കര്‍വിനെ കരുത്തുറ്റതാക്കുന്ന ‘അറ്റ്‌ലസ് വാസ്തുവിദ്യ’; പ്രാധാന്യം സുരക്ഷക്കും ഗുണനിലവാരത്തിനും

പുതിയ കര്‍വ് അവതരിപ്പിച്ചുകൊണ്ട് വാഹന രംഗത്ത് വലിയ വിപ്ലവത്തിനാണ് ടാറ്റ തുടക്കം കുറിച്ചിരിക്കുന്നത്. പ്രീമിയം ലുക്ക് കൊണ്ടും ഫീച്ചറുകള്‍ കൊണ്ടും സമ്പന്നമായ വാഹനം പുറത്തിറങ്ങി ദിവസങ്ങള്‍ കൊണ്ടുതന്നെ ആരാധകപ്രീതി സമ്പാദിച്ചു മുന്നേറുകയാണ്. പുതിയ ആര്‍ക്കിടെക്ചര്‍ അവതരിപ്പിച്ചുകൊണ്ടാണ് ടാറ്റ മോട്ടോര്‍സ് അതിന്റെ എസ്.യു.വി ലൈനപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. കൂപ്പെ എസ്.യു.വിയുടെ ഐ.സി.ഇ എൻജിന്‍ വേരിയന്റ് പുതിയ അഡാപ്റ്റീവ് ടെക് ഫോര്‍വേഡ് ലൈഫ് സ്‌റ്റൈല്‍ ആര്‍ക്കിടെക്ചര്‍ (അറ്റ്‌ലസ്) അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നത്. ഇലക്ട്രിക് വേരിയന്റില്‍ ആക്ടിവ് ഇ.വി പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോള്‍ ഐ.സി.ഇ പതിപ്പിന് പുതിയ അറ്റ്ലസ് പ്ലാറ്റ്ഫോം ആയിരിക്കും ഉണ്ടാവുക.

കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ വാഹന എൻജിനീയറിങ്ങാണ് ഇത്. ഈ സംവിധാനത്തില്‍ സുരക്ഷക്കും ഗുണനിലവാരത്തിനും പ്രാധാന്യം നല്‍കുന്ന സാങ്കേതികവിദ്യയാണ് നല്‍കിയിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ സമ്മര്‍ദം വരുമ്പോള്‍ ഭാരം തുല്യമായി വിതരണം ചെയ്യപ്പെടുന്നതുകൊണ്ട് വാഹനത്തിന്റെ സുരക്ഷയും യാത്രസുഖവും ഉറപ്പുനല്‍കുന്നു. ബള്‍ക്ക്‌ഹെഡ് അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ടാറ്റ മോട്ടോഴ്സിന്റെ വിപുലീകരിക്കുന്ന പോര്‍ട്ട്ഫോളിയോയിലെ വാസ്തുവിദ്യയാണിത്. കൂടാതെ കമ്പനിയില്‍ നിന്നുള്ള എല്ലാ ഭാവി എസ്.യു.വികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നെക്‌സോണിനോട് വളരെ സാമ്യമുള്ള ഡിസൈനാണ് കൂപ്പെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിനുള്ളതെങ്കിലും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പ സ്‌റ്റൈലിംഗ് എതിരാളികളില് നിന്നും വേറിട്ടുനില്‍ക്കാന്‍ കര്‍വിനെ സഹായിക്കും. പുറംമോടിയില്‍ കാണുന്ന പ്രീമിയം ലുക്ക് അകത്തളത്തിലും ഉറപ്പുവരുത്തിക്കൊണ്ടാണ് എസ്.യു.വി പണികഴിപ്പിച്ചിരിക്കുന്നത്. ബര്‍ഗണ്ടി, ബ്ലാക്ക് കോമ്പിനേഷനിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത് എന്നതിനാല്‍ പ്രീമിയം ഫീലും വാഹനത്തിന് ലഭിക്കുന്നു. ഓഗസ്റ്റ് ഏഴിന് ടാറ്റ മോട്ടോർസ് കര്‍വ് ഇ.വിയുടെ വില പ്രഖ്യാപിച്ചെങ്കിലും പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന് നടക്കുമെന്നാണ് കരുതുന്നത്.

സ്പ്ലിറ്റ് ഹെഡ് ലാമ്പുകള്‍, എല്‍.ഇ.ഡി ഡി.ആർ.എല്ലുകള്‍, എല്‍.ഇ.ഡി ഹെഡ് ലൈറ്റുകള്‍, മുന്നിലും പിന്നിലും എല്‍.ഇ.ഡി ലൈറ്റ് ബാറുകള്‍, ഫ്ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍, ചരിഞ്ഞ റൂഫ്ലൈന്‍, റൂഫ്-ഫിറ്റഡ് സ്പോയിലര്‍, 18 ഇഞ്ച് അലോയ് വീലുകള്‍, എന്നിവയെല്ലാം ടാറ്റ കര്‍വിനെ മനോഹരമാക്കുന്നു. ഡേടോണ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ഫ്‌ലേം, ഓപ്പറ ബ്ലൂ, പ്യുവര്‍ ഗ്രേ, ഗോള്‍ഡ് എസെന്‍സ് എന്നിങ്ങനെ 6 കളര്‍ ഓപ്ഷനുകളാവും കൂപ്പെ എസ്.യു.വിയില്‍ ഒരുക്കുക. സ്മാര്‍ട്ട്, പ്യുവര്‍ പ്ലസ്, ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ് എസ്, അക്കംപ്ലിഷ്ഡ് എസ്, അക്കംപ്ലിഷ്ഡ് പ്ലസ് എ എന്നിങ്ങനെ ആറ് വേരിയന്റുകളിലാവും ടാറ്റ കര്‍വ് തെരഞ്ഞെടുക്കാനാവുക.

 

ജെസ്റ്റര്‍ കണ്‍ട്രോള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, റിക്ലൈനിംഗ് റിയര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവക്കൊപ്പം സെഗ്മെന്റ് ഫസ്റ്റ് പവേഡ് ടെയില്‍ ഗേറ്റും ടാറ്റ കര്‍വിന് ലഭിക്കുന്നു. ആറ് എയര്‍ബാഗുകള്‍, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ടി.പി.എം.എസ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നീ സേഫ്റ്റി ഫീച്ചറുകളും കര്‍വിന്റെ ഭാഗമാണ്. ഫോര്‍ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ ഡിസ്‌പ്ലേ, ഓട്ടോ ഡിമ്മിങ് ഐ.ആര്‍.വി.എം, വയര്‍ലെസ് ചാര്‍ജര്‍, എസ്.ഒ.എസ് കോള്‍, റിയര്‍ എ.സി വെന്റുകള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, എയര്‍ പ്യൂരിഫയര്‍, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകളും വൈപ്പറുകളും എന്നീ സവിശേഷതകളും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

മൂന്ന് എൻജിന്‍ ഓപ്ഷനുകളിലാവും ടാറ്റ കര്‍വ് സ്വന്തമാക്കാനാവുക. അതില്‍ നെക്‌സോണില്‍നിന്നുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഹൈപ്പീരിയോണ്‍ എന്നുവിളിക്കുന്ന പുതിയ 1.2 ലിറ്റര്‍ ജി.ഡി.ഐ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.5 ഡീസല്‍ എന്നിവയാണ് കൂപ്പെ എസ്.യു.വിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ചോയ്സുകളില്‍ മൂന്ന് എൻജിനുകളും ആറ് സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഒപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്.

Tags:    
News Summary - Tata Motors reveals new ATLAS platform for future cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.