ഏതെങ്കിലും ബൈക്ക്​ ഇറക്കി ഹിറ്റായതല്ല, ഇറക്കിയ എല്ലാ ബൈക്കും ഹിറ്റായിരുന്നു; വരവറിയിച്ച്​ റോയൽ എൻഫീൽഡ്​ 'ഷോട്ട്​ഗൺ'

റോയൽ എൻഫീൽഡ് മെറ്റിയർ 350 പുറത്തിറക്കുന്ന വേളയിൽ കമ്പനി​ സിഇഒ വിനോദ് ദസാരി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അടുത്ത ഏഴ്​ വർഷത്തേക്ക് ഓരോ പാദത്തിലും പുതിയ മോഡലുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നായിരുന്നു അന്ന്​ ദസാരി പറഞ്ഞത്​. ഇതനുസരിച്ച്​ ഏഴ്​ വർഷംകൊണ്ട്​ 28 റോയലുകളാണ്​ നിരത്തിലെത്തേണ്ടത്​. കമ്പനിക്ക് ധാരാളം പുതിയ പേരുകൾ ആവശ്യമുണ്ടെന്നും ഇത്​ സൂചിപ്പിക്കുന്നുണ്ട്​.


റോയൽ എൻഫീൽഡ്​ രജിസ്റ്റർ ചെയ്​ത ഏറ്റവും പുതിയ പേര് ഷോട്ട്ഗൺ എന്നാണ്​. വരാനിരിക്കുന്ന 650 സിസി മോട്ടോർസൈക്കിളിൽ ഉപയോഗിക്കാനാണ്​ പുതിയ പേരെന്നാണ്​ സൂചന. ഹണ്ടർ‌, ഷെർ‌പ, റോഡ്‌സ്റ്റർ തുടങ്ങിയ പേരുകൾ‌ ഇതിനകംതന്നെ റോയൽ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളിലായാണ്​ ഇത്രയധികം‌ വ്യാപാരമുദ്രകൾ റോയൽ സ്വന്തമാക്കുന്നത്​. നിലവിൽ 650 സിസി മോഡലുകൾ മികച്ച മേൽവിലാസമാണ്​​ എൻഫീൽഡിന്​ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്​. 2018 മുതൽ വിപണിയിലുള്ള ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 എന്നിവയാണവ.


പതിവായി പുറത്തുവരുന്ന ചാര ചിത്രങ്ങൾ അനുസരിച്ച്​ കുറഞ്ഞത് രണ്ട്​ 650 സിസി ബൈക്കുകളിലെങ്കിലും റോയൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്​. അവയിലൊന്ന് പരമ്പരാഗത ക്രൂസർ സ്റ്റൈൽ മോട്ടോർസൈക്കിളാണ്. മറ്റൊന്ന് റെട്രോ സ്​റ്റൈൽ ബൈക്കാണ്​.ആദ്യത്തേതിനെ മെറ്റിയർ 650 എന്ന് വിളിക്കാൻ സാധ്യതയുണ്ട്. കാരണം അതി​െൻറ രൂപകൽപ്പന മെറ്റിയർ 350 ന് സമാനമാണ്. മാത്രമല്ല ഇൗ പേര് ഇന്ത്യക്കാർക്ക്​ പുതിമയുള്ളതുമാണ്. റോയൽ എൻ‌ഫീൽഡ് ഷോട്ട്ഗൺ എന്ന പേര് രണ്ടാമത്തെ 650 സിസി ടെസ്റ്റ് ബൈക്കിന് ബാധകമാകാം എന്നാണ്​ സൂചന.


വരാനിരിക്കുന്ന 650 സിസി ബൈക്കുകൾക്ക്​ ഇനിയും കുറച്ച് സമയമെടുക്കുമെങ്കിലും വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്​ അടുത്ത തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350നു വേണ്ടിയാണ്​. ഹോണ്ട സിബി 350 ആർ‌എസിനെ നേരിടാൻ 350 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി റോഡ്സ്റ്റർ-സ്റ്റൈൽ മോട്ടോർസൈക്കിൾ പരീക്ഷിക്കുന്നതിലും കമ്പനി വ്യാപൃതരാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.