പ്രിഥ്വി കണ്ടു, ഇന്ദ്രൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു; മല്ലിക സുകുമാരന് കൂട്ടായി പുതിയ വാഹനം

പുതിയ വാഹനം സ്വന്തമാക്കി മലയാളികളുടെ പ്രിയ നടി മല്ലിക സുകുമാരന്‍. എം.ജി മോട്ടോർസിന്റെ ഹെക്ടറാണ് മല്ലിക വീട്ടിലെത്തിച്ചിരിക്കുന്നത്. എം.ജിയുടെ വിതരണക്കാരായ കോസ്റ്റ്‌ലൈനിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്. പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന്റെ വിഡിയോയും എം.ജി കോസ്റ്റ്‌ലൈൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ഹെക്റ്റർ പ്ലസ് 6 സീറ്റിന്റെ ഉയർന്ന വകഭേദമായ ഷാർപ്പ് ഡീസലാണ് താരം വാങ്ങിയത്. 2 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 170 പിഎസ് കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവലാണ് ഗിയർബോക്സ്. 20.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

'കൊച്ചുമക്കളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരെയും കൂട്ടി വാഹനത്തില്‍ കറങ്ങണം. പൃഥ്വിരാജും സുപ്രീയയും നേരത്തെ വന്നു വാഹനം കണ്ടിരുന്നു. ഇന്ദ്രജിത്താണ് തന്നെയും കൊണ്ട് ടെസ്റ്റ് ഡ്രൈവിന് പോയത്. വാഹനം എടുത്തതിന്റെ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുക്കണം' -മല്ലിക സുകുമാരൻ പറയുന്നു.


ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയായ എം.ജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ കഴിയുന്ന ഹെക്ടർ ലോഞ്ച് ചെയ്തപ്പെട്ടപ്പോൾ മുതൽ വാർത്തകളിൽ താരമാണ്. പിന്നീടാണ് ഹെക്ടറിന്റെ പുതിയ വകഭേദമായ ഹെക്ടർ പ്ലസ് പുറത്തിറക്കിയത്. ആറ് ഏഴ് സീറ്റ് വെർഷനുകളിൽ ഹെക്ടർ പ്ലസ് ലഭ്യമാണ്. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇന്റര്‍നെറ്റുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ ഹെക്ടറിനെ സഹായിക്കുന്നത്. പ്രത്യേക ഇന്‍ബില്‍ട്ട് സിം ഈ എസ്‌.യു.വിയിൽ ഉണ്ട്.

തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പൂർണ പിന്തുണയും ഹെക്ടറിലുണ്ട്. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടർ ലഭിക്കുക. മുൻപ് നടി ലെനയും എം.ജി ഹെക്ടർ സ്വന്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.