കൗതുക വസ്തുക്കളുടെ വലിയ ശേഖരം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. മോഹൻലാലിന്റെ പുതിയ വസതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പഴയൊരു ലാംബ്രട്ട സ്കൂട്ടർ. താന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന സിനിമയിലെ നായക കഥാപാത്രം ഉപയോഗിച്ച വണ്ടിയായിരുന്നു അത്. ചിത്രം പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ ആ വാഹനം സ്വന്തമാക്കുകയായിരുന്നു.
മോഹൻലാലിന്റെ കുണ്ടന്നൂരുള്ള പുതിയ ഫ്ലാറ്റിന്റെ എൻട്രൻസില്‍ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം. നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഇതേ സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രം എന്ന് അടിക്കുറിപ്പോടെ സുപ്രിയയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തത്. എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ഫ്ലാറ്റില്‍ പൃഥ്വി എത്തിയത്.
കുണ്ടന്നൂരിലെ ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്. ഇട്ടിമാണിയിൽ ഉപയോഗിച്ചിരിക്കുന്ന സ്കൂട്ടറിന് നൽകിയിരിക്കുന്ന നമ്പർ എംഎൽ 2255 എന്നാണ്. രാജാവിന്റെ മകൻ സിനിമയിലെ പ്രശസ്ത ഡയലോഗായ 'മൈ ഫോൺ നമ്പർ ഈസ് 2255' നെ അനുസ്മരിപ്പിക്കുന്ന നമ്പരാണിത്. താന്‍ നായകനായ ജനഗണമനയുടെ വിജയാഘോഷ വേദിയില്‍ നിന്നാണ് പൃഥ്വി മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് എത്തിയത്. ജീത്തു ജോസഫ് ചിത്രം റാമിന്‍റെ വിദേശ ഷെഡ്യൂളിനായി മോഹന്‍ലാല്‍ ഉടൻ പുറപ്പെടും.
അതേസമയം ഈ വര്‍ഷം എത്തിയ തന്‍റെ രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് പൃഥ്വിരാജ്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ലീഗല്‍ ത്രില്ലര്‍ ചിത്രം ജനഗണമനയും ഷാജി കൈലാസ് സംവിധാനം ചെയ്‍ത മാസ് മസാല ചിത്രം കടുവയുമാണ് ആ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.