'കണ്ടംചെയ്യൽ നയം' അഥവാ കുടം തുറന്നുവിട്ട ഭൂതം; വിനാശകരമാകുമോ വാഹന സ്വപ്​നങ്ങളുടെ ഭാവി?

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഏറ്റവുംകൂടുതൽ ചർച്ചചെയ്യപ്പെടുന്നത്​ പുതിയ സ്​ക്രാപ്പേജ്​​ പോളിസി അഥവാ കണ്ടംചെയ്യൽ നയമാണ്​. ഒരു നിശ്​ചിത കാലയളവിനുശേഷം വാഹനങ്ങൾ പൊളിച്ചുകളയുക എന്നതാണ്​ ലളിതമായി പറഞ്ഞാൽ കണ്ടംചെയ്യൽ നയംകൊണ്ട്​ ഉദ്ദേശിക്കുന്നത്​. ലോകത്താകമാനം പരിശോധിച്ചാൽ ഇതൊരു പുതിയ തുടക്കമാണെന്നൊന്നും പറയാനാകില്ല. നിരവധി ലോക രാജ്യങ്ങൾ ആവിഷ്​കരിച്ച്​ നടപ്പാക്കിയ പദ്ധതിയാണിത്​. മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും ഇത്തരമൊരു നയമുണ്ട്​. പലയിടത്തും പലതരം മാനദണ്ഡങ്ങളാണ്​ ഉപയോഗിക്കുന്നതെന്നുമാത്രം.


ഇന്ത്യയുടെ കണ്ടംചെയ്യൽ നയം

നിതിൻ ഗഡ്​കരി റോഡ്​ഗതാഗത ഹൈവേ മന്ത്രാലയത്തിൽ ചുമതക്കാരനായി എത്തിയതിനുശേഷമാണ്​ രാജ്യ​ത്തിന്‍റെ സ്​ക്രാപ്പേജ്​ പോളിസിയെപറ്റി കാര്യമായ ചിന്തകൾ ഉണ്ടായത്​. ഗഡ്​കരിയുടെ ഇഷ്​ട പദ്ധതികളിൽ ഒന്നായിരുന്നു ഇത്​. യഥാർഥത്തിൽ ഇതിനകംതന്നെ മന്ത്രാലയം ഒരു സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയിട്ടുണ്ട്​. അതുപക്ഷെ സർക്കാർ വാഹനങ്ങൾക്കു മാ​ത്രമാണ്​. 15 വർഷത്തിനുമുകളിൽ പഴക്കമുള്ളതും വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതുമായ കാറുകൾ ഡി-രജിസ്റ്റർ ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും.


സർക്കാർ വാഹനങ്ങൾക്കുള്ള സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതിനൊപ്പം മറ്റ്​ വാഹനങ്ങൾക്കുള്ള 'പൊളിക്കൽ നയം' വും റോഡ്​ഗതാഗത ഹൈവേ മന്ത്രാലം സമർപ്പിച്ചിരുന്നു. അതിനാണ്​ ഇപ്പോൾ ബജറ്റിലുടെ തത്വത്തിൽ അനുമതി ആയിരിക്കുന്നത്​. പാസഞ്ചർ വാഹനങ്ങൾക്ക്​ 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക്​ 15 വർഷവുമാണ്​ ഇനിമുതൽ ആയുസ്സ്​ ഉണ്ടാവുക. പദ്ധതിയുടെ വിപുലമായ നടത്തിപ്പിനെപറ്റിയൊന്നും മന്ത്രി പറഞ്ഞിട്ടില്ല. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക്​ വിധേയമാക്കി ഉപയോഗക്ഷമമല്ലാത്തവ നശിപ്പിക്കാനാണ്​ നീക്കം നടക്കുന്നത്​.

പ്രതീക്ഷിക്കുന്നത്​

പുതിയ നയത്തിലൂടെ ഒരുപാട്​ നേട്ടങ്ങൾ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്​. വാഹന വ്യവസായികൾ നയത്തെ സ്വാഗതം ചെയ്​തിട്ടുമുണ്ട്​. പഴയ വാഹനങ്ങൾ നീക്കംചെയ്യപ്പെടുന്നതോടെ തങ്ങളുടെ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്​ കമ്പനികൾക്കുള്ളത്​. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക്​ ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം. അതുകൊണ്ടുതന്നെ നയം നടപ്പാക്കുന്നതിന്​ നിരന്തരമായ ലോബിയിങ്​ ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്​. വാണിജ്യ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് നയം കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ വമ്പന്മരിൽ പലരും ഇതിനകം ന്ത്യൻ വിപണിയിൽ സ്‌ക്രാപ്പേജ് അവസരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

നയം അംഗീകരിച്ചുകഴിഞ്ഞാൽ ഇന്ത്യ ഒരു വാഹന കേന്ദ്രമായി മാറുമെന്നും വിലയിൽ കുറവുണ്ടാകുമെന്നും മന്ത്രി ഗഡ്കരി പറയുന്നു. പഴയ വാഹനങ്ങളിൽ നിന്നുള്ള റീസൈക്കിൾ മെറ്റീരിയലുകൾ വില കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ‌ ലോകത്തെല്ലായിടത്തുനിന്നും സ്ക്രാപ്പ് എടുക്കും. ഇവിടെഎല്ലാ പുതിയ മെറ്റീരിയലുകളും ഉപയോഗിക്കാൻ‌ കഴിയുന്ന വ്യവസായം ഉണ്ടാക്കും. ചെലവ് കുറയും. വ്യവസായം കൂടുതൽ‌ മത്സരാധിഷ്ഠിതമാകും. കൂടുതൽ‌ കയറ്റുമതി ഓർ‌ഡറുകൾ‌ ലഭിക്കും' ഗഡ്​കരിയുടെ പ്രതീക്ഷകൾ വലുതാണ്​. 1.45 ലക്ഷം കോടി രൂപയുടെ കയറ്റുമതിയോടെ 4.5 ലക്ഷം കോടി രൂപയുടെ വാഹന വ്യവസായത്തിന്‍റെ വിറ്റുവരവിന് കണ്ടം ചെയ്യൽ നയം ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു നേട്ടം പ്രതീക്ഷിക്കുന്നത്​ മലിനീകരണ നിയന്ത്രണത്തിലാണ്​. പഴയ വാഹനങ്ങൾ പിൻവലിക്കുന്നതോടെ കാർബൺ മലിനീകരണം കാര്യമായി കുറയും. ഇത്​ പരിസ്​ഥിതിക്ക്​ ഗുണംചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

വിനാശകരമാകുമോ?

ലോകത്ത്​ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയ രാജ്യങ്ങളിൽ അധികവും ലക്ഷ്യമിട്ടത്​ വാഹനവ്യവസായത്തിന്‍റെ ഉയർച്ച ആയിരുന്നില്ല എന്നതാണ്​ വാസ്​തവം. അവരെ സംബന്ധിച്ച്​ ഉയർന്നുവരുന്ന മലിനീകരണമായിരുന്നു വലിയ പ്രശ്​നം. പഴയ വാഹനങ്ങൾ എങ്ങിനെയെങ്കിലും നിരത്തുകളിൽ നിന്ന്​ പുറത്താക്കുക എന്നതാണ്​ ഈ രാജ്യങ്ങൾ ലക്ഷ്യമിട്ടിരുന്നത്​. ചൈന പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയതിൽ അധികവും വികസിത രാജ്യങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതാണ്​. ലക്ഷം ഡോളറിനുമുകളിൽ ശരാശരി വാർഷിക വരുമാനമുള്ള രാജ്യങ്ങളാണിത്​. തങ്ങളുടെ ഒരു മാസത്തെ ​േവതനം മതി അവർക്ക്​ ഒരു വാഹനം സ്വന്തമാക്കാൻ. പൗരന്മാരിൽ കുന്നുകൂടുന്ന പണം വിപണിയിലെത്തിക്കാനുള്ള തന്ത്രവുംകൂടിയായിരുന്നു അവർക്കെല്ലാം കണ്ടംചെയ്യൽ നയം.


ഇന്ത്യക്കാരെ സംബന്ധിച്ച്​ അവരുടെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ്​ വാഹനം സ്വന്തമാക്കുക എന്നത്​. അതിനായി വർഷങ്ങൾ കാത്തിരിക്കുകയും ലോണുകൾ എടുക്കുകയും ചെയ്​തിട്ടാണ്​ ആ സ്വപ്​നം സാക്ഷത്​കരിക്കുന്നത്​. ഈ സാഹചര്യത്തിലേക്ക്​ പുതിയൊരു 'പൊളിക്കൽ' നയം എത്തുന്നത്​ എത്രമാത്രം ഗുണംചെയ്യുമെന്ന്​ കണ്ടറിയണം. സെക്കൻഡ്​ ഹാൻഡ്​ വിപണിയുടെ തകർച്ച ഇതിനകംതന്നെ വിദഗ്​ധർ പ്രവചിച്ചുകഴിഞ്ഞിട്ടുണ്ട്​. പുതിയ വാഹനം വാങ്ങാൻ കഴിയാത്ത മനുഷ്യരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുന്നുണ്ട്​ കണ്ടംചെയ്യൽ നയം. വൻതോതിൽ വാഹനങ്ങൾ നിർമിച്ചതുകൊണ്ടുമാത്രം പ്രശ്​നങ്ങൾ പരിഹരിക്കപ്പെടുകയില്ല. നിർമിക്കുന്ന വാഹനം വാങ്ങാൻ പൗരന്മാരുടെ കയ്യിൽ പണം വേണമെന്നതും പ്രധാനമാണ്​.

വിനാശകരമാകുമോ പുതിയ സ്​ക്രാപ്പേജ്​ പോളിസി എന്നത്​ കാത്തിരുന്ന്​ കാണേണ്ടതാണ്​. രാജ്യത്തെ എല്ലാ പ്രശ്​നങ്ങളും പരിഹരിക്കേണ്ടത്​ പൗരന്‍റെ ചുമതലയാണ്​ എന്ന നയമാണ്​ സർക്കാർ നടപ്പാക്കുന്നതെന്ന്​ വിമർശകർ പറയുന്നു. വരുമാനം കുറഞ്ഞാൽ നികുതി കൂട്ടാമെന്നും അങ്ങിനെ പ്രശ്​നം പരിഹരിക്കാമെന്നതുമാണ്​ ലളിതയുക്​തി. പണ്ട്​ കറൻസി പിടിച്ചെടുത്തുപോലെ ഇപ്പോൾ വാഹനവും പിടിച്ചെടുക്കക എന്നതാണ്​ നയത്തിന്‍റെ ആകെ തുകയെന്നും ആരോപണമുണ്ട്​.  നികുതിക്കുമേൽ നികുതികളുമായി ഭാരം ചുമക്കുന്ന മനുഷ്യരായി പൗരന്മാർ മാറുകയാണെന്ന്​ ഇക്കൂട്ടർ ആരോപിക്കുന്നു. 

ഹരിതനികുതി

ഇതോടൊപ്പം ചേർത്തുവായികേകണ്ടതാണ്​ രാജ്യത്ത്​ ഗ്രീൻ ടാക്​സ്​ ഏർപ്പെടുത്താനുള്ള നീക്കം. പഴയ വാഹനങ്ങൾക്കാവും അധികമായി ഹരിത നികുതി​ നൽകേണ്ടിവരിക. പുതിയ നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ്​ മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്​. പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്​ നികുതി ഏർപ്പെടുത്തുന്നതിന്‍റെ ലക്ഷ്യമെന്ന്​ കേന്ദ്രം പറയുന്നു. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി ഈടാക്കാമെന്നാണ്​ പുതിയ നിർദ്ദേശം പറയുന്നത്​. റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും തുക.


വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഹരിത നികുതി ചുമത്താം. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ ഹരിതനികുതിയുടെ ശതമാനം റോഡ് നികുതിയുടെ 50 ശതമാനം വരെ ഉയരുമെന്നാണ്​ കരട്​ നിയമം പറയുന്നത്​. ഉപയോഗിക്കുന്ന ഇന്ധനത്തെയും വാഹന​േത്തയും അനുസരിച്ച് നികുതിയുടെ സ്ലാബ് വ്യത്യസ്തമായിരിക്കും. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജി, എത്തനോൾ, എൽ‌പി‌ജി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവക്ക് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ട്രാക്ടർ, ഹാർവെസ്റ്റർ, ടില്ലർ തുടങ്ങിയ വാഹനങ്ങൾക്കും ഇളവ് ലഭിക്കും.





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.