ജീവിതത്തിൽ ഒരു റോയൽ എൻഫീൽഡ് റോഡ് ട്രിപ്പ് ആഗ്രഹിക്കാത്ത വാഹനപ്രേമികൾ ആരും ഉണ്ടാകില്ല. എന്നാൽ സ്ഥിരമായി എൻഫീൽഡ് വേണമെന്ന ആഗ്രഹവും ഉണ്ടാകില്ല. അത്തരക്കാർക്കായി പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുകയാണ് പുതിയ പദ്ധതിയിലൂടെ എൻഫീൽഡ് ചെയ്യുന്നത്.
25 നഗരങ്ങൾ, 40ലധികം റെന്റല്‍ ഓപ്പറേറ്റര്‍മാര്‍
ഇന്ത്യയിലെ 25 നഗരങ്ങളിലായി 40-ലധികം മോട്ടോര്‍സൈക്കിള്‍ റെന്റല്‍ ഓപ്പറേറ്റര്‍മാര്‍ വഴി മോട്ടോര്‍സൈക്കിളുകളുകള്‍ വാടകയ്ക്ക് ലഭ്യമാക്കാനാണ് എൻഫീൽഡിന്‍റെ തീരുമാനം. റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ പ്രോഗ്രാമിന് കീഴില്‍ 300ലധികം ബൈക്കുകളാണ് കമ്പനി ഇപ്പോള്‍ ലഭ്യമാക്കുന്നത്. കേരളത്തില്‍ നിലവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റോയല്‍ എന്‍ഫീല്‍ഡ് റെന്റലിന് കീഴില്‍ ബൈക്കുകള്‍ വാടകക്കെടുത്ത് ഉപയോഗിക്കാന്‍ സാധിക്കുക.
അഹമ്മദാബാദ്, മുംബൈ, ചണ്ഡീഗഡ്, ധര്‍മ്മശാല, ലേ, മണാലി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ ലഭ്യമാകും. ഈ നഗരങ്ങള്‍ക്ക് പുറമെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്സാല്‍മീര്‍, ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഷിംല, നൈനിറ്റാള്‍, ബിര്‍ ബില്ലിംഗ്, സിലിഗുരി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലും കമ്പനി മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കും. വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും റെന്റല്‍ സര്‍വീസ് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
എങ്ങനെ ബൈക്കുകള്‍ വാടകയ്ക്ക് എടുക്കാം
ബൈക്കുകള്‍ വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം റോയല്‍ എന്‍ഫീല്‍ഡ് റെന്റൽ വെബ്സൈറ്റ് സന്ദര്‍ശിക്കണം. തുടര്‍ന്ന് തങ്ങള്‍ക്ക് മോട്ടോര്‍സൈക്കിള്‍ ആവശ്യമുള്ള നഗരം തിരഞ്ഞെടുക്കണം. എത്ര ദിവസത്തേക്ക് അല്ലെങ്കില്‍ സമയത്തേക്കാണ് ബൈക്ക് വേണ്ടതെന്ന വിവരങ്ങള്‍ നല്‍കുന്നതാണ് അടുത്ത സ്‌റ്റെപ്പ്. അതിനാല്‍ വെബ്സൈറ്റില്‍ പിക്ക് അപ്പ് സമയവും തീയതിയും ഡ്രോപ്പ് സമയവും തീയതിയും നല്‍കുക.
ലഭ്യമായ മോഡലുകളും അവയുടെ നിരക്കും കാണിക്കുന്ന ഒരു പട്ടിക പിന്നാലെ പ്രത്യക്ഷപ്പെടും. ഒരു ഫോം സമര്‍പ്പിച്ചാല്‍ നമുക്ക് ഓപ്പറേറ്ററുടെ വിശദാംശങ്ങള്‍ ലഭിക്കും. മറ്റ് റെന്റല്‍ സര്‍വീസ് പോലെ തന്നെ സെക്യൂരിറ്റി ഡെപോസിറ്റായി നിശ്ചിത തുക ഓപറേറ്റര്‍ ഈടാക്കുമെന്ന കാര്യം മനസ്സില്‍ വേണം. ബൈക്ക് പ്രേമികള്‍ക്ക് മാത്രമല്ല നമ്മുടെ വിനോദസഞ്ചാര മേഖലക്ക് കൂടി ഉണര്‍വേകുന്നതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈയൊരു നീക്കം.
റൈഡര്‍മാര്‍ക്ക് ഉനിലവാരമുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഒരു പ്ലസ് പോയിന്റ്. ഇനി മനസ്സമാധാനത്തോടെ റൈഡ് ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. ഭാവിയില്‍ കൂടുതല്‍ നഗരങ്ങള്‍ കൂട്ടര്‍ക്കപ്പെടുന്നതിനാല്‍ യാത്രകള്‍ കൂടുതല്‍ അവിസ്മരണീയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.