‘എനിക്കിഷ്ടം റോയൽ എൻഫീൽഡ് അല്ല’; ഇഷ്ട വാഹനം ഏതെന്ന് വെളിപ്പെടുത്തി രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രക്കിടെ തന്റെ വാഹന കമ്പത്തെക്കുറിച്ചും ഇഷ്ട വാഹനത്തെക്കുറിച്ചും മനസുതുറന്ന് രാഹുൽ ഗാന്ധി. രാഹുലുമായി നടത്തിയ അഭിമുഖത്തിന്റെ വിഡിയോ യൂ ട്യൂബ് ചാനലിൽ പങ്കുവയ്ച്ചിട്ടുണ്ട്. ഏതൊക്കെ വാഹനങ്ങളാണ് ഇഷ്ടം, എങ്ങനെയുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് താല്‍പര്യം എന്നിവയെക്കുറിച്ചെല്ലാം രാഹുൽ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

ഇരുചക്ര വാഹനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് രാഹുല്‍ സംഭാഷണത്തിൽ മനസ്സു തുറക്കുന്നുണ്ട്. പുതു തലമുറയിലെ ഫോര്‍ സ്‌ട്രോക്ക് ബൈക്കുകളേക്കാള്‍ ടു സ്‌ട്രോക്ക് ബൈക്കുകളോടാണ് ഇഷ്ടം. ചെറുപ്പത്തില്‍ കൂടുതലും ടു സ്‌ട്രോക്ക് ബൈക്കുകളാണ് ഓടിച്ചത്. സുഹൃത്തുക്കളുടെ ലാംബ്രട്ട സ്‌കൂട്ടറും ഓടിച്ചിരുന്നു. പഴയ സ്‌കൂട്ടറുകളുടെ ഡിസൈനും അവ എളുപ്പത്തില്‍ ഓടിക്കാമെന്നതും ഇന്നും അവയോടുള്ള പ്രിയം കൂട്ടുന്നു. എൻഫീൽഡിന്റെ ഗാംഭീര്യത്തെക്കാൾ യമഹ ആര്‍ഡി 350യുടെ ചുറുചുറുക്കും വേഗവുമാണ് തനിക്കിഷ്ടമെന്നും രാഹുൽ പറഞ്ഞു.


റോയല്‍ എന്‍ഫീല്‍ഡിന്റെ വലിയ ആരാധകനല്ല താനെന്ന് രാഹുല്‍ പറയുന്നു. പഴയ ടു സ്‌ട്രോക്ക് യമഹ ആര്‍ഡി 350 യാണ് പ്രിയ ബൈക്ക്. ആര്‍ഡി 350യുടെ കരുത്തും വേഗവുമാണ് ചെറുപ്പത്തില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടങ്ങള്‍ക്കും ഈ അമിത കരുത്ത് കാരണമാവാറുണ്ട്. കോളജ് കാലത്ത് അപ്രീലിയ ആര്‍എസ് 250 ടുസ്‌ട്രോക്ക് മോട്ടോർ സൈക്കിളാണ് ഉപയോഗിച്ചിരുന്നത്.

യുകെയിലെ സര്‍വകലാശാലയിലാണ് രാഹുല്‍ ആദ്യം പഠിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പഠനം അമേരിക്കയിലേക്കു മാറ്റി. അക്കാലത്തെ കരുത്തുറ്റ ടു സ്‌ട്രോക് ബൈക്കുകളിലൊന്നായിരുന്നു അപ്രീലിയ ആര്‍എസ് 250.

തനിക്ക് സ്വന്തമായി കാറില്ലെന്നും രാഹുല്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടിയും നല്‍കിയ കാറുകളിലാണ് ഇതുവരെ യാത്ര ചെയ്തിട്ടുള്ളത്. മാത്രമല്ല, ഡ്രൈവിങ് അത്ര ഇഷ്ടവുമില്ല. അതിന്റെ പ്രധാന കാരണം ഡല്‍ഹി പോലുള്ള നഗരങ്ങളിലെ ഗതാഗതത്തിരക്കാണ്. എങ്കിലും അമ്മ സോണിയ ഗാന്ധിയുടെ ഹോണ്ട സിആര്‍- വി കുറച്ചു വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 

തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും രാഹുൽ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മുത്തശ്ശി ഇന്ദിര ഗാന്ധിയെ കുറിച്ചുള്ള ചോദ്യമാണ് വിവാഹത്തിൽ അവസാനിച്ചത്. ഉരുക്കു വനിതയായിരുന്ന​ല്ലോ ഇന്ദിര ഗാന്ധി, അവരുമായുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് അവർ ഉരുക്കു വനിത മാത്രമായിരുന്നില്ല, മിണ്ടാപ്പാവ എന്ന പേര് കൂടി ഉണ്ടായിരുന്നു. ആരെല്ലാം അങ്ങനെ പരിഹസിച്ചാലും അവർ എന്നും ഉരുക്കു വനിതയായിരുന്നെന്നും രാഹുൽ വ്യക്തമാക്കുന്നു.


ഇന്ദിരയെപ്പോലെ ഉരുക്കു വനിത ജീവിതത്തിലും ഉണ്ടാകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ച​പ്പോൾ, ആദ്യ രണ്ട് നിമിഷം രാഹുൽ നിശബ്ദനായി... പിന്നീട് ചിരിച്ചു കൊണ്ട് അത് വളരെ രസകരമായ ചോദ്യമാണെന്നും ഉരുക്ക വനിതയായ മുത്തശ്ശിയുടെ ഗുണഗണങ്ങൾക്കൊപ്പം തന്റെ അമ്മയുടെ ഗുണങ്ങൾ കൂടി തന്റെ പങ്കാളിക്ക് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.

ജീവിതത്തിന്റെ സ്നേഹമാണ് മുത്തശ്ശിയെന്നും തന്റെ രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞു. എപ്പോഴും യാത്ര ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. കാറിലും ബൈക്കിലും മറ്റും സഞ്ചരിക്കുന്നതിനേക്കാൾ സൈക്കിൾ ചവിട്ടി യാത്ര ചെയ്യാനാണ് താത്പര്യമെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Rahul Gandhi revealed his favorite vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.