അമിതവേഗതക്കും ഫാസ്​ടാഗിൽ നിന്ന്​ പിഴ ഈടാക്കും; പുതിയ സാധ്യതതേടി പൊലീസ്​ ഡിപ്പാർട്ട്​മെന്‍റ്​

ടോൾ പിരിവ്​ കൂടാതെ പിഴ ഈടാക്കാനും ഫാസ്​ടാഗ്​ ഉപയോഗിക്കാനുള്ള സാധ്യതതേടി കർണാടക പൊലീസ് ഡിപ്പാർട്ട്​മെന്‍റ്​. കര്‍ണാടകയില്‍ ഏറ്റവുമധികം വാഹനാപകടം നടക്കുന്ന ബെംഗളൂരു-മൈസൂരു അതിവേഗ പാതയിലാണ്​ പുതിയ പരിഷ്കാരത്തിന്‍റെ സാധ്യതകൾ തേടുന്നത്​. ഹൈവേയിൽ അമിതവേഗതകൊണ്ടുള്ള അപകടങ്ങൾ തുടർക്കഥയാണ്​. വാഹനങ്ങളുടെ അമിതവേഗത, ലെയ്ന്‍ തെറ്റിച്ചുള്ള മറികടക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും അപകടത്തിനുള്ള കാരണമായി വിലയിരുത്തുന്നത്. 100 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ അനുമതിയുള്ള പാതയില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തിലാണ് വാഹനങ്ങള്‍ ഓടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അമിതവേഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് ബെംഗളൂരു പോലീസ്.

ആറുവരി പാതയില്‍ 100 കിലോമീറ്റര്‍ വേഗം ലംഘിക്കുന്ന വാഹനങ്ങളിലെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍നിന്ന് പിഴ നേരിട്ട് ഈടാക്കാനുള്ള പദ്ധതിയാണ് പൊലീസ് ആലോചിക്കുന്നത്. അപകടം കുറയ്ക്കാനും പിഴ ശേഖരണം കൂടുതല്‍ ശക്തമാക്കാനുമുള്ള നടപടികള്‍ പൊലീസ് ആവിഷ്‌കരിച്ചു കഴിഞ്ഞു. ബെംഗളൂരു പൊലീസാണ് പദ്ധതി മുന്നോട്ടുവച്ചത്. മികച്ച ഡ്രൈവിങ് സംസ്‌കാരം ഉണ്ടാക്കാനും വാഹനങ്ങള്‍ നിയമം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും നിയമലംഘനം നടത്തുന്നവരുടെ പക്കല്‍ നിന്ന് കൃത്യമായി പിഴ ഈടാക്കാനും പദ്ധതി സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. നിലവില്‍ ഫാസ്ടാഗ് വഴി അടയ്ക്കുന്ന തുക നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്.

ഫാസ്റ്റാഗ് മുഖേന ഈടാക്കുന്ന പണം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. എന്നാല്‍, അമിതവേഗം പോലുള്ള നിയമലംഘനങ്ങളുടെ പിഴ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ സാധ്യതയും തേടുന്നുണ്ട്. അമിതവേഗം നിയന്ത്രിക്കാനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗമാണിതെന്നാണ് വിലയിരുത്തല്‍. ഇതിന് അംഗീകാരം ലഭിച്ചാല്‍ വൈകാതെ തന്നെ ഇത് പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചേക്കുമെന്നാണ് ബെംഗളൂരു പോലീസ് വിലയിരുത്തലുകള്‍. ബെംഗളൂരു - മൈസൂരു പാതയില്‍ വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളും ഇത്​ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

Tags:    
News Summary - Over speeding penalty may be deducted from fastag, karnataka police, Over speed in highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.