ഇന്ധനമാക്കിയാണ് സൈലന്‍സീസ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ പ്രകൃതിയോട് കൂടുതല്‍ ചേര്‍ന്നു നില്‍കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനവും രൂപകല്‍പനയും' ഷാന്റിയേ ഡി ലറ്റ്‌ലാന്റികെ എംഡി ലോറെന്റ് കാസ്‌റ്റെയ്ന്‍ഗ് പറഞ്ഞു.
ഓറിയന്റ് എക്‌സ്പ്രസ് സ്ഥാപകനായ ജോര്‍ജസ് നൈജല്‍ മൈക്കേഴ്‌സ് 1867ല്‍ ഒരു കപ്പല്‍ യാത്ര നടത്തിയിരുന്നു. യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചു കടന്നുകൊണ്ട് നടത്തിയ ജോര്‍ജസ് നൈജല്‍ മേക്കേഴ്‌സിന്റെ ആ യാത്രയുടെ സ്വാധീനത്തിലാണ് പിന്നീട് അദ്ദേഹം ഓറിയന്റ് എക്‌സ്പ്രസ് എന്ന ആഡംബര ട്രെയിന്‍ നിര്‍മാണ കമ്പനി ആരംഭിക്കുന്നത്.
‘സോളിഡ് സെയിൽ’ ഡിസൈൻ
സോളിഡ് സെയിൽ എന്ന് വിളിക്കുന്ന ഡിസൈനാണ് യോട്ടിന് നൽകിയിരിക്കുന്നത്. മൂന്ന് കൂറ്റൻ പായകൾ യോട്ടിൽ ഒരുക്കിയിട്ടുണ്ട്. 1500 മീറ്റർ ആണ് ഈ പായകളുടെ ഉപരിതല വിസ്തീർണ്ണം. അനുയോജ്യമായ കാലാവസ്ഥയിൽ യോട്ടിനെ ചലിപ്പിക്കാൻ ഈ പായകൾ മതിയാകും. യോട്ടിൽ ഒരു എൽ.എൻ.ജി എഞ്ചിനും ഉണ്ടായിരിക്കും. അനുമതി ലഭിക്കുകയാണെങ്കിൽ ഗ്രീൻ ഹൈഡ്രജൻ സാങ്കേതികവിദ്യയും യോട്ടിൽ ഉപയോഗിക്കും. പ്രശസ്ത ഇന്റീരിയർ ഡിസൈനറായ മാക്സിം ഡി അൻജിയാക് ആയിരിക്കും ഇന്റീരിയർ ഡിസൈൻ ഒരുക്കുക. ഏതാനും ആഴ്ചകള്‍ക്കകം യോട്ടിന്റെ നിര്‍മാണ കരാറില്‍ ഒപ്പിടുമെന്ന് കപ്പല്‍ നിര്‍മാണ കമ്പനിയായ ഷാന്റിയേ ഡി ലറ്റ്‌ലാന്റികെ അറിയിച്ചു. 2026 മാര്‍ച്ചില്‍ ഓറിയന്റ് എക്‌സ്പ്രസ് സൈലന്‍സീസിനെ നീറ്റിലിറക്കാനാണ് പദ്ധതി.
ഓറിയന്റ് എക്സ്പ്രസ്
1883 മുതൽ ആഡംബര ട്രെയിൻ യാത്രാ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് ഓറിയന്റ് എക്സ്പ്രസ്. യോട്ട് നിർമാണം കൂടാതെ ആഡംബര ഹോട്ടൽ രംഗത്തേക്കും കമ്പനി 2024ൽ ചുവടുവെയ്ക്കും. റോം, വെനീസ്, റിയാദ് തുടങ്ങിയ നഗരങ്ങളിലാവും ആദ്യഘട്ടത്തിൽ ഹോട്ടൽ നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.