സന്തോഷിക്കാൻ വര​ട്ടെ, വരുംനാളുകളിൽ ഇന്ധനവിലക്കയറ്റം രൂക്ഷമാകുമെന്ന്​ മുന്നറിയിപ്പ്​; കാരണം ഇതാണ്​

ഏറെക്കാലത്തെ ഇടവേളക്കുശേഷം രാജ്യത്ത് ഇന്ധന വില അൽപ്പം കുറഞ്ഞത്​ കഴിഞ്ഞ ദിവസമാണ്​. ഡീസല്‍ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് ആറ് രൂപ 57 പൈസയും കുറഞ്ഞു. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് വില കുറഞ്ഞത്. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു നടപടി. ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് പേരിനുമാത്രം കുറഞ്ഞത്​.


ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിക്കുണ്ടായ തോൽവി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം വില കുറക്കാൻ സർക്കാറിനെ നിർബന്ധിതരാക്കുകയായിരുന്നു. എന്നാൽ, ഈ വിലക്കുറവ്​ താൽക്കാലികം മാത്രമാണെന്നാണ്​ വിദഗ്​ധർ പറയുന്നത്​. വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നേക്കുമെന്നും ഇവർ കാരണങ്ങൾ നിരത്തി പറയുന്നു.


ആശ്വസിക്കാൻ വര​ട്ടെ

ലോകത്തെതന്നെ പ്രധാന എണ്ണ ഇറക്കുമതിക്കാരാണ് നമ്മുടെ രാജ്യം. ആഭ്യന്തര ആവശ്യത്തിന്റെ 86 ശതമാനം ഇന്ധനത്തിനും ഇന്ത്യ വിദേശ രാജ്യങ്ങളെയാണ്​ ആശ്രയിക്കുന്നത്​. എണ്ണ വിലയിൽ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ അതുകൊണ്ടുതന്നെ നമ്മെ ബാധിക്കും. അസംസ്‌കൃത എണ്ണയുടെ ബാരൽ നിരക്ക്, മറ്റ് ഘടകങ്ങൾക്ക് പുറമെ ഇന്ത്യയിലെ രണ്ട് ഇന്ധനങ്ങളുടെയും വിലയെ കാര്യമായി സ്വാധീനിക്കുന്നു. ഊർജ മേഖലയിലെ വിദഗ്​ധൻ നരേന്ദ്ര താൻജിയയും ഇക്കാര്യം ശരിവക്കുന്നു.


അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡിന്റെ വില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി താൻജിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസി അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 'ഡിമാൻഡിലും വിതരണത്തിലും അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴെല്ലാം വില വർധിക്കും. സൗരോർജ്ജം പോലെയുള്ള പുനരുപയോഗ/ഹരിത ഊർജ്ജ മേഖലകളെ സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നതിനാൽ എണ്ണ മേഖലയിലെ നിക്ഷേപത്തിന്റെ അഭാവമാണ് മറ്റൊരു കാരണം. വരുംമാസങ്ങളിൽ ക്രൂഡ് ഓയിലിന്റെ വില കാര്യമായി ഉയരാനും സാധ്യതയുണ്ട്'​ -അദ്ദേഹം പറഞ്ഞു.

ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷൻ) രാജ്യങ്ങൾ പെട്രോളിയം ഉത്​പ്പാദനം നിയന്ത്രിക്കു​േമ്പാൾ ക്രൂഡോയിൽ വില വർധിക്കുന്നത് സാധാരണയാണ്​. വിപണി സമ്മർദത്തിന് ഒപെകിനെയും സഖ്യകക്ഷികളെയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. നിലവിൽ, ക്രൂഡോയിൽ വില ബാരലിന് എണ്ണവില 80 ഡോളറിനടുത്താണ്​. 2022 ജൂണിൽ ഇത് 120 ഡോളറിലെത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പോലും പ്രവചിച്ചിട്ടുണ്ട്.


ഇപ്പോൾത​െന്ന ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന്​ ലോകം ക്രമേണ പുറത്തുവരികയാണ്​. എന്നാൽ ഉയർന്ന ഇന്ധന വിലകൾ പണപ്പെരുപ്പ സമ്മർദത്തിനും കാരണമാകുന്നുണ്ട്​. ഒരിക്കലും ഇത്​ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായിരിക്കില്ല. സമീപ ഭാവിയിലൊന്നും ഇതിന്​ ശാശ്വത പരിഹാരം ഉണ്ടാകാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു.

Tags:    
News Summary - Petrol, diesel prices may rise to new record levels in coming months. Here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.