വിൽപ്പനയി​ലെ ഒരേയൊരു രാജാവ്​; ഹാർലിയും ട്രയംഫും ഒത്തുപിടിച്ചിട്ടും വിൽപ്പനയിൽ കുതിച്ച്​ റോയൽ എൻഫീൽഡ്​

ഇന്ത്യയിലെ 350 സി.സി മോട്ടോർ സൈക്കിളുകളുടെ കുത്തക എന്നും സ്വന്തമാക്കി വച്ചിരുന്നത്​ റോയൽ എൻഫീൽഡ്​ എന്ന കമ്പനിയാണ്​. റോയലിന്‍റെ ടൂറർ രാജാക്കന്മാരായ ക്ലാസിക്​ 350യും ക്രൂസർ ബൈക്കായ മീറ്റിയോർ 350യും പുതുതായി വന്ന ഹണ്ടർ 350യും എല്ലാം ഈ വിഭാഗത്തിൽ ഏറെക്കാലം എതിരാളികളില്ലാതെ വാഴുന്നവരായിരുന്നു. ജാവ, യെസ്​ഡി, ഹോണ്ട തുടങ്ങിയ കമ്പനികൾ ഈ വിഭാഗത്തിൽ നിരവധി ബൈക്കുകൾ അവതരിപ്പിച്ചിട്ടും റോയലിന്‍റെ കുത്തക തകരാതെ നിന്നു. അടുത്തകാലത്തായി ഹാർലി ഡേവിഡ്​സൺ മുതൽ ട്രയംഫ്​വരെ റോയലിന്‍റെ വിപണിവിഹിതം ലക്ഷ്യമാക്കി രംഗത്ത്​ ഇറങ്ങിയിരുന്നു. എന്നാൽ ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും എൻഫീൽഡിന്‍റെ സ്ഥാനം എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്​.

2023 ജൂലൈയിൽ 73,117 മോട്ടോര്‍സൈക്കിളുകളാണ് റോയൽ എൻഫീൽഡ്​ വിറ്റിരിക്കുന്നത്​. 2022 ജൂലൈയെ അപേക്ഷിച്ച്​ 32 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയത്​. കഴിഞ്ഞ ജൂലൈയിൽ 55,555 യൂണിറ്റുകളായിരുന്നു എൻഫീൽഡ്​ വിറ്റത്​. കയറ്റുമതി ഉൾപ്പടെയുള്ള കണക്കുകളാണിത്​. ട്രയംഫ് സ്പീഡ് 400, ഹാര്‍ലി ഡേവിഡ്‌സണ്‍ എക്സ്​ 440-എന്നിവ ഉയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് ഈ വിൽപ്പന നേട്ടം​.

2023 ജൂലൈയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 66,062 യൂനിറ്റായിരുന്നു. 2022 ജൂലൈയില്‍ വിറ്റ 46,529 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന 42 ശതമാനം വര്‍ധിച്ചു. എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇടിവ് നേരിട്ടു. 2022 ജൂലൈയില്‍ 9,026 യൂനിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ജൂലൈയില്‍ 7,055 യൂനിറ്റുകളാണ് കയറ്റി അയക്കാനായത്. 22 ശതമാനമാണ് ഇടിവ്.

2023 ജൂണുമായി തട്ടിച്ച് നോക്കുമ്പോഴും വിൽപ്പനയിൽ ചെറിയ കുറവുണ്ട്​. ജൂണില്‍ 77,109 യൂനിറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിരുന്നു. വില്‍പ്പനയില്‍ 5.18 ശതമാനമാണ് ഇടിവാണ്​ രേഖപ്പെടുത്തിയത്. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ മോഡല്‍ സൂപ്പര്‍ മീറ്റിയര്‍ 650 ആണെങ്കിലും, ഈയിടെയായി ശ്രദ്ധ നേടിയത് ഹണ്ടര്‍ 350 ആണ്. ഇക്കഴിഞ്ഞ മാസമായിരുന്ന ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിള്‍ 2,00,000 യൂനിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. 1.50 ലക്ഷം പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച ഹണ്ടര്‍ നിലവില്‍ കമ്പനിയുടെ ലൈനപ്പിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ്.

എന്‍ഫീല്‍ഡിന്റെ 350 സിസി ശ്രേണി തന്നെയാണ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത്. ഹണ്ടറും ക്ലാസിക്കുമാണ് ബെസ്റ്റ് സെല്ലര്‍ മോഡലുകള്‍. 350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന ജൂലൈയില്‍ 64,398 യൂനിറ്റായി. 2022 ജൂലൈയില്‍ ഈ വിഭാഗത്തില്‍ 46,336 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. അതേസമയം 650 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പനയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്.


Tags:    
News Summary - Royal Enfield’s sales rise 32% in July amidst new rivals from Harley, Triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.