'ഇത് വരാഹി'; പവർ സ്റ്റാറിന്റെ അദ്ഭുതങ്ങൾ നിറഞ്ഞ പവർഫുൾ കാരവൻ

തെന്നിന്ത്യൻ സൂപ്പർതാരവും ജനസേന പാർട്ടിയുടെ നേതാവുമായ പവൻ കല്യാൺ തന്റെ പുതിയ കാരവന്റെ വിഡിയോ പുറത്തുവിട്ടു. വരാഹി എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് താരം പുറത്തുവിട്ടത്. വരുന്ന തിരഞ്ഞെടുപ്പിൽ തന്റെ പ്രചരണ വാഹനമായിരിക്കും ഇതെന്നാണ് പവൻ കല്യാൺ നൽകുന്ന സൂചന.

ആ​​​ന്ധ്രപ്രദേശിലെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് പവർ സ്റ്റാർ എന്ന് അറിയപ്പെടുന്ന പവൻ കല്യാൺ. അടുത്തവർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന പര്യടനത്തിന് വാഹനം ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. യാത്രയ്ക്കായ് ഈ കവചിത വാഹനം ഉപയോഗിക്കുമെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മിലിറ്ററിയിൽ ഉപയോഗിക്കുന്ന വിധത്തിലെ കവചിത വാഹനം പോലെ തോന്നിക്കുന്ന ട്രക്കിൽ അത്യാഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുർഗാദേവിയുടെ സപ്തമാതൃകകളുടെ വിളിപ്പേരായ വരാഹി എന്നാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. വാഹനം ഹൈദരാബാദിൽ പരീക്ഷണ ഓട്ടം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


വാഹനം രൂപകൽപന ചെയ്ത് പവന്റെ ആവശ്യങ്ങൾക്കായി കസ്റ്റം ചെയ്യുന്നതിന് നേതൃത്വം നൽകിയത് ജനസേനയുടെ മറ്റൊരു നേതാവായ തംഗല്ല ഉദയ് ശ്രീനിവാസ് നേരിട്ടായിരുന്നു. വാഹനത്തെ സംബന്ധിച്ച വിശദവിവരങ്ങളെല്ലാം പുറത്തറിയാതെയാണ് വാഹനം രൂപകൽപന ചെയ്തിട്ടുള്ളത്. ഉയർന്ന സുരക്ഷാ സന്നാഹങ്ങൾ, ഒപ്പം ആഡംബരവും ചേർത്ത വിധത്തിലാണ് നിർമാണം.

പവൻ കല്യാണിന്റെ പര്യടനങ്ങൾ നടക്കുന്ന മേഖലയിൽ വൈദ്യുതി വിതരണവും വെളിച്ചവും മുടക്കുന്നതുപോലെയുള്ള നടപടികൾ പ്രതീക്ഷിക്കുന്നതിനാൽ വാഹനത്തിൽ ഇതിനു പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി പറഞ്ഞു.

റാലികളെ അഭിസംബോധന ചെയ്യാനായി പ്രത്യേക ശബ്ദസംവിധാനവും വാഹനത്തിലുണ്ട്. അറിയിപ്പ് നൽകാനും പ്രസംഗിക്കാനും ഉപയോഗിക്കുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുള്ള ഈ സംവിധാനത്തിന് അധിക സ്പീക്കറുകൾ ആവശ്യമില്ല. ഇരു വാഹനത്തിനും സുരക്ഷ ക്യാമറകളുടെ നിരീക്ഷണവും ഉണ്ട്. അട്ടിമറി സാധ്യത ഉണ്ടായാൽ പിന്നീട് തെളിവ് ലഭിക്കുന്ന വിധത്തിൽ വാഹനത്തിന്റെ ചുറ്റുമുള്ള ദീർഘദൂര ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന വിധത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിൽ ക്രൂവിനെ കൂടാതെ 2 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഓഫിസ് മുറിയും ഒരുക്കിയിട്ടുണ്ട്.


Tags:    
News Summary - Pawan Kalyan ready for electoral battle with 'Varahi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.