റോയൽ എൻഫീൽഡ് ബുള്ളറ്റിനെകുറിച്ച് 'എന്തും സാധ്യമാണ്' എന്നാണ് ആരാധകർ പറയുന്നത്. മലയും കാടും, മഞ്ഞും മരുഭൂമിയുമെല്ലാം താണ്ടിക്കടക്കാൻ ഒരു ബുള്ളറ്റ് മതി. ഇതിൽനിന്നെല്ലാം മുന്നോട്ടുപോയി ഒാടിക്കാൻ ആളില്ലെങ്കിലും ബുള്ളറ്റിന് അതൊരു പ്രശ്നമില്ല എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. പൂനെ–നാസിക് ഹൈവേയിലാണ് സംഭവം നടന്നത്. ഡ്രൈവറില്ലാതെ ബുള്ളറ്റ് പായുന്നതിെൻറ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കാൽനടയാത്രികനെ ഇടിച്ചശേഷം ബുള്ളറ്റ് ഓടിച്ചിരുന്നയാൾ തെറിച്ച് വീണതിന് പിന്നാലെയാണ് ബൈക്ക് ഡ്രൈവറില്ലാതെ 100 മീറ്ററോളം ഓടിയത്. നല്ല വേഗതയിൽ പാഞ്ഞ ബുള്ളറ്റിനെ കണ്ട് ആളുകൾ തലയിൽ കൈവയ്ക്കുന്നതും വീഡിയോയിൽ കാണാം. അപകടത്തിൽ ജനാർദൻ ദത്തു ഗഞ്ചെ (47) എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം നാരായൺഗാവിലാണ് അപകടം നടന്നത്. മുന്നോട്ടുപോയ ബുള്ളറ്റ് ഒരു ജീപ്പിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ മുന്നോട്ടുപോയി മറിയുകയായിരുന്നു.
സംഭവം മുഴുവൻ സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് നാരായൺഗാവ് പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ പൃഥ്വിരാജ് ടേറ്റെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.