'ഗൂഗിൾ മാപ്പ് ചതിച്ചാശാനേ' എന്നത് നെറ്റിസൺസിെൻറ സ്ഥിരം വിലാപങ്ങളിൽ ഒന്നാണ്. മാപ്പ് ചതിച്ച ഒന്നിലധികം കഥകൾ എല്ലാ ഡ്രൈവർമാർക്കും പറയാനും ഉണ്ടാകും. ഇതിനൊരു പരിഹാരം നിർദേശിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. 'മൂവ്'(move) എന്ന പേരിലുള്ള പുതിയൊരു ആപ്പാണ് നമ്മുടെ കഥാനായകൻ. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH), ഐ.ഐ.ടി മദ്രാസ്, ഡിജിറ്റൽ ടെക് കമ്പനിയായ മാപ്‌മൈ ഇന്ത്യ എന്നിവർ സഹകരിച്ചാണ് മൂവ് അവതരിപ്പിച്ചിരിക്കുന്നത്.
വഴികാണിക്കുകയും ഗതാഗത കുരുക്കുകൾ നേരത്തേ അറിയിക്കുകയും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന സൗജന്യ നാവിഗേഷൻ ആപ്പാണ് മൂവ്. അപകട സാധ്യതയുള്ള മേഖലകൾ, സ്പീഡ് ബ്രേക്കറുകൾ, കൊടും വളവുകൾ, കുഴികൾ എന്നിവയെക്കുറിച്ച് ശബ്ദവും ദൃശ്യപരവുമായ അലർട്ടുകൾ നൽകാൻ ഇൗ ആപ്പ് പ്രാപ്തമാണ്. അപകടമേഖലകൾ, സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ, റോഡ്, ട്രാഫിക് പ്രശ്നങ്ങൾ എന്നിവ മാപ്പുവഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാർക്കും അധികാരികൾക്കും സൗകര്യമുണ്ടായിരിക്കും. മാപ് മൈ ഇന്ത്യ വികസിപ്പിച്ച സൗജന്യ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യവുമാണ്.
2020-ൽ നടത്തിയ സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചാണ് മൂവ് ഒൗദ്യോഗിക അംഗീകാരം നേടിയത്. ലോകബാങ്കിന്റെ ധനസഹായത്തോടെ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ സൃഷ്ടിച്ച ഡാറ്റ അധിഷ്ഠിത റോഡ് സുരക്ഷാ മാതൃക കഴിഞ്ഞ മാസം റോഡ് മന്ത്രാലയം അംഗീകരിച്ചിരുന്നു. ഇൗ ഡേറ്റബേസും മൂവിെൻറ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തും.
32-ലധികം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും റോഡുകൾ സുരക്ഷിതമാക്കാനും എമർജൻസി സർവ്വീസ് മെച്ചപ്പെടുത്താനും ഐഐടി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ് ഡാറ്റാബേസ് (iRAD) മോഡൽ ഉപയോഗിക്കും. 2030-ഓടെ റോഡ് മരണനിരക്ക് 50 ശതമാനം കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിെൻറ ലക്ഷ്യം. ഇതിനുള്ള റോഡ് മാപ്പ് വികസിപ്പിക്കാൻ സഹായിക്കുന്നതിന് വിവിധ സംസ്ഥാന സർക്കാരുകളുമായി ഐഐടി സംഘം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.