റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിനെ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച് സി.ഇ.ഒ വിനോദ് ദസാരി പടിയിറങ്ങുന്നു. രണ്ടര വർഷം സി.ഇ.ഒ പദവിവഹിച്ച ശേഷമാണ് ദസാരിയുടെ മടക്കം. റോയലിെൻറ ഉടമകളായ െഎഷറിെൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നുകൂടിയാണ് അദ്ദേഹം വിരമിക്കുന്നത്. 2013 മുതൽ ചീഫ് ഒാപ്പറേറ്റിങ് ഒാഫീസറായി റോയലിൽ പ്രവർത്തിക്കുന്ന ഗോവിന്ദരാജനാകും ദസാരിക്ക് പകരം സി.ഇ.ഒ പദവിവഹിക്കുക. ഐഷർ മോട്ടോഴ്സിൽ മുഴുവൻ സമയ ഡയറക്ടറായും അദ്ദേഹം ഇതോടൊപ്പം ചുമതലയേൽക്കും.
'രണ്ടര വർഷമായി റോയൽ എൻഫീൽഡുമൊത്തുള്ള അവിസ്മരണീയ യാത്രയിലായിരുന്നു. ഇതിനിടെ സമാനതകളില്ലാത്ത ഒരു പകർച്ചവ്യാധിയിലൂടെ നാം കടന്നുപോയി. പകർച്ചവ്യാധിക്കാലത്ത് നിരവധി ഡിജിറ്റൽ അധിഷ്ഠിത പരിഹാരങ്ങൾ ഞങ്ങൾ ആരംഭിച്ചു. ഇന്ത്യയ്ക്ക് പുറത്ത് ഗണ്യമായ സ്ഥാനം നേടാനും റോയലിനായി. ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ ഞങ്ങൾ അത്ഭുതകരമായ യാത്രയാണ് നടത്തിയത്. ഇതിൽ ഭാഗമായതിൽ ഞാൻ സന്തുഷ്ടനാണ്'-തെൻറ തീരുമാനത്തെക്കുറിച്ച് ദസാരി പറഞ്ഞു.
ആരോഗ്യ രംഗത്താവും ഇനി തെൻറ പ്രവർത്തനമെന്ന് വിനോദ് ദസാരി പറയുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ആരോഗ്യ പരിപാലന സൗകര്യങ്ങൾ കെട്ടിപ്പടുക്കുകയാണ് ദസാരിയുടെ പുതിയ ലക്ഷ്യം. ഇതിനായി അദ്ദേഹം അടുത്തിടെ ചെന്നൈയിൽ ആശുപത്രി സ്ഥാപിച്ചിരുന്നു.
'വിനോദ് െഎഷറിന് കാര്യമായ സംഭാവനകൾ നൽകി. ഉപഭോക്താവിനെ അഭിമുഖീകരിക്കുന്ന ഡിജിറ്റൽ സംവിധനങ്ങൾ, നെറ്റ്‌വർക്ക് വിപുലീകരണം, നിരവധി പുതിയ സേവനങ്ങളും പരിഹാരങ്ങളും അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ എന്നിവ ഒരുക്കാനും കമ്പനിയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനായി'-ദസാരിയുടെ തീരുമാനത്തെക്കുറിച്ച് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ സിദ്ധാർഥ ലാൽ പറഞ്ഞു.
വിനോദ്.കെ.ദസാരിയുടെ കരിയർ
1986ൽ ജനറൽ ഇലക്ട്രിക്കിലാണ് അദ്ദേഹം തെൻറ കരിയർ ആരംഭിച്ചത്. 2005 ൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി അശോക് ലെയ്‌ലൻഡിൽ ചേർന്നു. റോയൽ എൻഫീൽഡിൽ ചേരുന്നതിന് മുമ്പ്, 2011 മുതൽ വിനോദ് അശോക് ലെയ്ലൻഡിെൻറ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്നു. 2015 മുതൽ 2017 വരെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിെൻറ (സിയാം) പ്രസിഡൻറായും 2013 മുതൽ 2015 വരെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പ്രസിഡൻറായും ദസാരി സേവനമനുഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.