ഏഷ്യാ കപ്പിലെ തീപാറും പോരാട്ടത്തിനിടയിൽ ട്രെൻഡിങ്ങായി ബാബർ അസമിന്‍റെ ഔഡി, ട്രോളി ഇന്ത്യക്കാർ

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പുരോഗമിക്കുമ്പോൾ ട്രെൻഡിങ്ങായി ഒരു വിഡിയോ. പാക്​ നായകൻ ബാബർ അസമിന്‍റെ വിഡിയോ ആണ്​ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ​നേടുന്നത്​. ബാബര്‍ തന്‍റെ പുതിയ കാർ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ഔഡിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് കാറാണ് ബാബറിന്‍റേത്​. തന്‍റെ കുടുംബം സമ്മാനമായി കാർ നൽകി എന്നാണ്​ താരം കുറിച്ചത്​.

പാകിസ്ഥാനില്‍ ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന ഔഡി ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ ബാബറിന്​ നൽകിയത്​ സഹോദരന്‍ ഫൈസല്‍ അസം ആയിരുന്നു. കുടുംബത്തിനും ക്രിക്കറ്റിനും ബാബര്‍ നല്‍കിയ സംഭാവനകള്‍ക്ക് സമ്മാനമെന്ന നിലയിലാണ് കാര്‍ സമ്മാനിച്ചതെന്നാണ് സഹോദരന്‍ പറയുന്നത്. ബാബര്‍ കാര്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫസല്‍ യൂട്യൂബില്‍ പങ്കുവെക്കുകയും ചെയ്തു. കാര്‍ കൈയ്യില്‍ കിട്ടിയ ബാബര്‍ അത് ടെസ്റ്റ് ഡ്രൈവ് നടത്തി. യൂട്യൂബ് വീഡിയോയില്‍ ‘എനിക്കിത് ശരിക്കും ഇഷ്ടപ്പെട്ടു’ എന്നും പറയുന്നുണ്ട്​.

ബാബറിന് സമ്മാനിക്കാന്‍ മനസ്സില്‍ കരുതിയിരുന്ന മറ്റ് കാര്‍ ഓപ്ഷനുകള്‍ വിവരിച്ച സഹോദരന്‍ അവസാനം വൈറ്റ് കളറിലുള്ള ഔഡി ഇ-ട്രോണ്‍ ജിടി ഉറപ്പിക്കുകയായിരുന്നുവെന്ന് വിഡിയോയില്‍ പറയുന്നു. ബാബറിന്റെ വിഡിയോ മൈക്രോ ബ്ലോഗിങ്​ സൈറ്റായ എക്‌സിലും (ട്വിറ്റര്‍) പ്രത്യക്ഷപ്പെട്ടു. അതിന് പിന്നാലെയാണ് ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകരെത്തിയത്.

ഔഡി ഇ-ട്രോണിന് ഇന്ത്യയില്‍ 2 കോടി രൂപ മാത്രമേ വിലയുള്ളൂവെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ബാബര്‍ ഓടിക്കുന്ന വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന് ചൂണ്ടിക്കാട്ടി മറ്റ് ചിലര്‍ അസമിനെ ട്രോളുന്നത്. 2015 മുതല്‍ ഔഡിയുടെ ബ്രാന്‍ഡ് അംബാസഡറായ കോഹ്‌ലി ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിങ്​ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളുടെയും ഭാഗമാണ്. കോഹ്​ലിയുടെ പാക്​ പതിപ്പാണ്​ ബാബർ എന്നാണ്​ ക്രിക്കറ്റ്​ ലോകത്തെ സംസാരം. ഇരു താരങ്ങളുടേയും ആരാധകർ പലപ്പോഴും സോഷ്യൽമീഡിയയിൽ ഏറ്റുമുട്ടാറുമുണ്ട്​. ഇതിന്‍റെ തുടർച്ചയാണ്​ ഇപ്പോഴത്തേത്​.


ഔഡി ഇ-ട്രോണ്‍ ജിടി

സ്ലീക്ക് ഡീസൈനിനൊപ്പം പവര്‍ഫുള്‍ പെര്‍ഫോമന്‍സ് കൊണ്ടും കട്ടിംഗ് എഡ്ജ് ടെക്‌നോളജിക്കും പേരുകേട്ട കാറാണ് ഔഡി ഇ-ട്രോണ്‍ ജിടി. രണ്ട് അസിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് കരുത്ത് പകരുന്ന 95 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് സൂപ്പര്‍കാറിന്റെ ചാലകശക്തി.

ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനായി ഓരോ ആക്‌സിലിലും ഒരു മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പവര്‍ട്രെയിന്‍ 402 bhp പവറും 664 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 484 കിലോമീറ്റര്‍ ആണ് ഇലക്ട്രിക് സൂപ്പര്‍ കാറിന്റെ റേഞ്ച്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ഈ ഔഡി ഇവി 5.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Tags:    
News Summary - Watch: Pakistan Captain Babar Azam Gets Audi E-Tron GT Worth PKR 8 Crore From His Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.