റിഷഭ് പന്ത് ഓടിച്ചിരുന്നത് ബെൻസ് ജി.എൽ.ഇ 43 എ.എം.ജി; നടുക്കുന്ന അപകട ദൃശ്യങ്ങൾ പുറത്ത് -വിഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകട വാർത്തയുടെ ഞെട്ടലിലാണ് കായികലോകം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തിലെത്തിയ മെഴ്സിഡീസ് ബെൻസ് ജി.എൽ.ഇ 43 കാർ ഡിവൈഡറിൽ ഇടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിഡിയോയിൽ കാറിന് തീപിടിക്കുന്നതും കാണാം. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം.

പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കു വരുന്ന വഴിയായിരുന്നു അപകടം. പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയ‌തോെട നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് താരം പൊലീസിനെ അറിയിച്ചത്. റോഡിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇടിച്ച വാഹനത്തിനു തീപിടിച്ചതോടെ ഗ്ലാസ് തകര്‍ത്താണു പന്ത് പുറത്തിറങ്ങിയത്. ഉടൻ തന്നെ പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അപകടം നടക്കുമ്പോൾ ഋഷഭ് പന്ത് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരുക്കുണ്ട്. കാലിൽ പൊട്ടലുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ ആശുപത്രിയിലേക്കു താരത്തെ മാറ്റിയിട്ടുണ്ട്. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ് പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കൽ പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് ഡെറാഡൂണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


മെഴ്സിഡീസ് ബെൻസ് ജിഎൽഇ 43 എഎംജി

മെഴ്സിഡീസ് ബെൻസിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് ജി.എൽ.ഇ 43 4 മാറ്റിക്ക്. 2017 മുതൽ 2020 വരെ ഇറങ്ങിയ മോഡലാണ് അപകടത്തിൽ പെട്ടത്. 3 ലീറ്റർ വി 6 ബൈ ടർബോ എൻജിനാണ് വാഹനത്തിൽ. 362 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് കാറിന്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന കാറിന്റെ ഉയർന്ന വേഗം 250 കിലോമീറ്റാണ്.

ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഓൾവീൽ ഡ്രൈവ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം ഈ വാഹനത്തിലുണ്ട്. നിലവിൽ ഈ മോഡല്‍ ഇന്ത്യൻ വിപണിയില്‍ വിൽക്കുന്നില്ല പകരം ജിഎൽഇ 53 എഎംജി, ജിഎൽഇ 63 എന്നീ മോഡലുകളാണുള്ളത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന കാറിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 1.50 കോടി രൂപയിലാണ്.

മാതാപിതാക്കളെ കാണുന്നതിനായാണ് ഋഷഭ് പന്ത് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. പന്തിനായി പ്രാർഥനയിലാണ് ക്രിക്കറ്റ് ലോകം. താരം എത്രയും വേഗം സുഖം പ്രാപിക്കെട്ട എന്ന് ആശംസിക്കുകയാണ് സഹതാരങ്ങളും മുൻതാരങ്ങളുമെല്ലാം.


Tags:    
News Summary - Rishabh Pant Crashed In Mercedes-AMG GLE43 Coupe. Know All About This Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.