സ്വകാര്യ വാഹനങ്ങൾ പൊതു ഇടങ്ങളുടെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി. നാർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം നൽകിയിരിക്കുന്ന വിശദീകരണമനുസരിച്ച് സ്വകാര്യ വാഹനം 'പൊതുസ്ഥല'ത്തിന്‍റെ പരിധിയിൽ വരില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ നിരീക്ഷണം നടത്തിയത്.
എൻ.ഡി.പി.എസ് നിയമപ്രകാരം ശിക്ഷ വിധിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊതു സ്ഥലത്ത് ജീപ്പിൽ ഇരിക്കുന്നവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസാണ് കോടതി പരിഗണിച്ചത്. വിചാരണക്കോടതി പ്രതികളായ ബൂട്ടാ സിങ്, ഗുർദീപ് സിങ്, ഗുർമോഹിന്ദർ സിങ് എന്നിവരെ എൻ.ഡി.പി.എസ് നിയമപ്രകാരം 10 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇവരോട് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ആവശ്യെപ്പട്ടിരുന്നു.
സംശയാസ്പദമായ വാഹനം പ്രതി ഗുർദീപ് സിങ്ങിന്‍റെ സ്വകാര്യ വാഹനമാണെന്നും ഇത് പൊതുനിരത്തിൽ നിർത്തിയിരുന്നെങ്കിലും പൊതുസ്ഥലമല്ലെന്നും പ്രതികൾ സൂപ്രീം കോടതിയിൽ വാദിച്ചു. തെറ്റായ വകുപ്പിന് കീഴിൽ കുറ്റം ചുമത്തിയതിനാൽ പ്രതികളെ വെറുതേവിടുകയാണെന്നാണ് കോടതി പറഞ്ഞത്. എൻ.ഡി.പി.എസ് നിയമത്തിലെ സെക്ഷൻ 43 ൽ വിശദീകരിച്ചിരിക്കുന്നതുപോലെ പൊതു വാഹനം 'പൊതുസ്ഥലം' എന്ന പദപ്രയോഗത്തിൽ വരില്ലെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.