1986 ലെ ബുള്ളറ്റിന്റെ വില എത്രയാകും; ബിൽ കണ്ട് ഞെട്ടി നെറ്റിസൺസ്

റോയൽ എൻഫീൽഡ് ബുള്ളറ്റ് ഒരുപാട് യുവാക്കളുടെ ഹൃദയം കവർന്ന വാഹനമാണ്. നൂറിലധികം വർഷ​െത്ത പാരമ്പര്യമുള്ള വാഹന നിർമാതാക്കൾ കൂടിയാണ് എൻഫീൽഡ്. ഈ ബ്രിട്ടീഷ് കമ്പനിയുടെ ആദ്യകാല മോഡലുകളിൽ ഒന്നാണ് ബുള്ളറ്റ്. വാഹന ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മോട്ടോര്‍ബൈക്ക് ഡിസൈനായ ബുള്ളറ്റ് നിര്‍മ്മിച്ചത് ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ റെഡ്ഡിച്ചിലെ എന്‍ഫീല്‍ഡ് സൈക്കിള്‍ കമ്പനിയാണ്. 1901-ല്‍ അവര്‍ ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചു.

പതിറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിലുള്ള ആളുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വാങ്ങുന്നുണ്ട്. ഐഷര്‍ മോട്ടോഴ്സ് ലിമിറ്റഡിന്റെ ഭാഗമായ മദ്രാസ് മോട്ടോര്‍സ് ഇംഗ്ലീഷ് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ലൈസന്‍സ് നേടിയാണ് ഇന്ത്യയിൽ വാഹനം നിർമിച്ചുതുടങ്ങിയത്. ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയ ബൈക്കുകളിലൊന്നാണ് എൻഫീൽഡ്. ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയിലാണ് കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റുകള്‍. ഏറെ കാലമായി നിരത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ മോഡല്‍ കൂടിയാണിത്. ഐതിഹാസിക ബൈക്ക് എന്ന പേര് സ്വന്തമാക്കിയ മോട്ടോര്‍സൈക്കിളിനെ റോഡുകളില്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകും എന്നതിനാല്‍ തന്നെ ഇതിന് ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 വര്‍ഷങ്ങളായി കുറച്ച് സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും അതിന്റെ രൂപവും ഭാവവും നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. ഇത്രയും ചിരിത്രം പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രത്തെക്കുറിച്ച് പറയാനാണ്. റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റിന്റെ പഴയൊരു വില്‍പ്പന ബില്ലിന്റെ ചിത്രമാണ് ഇത്തരത്തിൽ വൈറലായത്. 18,700 രൂപയ്ക്ക് വിറ്റ ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ ഡീലര്‍ഷിപ്പില്‍ നിന്നുള്ള ഒരു ബില്ലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടത്.


1986 ജനുവരി 23 നാണ് ബുള്ളറ്റ് വാങ്ങിയതെന്ന് ബിൽ പറയുന്നു. അക്കാലത്ത് കമ്പനിയെ എന്‍ഫീല്‍ഡ് എന്ന് മാത്രമേ വിളിച്ചിരുന്നുള്ളൂ. ആര്‍എസ് എന്‍ജിനീയറിങ് ഇന്‍ഡസ്ട്രീസ് എന്ന പേരിലാണ് ബില്‍ നല്‍കിയത്. കൈ കൊണ്ട് എഴുതിയതാണ് ബില്‍. ഏറ്റവും കൂടുതല്‍ കാലം നിലനിന്നിരുന്ന സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് 350 സി.സിയാണ് വിറ്റ മോഡല്‍. ഈ മോട്ടോര്‍സൈക്കിള്‍ അതിന്റെ തുടക്കം മുതല്‍ കമ്പനിയുടെ നിരയില്‍ വളരെ പ്രധാനപ്പെട്ട ഒരു ബൈക്കാണ്.

ഝാര്‍ഖണ്ഡിലെ ബൊക്കാറോ സ്റ്റീല്‍ സിറ്റിയിലെ കോത്താരി മാര്‍ക്കറ്റില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന സന്ദീപ് ഓട്ടോ കമ്പനിയാണ് ഡീലര്‍ഷിപ്പെന്ന് ബില്ലില്‍ പറയുന്നു. ബില്ലിന് മുകളില്‍ ഒറിജിനല്‍ എന്‍ഫീല്‍ഡ് ലോഗോ ഉണ്ടായിരുന്നു. ബില്ലിലെ ഓണ്‍-റോഡ് തുക 18,800 രൂപയായി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഡിസ്‌കൗണ്ടോ മറ്റോ നല്‍കിയതിനാല്‍ 250 രൂപ കുറഞ്ഞു. 150 രൂപ കൂടി ചേര്‍ത്തതോടെ അവസാന തുക 18,700 രൂപയായി. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റ് 350-ന്റെ ഓണ്‍റോഡ് വില ഏകദേശം 1.7 ലക്ഷം രൂപയാണെന്ന് ഓര്‍ക്കണം.

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം പുതിയ ഭരണാധികാരികള്‍ സൈന്യത്തിന് അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ അനുയോജ്യമായ ഒരു മോട്ടോര്‍ ബൈക്ക് തേടിയിരുന്നു. അതിനാണ് ബൈക്ക് ആദ്യം നിർമിച്ചത്. 1952-ല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യമായ മികച്ച മോട്ടോര്‍സൈക്കിളായി നിര്‍ണയിക്കപ്പെട്ടു. 350 സിസി മോഡലുകളില്‍ 800 എണ്ണം സര്‍ക്കാര്‍ 1954-ല്‍ വാങ്ങി. റെഡ്ഡിച്ച് ബിസിനസ്സ് മദ്രാസ് മോട്ടോഴ്സുമായി ചേര്‍ന്ന് 1955-ല്‍ മദ്രാസില്‍ 'എന്‍ഫീല്‍ഡ് ഇന്ത്യ' സൃഷ്ടിച്ചു. ലൈസന്‍സിന് കീഴില്‍ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ബൈക്ക് നിര്‍മ്മിച്ചു. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമ്പനി ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വിജയകരമായ ഇരുചക്ര വാഹന ബ്രാന്‍ഡുകളിലൊന്നായി മാറിയിരിക്കുന്നു.

Tags:    
News Summary - Royal Enfield Bullet 350cc Priced At Rs 18,700: Bill From 1986 Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.