30 വർഷംകൊണ്ട് 16 ലക്ഷം കിലോമീറ്റർ ഓടി; വാഹന ഉടമയെ ആദരിക്കാൻ പുത്തൻ കാർ സമ്മാനം നൽകി കമ്പനി

ഒരു വാഹന കമ്പനിയുടെ കാർ 30 വർഷം കൊണ്ട് 16 ലക്ഷം കിലോമീറ്റർ ഓടിക്കുക. ഇദ്ദേഹത്തെ ആദരിക്കാൻ കമ്പനി തങ്ങളുടെ പുതുപുത്തൻ മോഡൽ സമ്മാനമായി നൽകുക. അങ്ങ് അമേരിക്കയിലാണ് സംഭവം. ജിം ഓ'ഷിയ ആണ് വോൾവോയുടെ 740 ജി.എല്‍.ഇ എന്ന മോഡൽ 30 വർഷമായി ഉപയോഗിക്കുന്നത്. ഇതിനകം 10 ലക്ഷം മൈൽ (16 ലക്ഷം കിലോമീറ്റർ) ദൂരം ഇദ്ദേഹത്തിന്റെ വാഹനം ഓടിക്കഴിഞ്ഞു.

ജിം കാർ വാങ്ങുന്നു

1991ലാണ് ജിം സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ 740 ജി.എല്‍.ഇ. സ്വന്തമാക്കുന്നത്. തന്റെ പിതാവുമായി വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വോള്‍വോ എന്ന വാഹനം വാങ്ങാൻ തീരുമാനിക്കുന്നത്. ഫോര്‍ഡിന്റെ വാഹനം വാങ്ങിയാല്‍ മതിയെന്നായിരുന്നു പിതാവിന്റെ ആവശ്യം. എന്നാല്‍, തനിക്ക് ഇഷ്ടം വോള്‍വോയുടെ കാറാണെന്ന് ജിം പിതാവിനോട് നിർബന്ധംപിടിക്കുകയായിരുന്നു.

വാഹനം വാങ്ങാനായി വോള്‍വോയുടെ ഡീലര്‍ഷിപ്പിലെത്തിയ ജിം അവിടെ വെച്ച് മറ്റൊരു വോള്‍വോ ഉടമയെ കണ്ടുമുട്ടി. വോള്‍വോ വാങ്ങാന്‍ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഈ വ്യക്തിയാണെന്ന് ജിം പറയുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള വോള്‍വോ അതിനകം 10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നും യാതൊരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞതോടെ ജിമ്മിന് കൂടുതല്‍ ആത്മവിശ്വാസമാകുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം 740 ജി.എല്‍.ഇ വാങ്ങുന്നത്. ഈ വാഹനത്തില്‍ അഞ്ച് ലക്ഷം മൈല്‍ പൂര്‍ത്തിയാക്കിയതോടെ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ സംവിധാനം എന്നിവ മാറ്റിയതാണ് എടുത്തുപറയത്തക്ക മാറ്റം.


1991-ല്‍ വാങ്ങിയ ഈ വോള്‍വോ 30 വര്‍ഷം പിന്നിട്ട് 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ 10 ലക്ഷം മൈല്‍ (ഏകദേശം 16 ലക്ഷം കിലോമീറ്റര്‍) സഞ്ചരിച്ച് കഴിഞ്ഞു. 30 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് യാതൊരു അപകടവും ഈ വാഹനത്തിന് സംഭവിച്ചിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയുടെ ഡ്രൈവിങ്ങില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വഴിത്തിരിവായി ഷോറും സന്ദർശനം

പ്രായമായതിന്റെ ലക്ഷണങ്ങള്‍ വാഹനത്തിന്റെ ബോഡിയില്‍ കാണിച്ച് തുടങ്ങിയപ്പോഴാണ് ജിം വീണ്ടും വോൾവോ ഡീലർഷിപ്പ് സന്ദർശിക്കാൻ തീരുമാനിച്ചത്. ബോഡി പാനലിലും മറ്റുമാണ് പ്രായത്തിന്റെ കേടുപാടുകള്‍ കണ്ടുതുടങ്ങിയത്. ഡീലർഷിപ്പുകാർ വാഹനത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ് വോള്‍വോ യു.എസ്.എ ഹെ​ഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ടു. തുടർന്നാണ് ഇവർ ജിമ്മിനെ ആദരിക്കാന്‍ തീരുമാനിച്ചത്.


30 വര്‍ഷംകൊണ്ട് വോള്‍വോയില്‍ 16 ലക്ഷത്തിലധികം സഞ്ചരിച്ച ജിമ്മിന് 2022 മോഡല്‍ വോള്‍വോ എസ്60 എന്ന ആഡംബര സെഡാന്‍ വാഹനം സമ്മാനമായി നല്‍കിയാണ് വോള്‍വോ യു.എസ്.എ ആദരിച്ചത്. വാഹനം സമ്മാനിച്ചിതിന് പുറമെ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാഹനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വോള്‍വോ വഹിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. വോള്‍വോയെ ഏറെ ഇഷ്ടപ്പെടുന്ന ജിം തനിക്ക് സമ്മാനമായി ലഭിച്ച എസ്60 കാറിലും പത്ത് ലക്ഷം മൈലുകള്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷയിലാണ്.

Tags:    
News Summary - Owner completes 16 Lakh Kms in his 1991 Volvo sedan: Volvo gifts him a new car [Video]

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.