റോയൽ എൻഫീൽഡ് െബക്ക് വാങ്ങണമെന്നുണ്ടോ. ആദ്യം അറിയേണ്ടത് നിങ്ങൾ മഹാരഥന്മാർ സഞ്ചരിച്ച വഴിയിലൂടെയാണ് സഞ്ചരിക്കാൻ പോകുന്നത് എന്നാണ്. 120 വർഷത്തെ പാരമ്പര്യത്തിലേക്കാണ് നിങ്ങൾ റോയലിലൂടെ കാലെടുത്തുവയ്ക്കുന്നത്. യുദ്ധങ്ങളുടെ ചോരപുരണ്ട വഴികൾ അതിലുണ്ട്, സഞ്ചാരികളുടെ ചരിത്രംപേറുന്ന വഴികളും. അങ്ങ് ഹിമാലയം മുതൽ ഇങ്ങ് കന്യാകുമാരിവരെ സഞ്ചരിക്കാനുതകുന്ന വാഹനമാണ് നിങ്ങൾ സ്വന്തമാക്കുന്നത്.
ആധുനിക കാലത്തും റോയൽ വന്നവഴിയുടെ പ്രൗഡി ഉപേക്ഷിച്ചിട്ടില്ല. എങ്കിലും ഒരു ഹീറോ ഹോണ്ട സ്പ്ലെൻഡർ വാങ്ങുന്ന ലാഘവത്തോടെ വാങ്ങാവുന്ന ബൈക്കല്ല ഇത്. പണമുണ്ട് എന്നുകരുതിയും റോയൽ വാങ്ങാതിരിക്കുക. റോയലിനോട് പെരുമാറേണ്ടവിധം പെരുമാറിയാൽ അവൻ നിങ്ങൾക്ക് വിളക്കും വഴികാട്ടിയുമാകും. ഇല്ലെങ്കിൽ ബാധ്യതയും ഭാരവുമാകും.
റോഡിൽ പറപ്പിക്കാൻ റോയലിനെ വാങ്ങരുത്
വെട്ടിത്തിരിഞ്ഞും വട്ടംകറക്കിയും റോഡിൽ മിന്നിക്കാനുള്ള വാഹനമല്ല റോയൽ എൻഫീൽഡ്. അതിനിവിടെ ഡ്യൂക്കും യമഹയും കാവാസാക്കിയുമൊക്കെ ഉണ്ട്. റോയൽ എൻഫീൽഡുകൾ നല്ല ഒന്നാന്തരം ടൂറിങ് ക്രൂസറുകളാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി മുറുകിവരുന്ന മേളപ്പെരുക്കംപോലെ സുന്ദരമാണ് ഒാരോ എൻഫീൽഡ് യാത്രകളും. വെടിക്കെട്ടും താലപ്പൊലിയുമൊക്കെ അതിന്പുറത്താണ് നടക്കുന്നത്.
ലോങ് എൻഡ് ടോർക്കിന് പേരുകേട്ട ലോംഗ് സ്ട്രോക്ക് എഞ്ചിനുകളാണ് ഇൗ കൂറ്റന്മാർക്ക് കരുത്തുപകരുന്നത്. ക്ലാസിക് 350 ന് 19.3 പിഎസ് മാത്രമേ ഉള്ളൂവെങ്കിലും 28 എൻഎം എന്ന മികച്ച ടോർക് ഉണ്ടെന്നത് മറക്കരുത്. മികച്ച ടോപ്പ് സ്പീഡോ ആക്‌സിലറേഷനോ ഇവർക്ക് ഉണ്ടാകണമെന്നില്ല. പക്ഷേ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ ക്രൂസ് ചെയ്യുന്നതാണ് ഇതിൽ സഞ്ചരിക്കുന്നവരുടെ ആഹ്ലാദം. അത് ഇഷ്ടപ്പെടുന്നവർക്ക് റോയലിെൻറ വഴിയേ പോകാവുന്നതാണ്.
പഴയത് പേരും പാരമ്പര്യവും മാത്രം, വാഹനം പുതുപുത്തനാണ്
അടുത്തകാലത്ത് വലിയരീതിയിൽ ആധുനീകരിച്ച വാഹനമാണ് എൻഫീൽഡ്. എ.ബി.എസ് ബ്രേക്കിങ് പോലെ സുരക്ഷാസംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബൈക്കുകൾ നിരത്തിലെത്തുന്നത്. എബിഎസ് യൂനിറ്റ് മുന്നിലും പിന്നിലും ഉണ്ട്. കാർബറേറ്ററുകൾക്ക് പകരം ഫ്യൂവൽ ഇഞ്ചക്ഷൻ രീതിയാണ് നിലവിൽ കമ്പനി പിൻതുടരുന്നത്. ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത്. എഞ്ചിൻ കുറച്ചുകൂടി പരിഷ്കൃതവും സുഗമവുമാണ്. പഴയ ഒാർമകൾ പുതുക്കാൻ റോയൽ വാങ്ങി നിരാശപ്പെടേണ്ടതില്ല എന്നാണ് പറഞ്ഞുവരുന്നത്. ഇന്ന് റോയൽ ഒാടിക്കുന്നത് ഒരു കലയോ വൈദഗ്ധ്യമോ അല്ല. ഏതൊരു സാധാരണ വാഹനാനുഭവവുംപോൽ സാധാരണമാണത്.
അൽപ്പം കരുതലും ശ്രദ്ധയും
ഒരുകാലത്ത് ഒരുപാട് പരിചരണം വേണ്ട വാഹനമായിരുന്നു റോയൽ എൻഫീൽഡ്. യാത്രകൾ പൂർത്തയാക്കാതെ പാതിവഴിയിലാകുന്ന അനുഭവവും പതിവ്. എന്നാൽ അതിനെല്ലാം മാറ്റം വന്നിട്ടുണ്ട്. എങ്കിലും സാധാരണ വാഹനങ്ങൾക്ക് നൽകുന്നതിൽ അധികം സ്നേഹവും കരുതലും നിങ്ങൾക്ക് റോയലിന് നൽകേണ്ടിവരും. ശരിയായി കൈകാര്യം ചെയ്യുന്നില്ലെങ്കിൽ ബുള്ളറ്റും ക്ലസിക്കുമെല്ലാം പ്രകോപിതരായേക്കാം. ഉടമയും വാഹനവും തമ്മിലുള്ള ഉൗക്ഷ്മളമായ സ്നേഹബന്ധം റോയലിനെ കൂടുതൽ മികവുള്ളവനാക്കും.
ദീർഘദൂര യാത്രകൾ ചെയ്യുന്ന റോയൽ റൈഡർമാർ സ്വന്തം ടൂൾകിറ്റ് കരുതാറുണ്ട്. വാഹനത്തിന് വരുന്ന ചെറിയ പ്രശ്നങ്ങൾ ഇവർതന്നെ പരിഹരിക്കുകയാണ് പതിവ്. കാരണം നിങ്ങളുടെ യാത്രകൾക്കിടയിൽ ഒരുപക്ഷെ റോയൽ മാത്രമാകും ഒപ്പമുണ്ടാവുക. അവിടെ ഒരു മെക്കാനിക്കിനെ അന്വേഷിക്കുക അസാധ്യവും അസംഭവ്യവുമായിരിക്കും. റോയൽ എൻഫീൽഡിനെ ഉറ്റ ചങ്ങാതിയാക്കാമെങ്കിൽ മാത്രം സ്വന്തമാക്കുക.
ആഡ്യത്വത്തിെൻറ ഭാരം
റോയൽ എൻഫീൽഡ് ശ്രേണിയിലെ എല്ലാ ബൈക്കുകൾക്കും ഭാരം ഒരു പൊതുഘടകമാണ്. നിലവിൽ, ഏറ്റവും ഭാരം കുറഞ്ഞ റോയൽ എൻഫീൽഡ് ബൈക്ക് ബുള്ളറ്റ് 350 ആണ്. പക്ഷേ, ഇത് ഇപ്പോഴും 186 കിലോഗ്രാം എന്ന അക്കങ്ങളിലെത്തുന്ന സാമാന്യം ഭാരമേറിയ വസ്തുവാണ്. പുതിയ മോഡൽ ഹീറോ സ്പ്ലെൻഡറിന് 109 കിലോഗ്രാം മാത്രമാണ് ഉള്ളതെന്നറിയുക. ഒരു പുതിയ റൈഡറെ സംബന്ധിച്ച് വാഹനം കൈകാര്യം ചെയ്യുക ശ്രമകരമായിരിക്കും. ഇനി 500 സിസി ബൈക്കാണെങ്കിൽ 200 കിലോ ഭാരംവരും. അബദ്ധവശാൽ മറിഞ്ഞുപോയാൽ വാഹനം ഉയർത്താനുള്ള ടെക്നിക്കുകൾ അറിഞ്ഞിരിക്കണം. ക്ലാസിക് 500 ഓടിക്കുന്ന പലർക്കും അവ സെൻട്രൽ സ്റ്റാൻഡിൽ ഇടാൻ കഴിയാറില്ലെന്നതും വസ്തുതയാണ്.
പുനർവിൽപ്പന മൂല്യം
റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്ക് അവയുടെ പുനർവിൽപ്പന മൂല്യം കൂടുതലാണ്, കാരണം അവയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. നിലവിൽ പുതിയ ബൈക്കിെൻറ കാത്തിരിപ്പ് കാലയളവ് കൂടിയിട്ടുണ്ട്. ഇൻറർസെപ്റ്റർ 650 െൻറ കാത്തിരിപ്പ് കാലയളവ് ചില നഗരങ്ങളിൽ രണ്ട് മാസത്തിലധികമാണ്. വലതുവശത്ത് ഗിയർ സെലക്ടറുള്ള പഴയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണ്. നന്നായി പരിപാലിക്കപ്പെട്ടവാഹനമാണെങ്കിൽ ചില പ്രത്യേക മോഡലുകൾക്ക് മോഹവിലയും ലഭിക്കും. പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞുപോലെയാണ് റോയൽ. എത്ര പഴക്കവും പഴയ ഫിറ്റിങ്സുകളും ഉണ്ടെങ്കിൽ വാങ്ങാനായി വാഹനപ്രേമികളുടെ നീണ്ടനിര നിങ്ങളുടെ വീട്ടുപടിക്കൽ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.