കുറച്ചുനാളുകൾക്കുമുമ്പാണ് രാജ്യത്തിനായി പുതിയൊരു സ്ക്രാപ്പേജ് പോളിസി സർക്കാർ പ്രഖ്യാപിച്ചത്. അതനുസരിച്ച് 20 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുകയോ പ്രത്യേക നിയമംപാലിച്ച് കൈവശംവയ്ക്കുകയോ വേണം. എന്നാൽ സ്ക്രാപ്പേജ് നയമൊക്കെ വരുന്നതിനുമുമ്പുതന്നെ ഇന്ത്യയിലെ ഒരു നഗരത്തിനായി പ്രത്യേക സ്ക്രാപ്പിങ് പോളിസിരൂപീകരിച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയാണ് ആ നഗരം.
സുപ്രീം കോടതിയുടെ 2018 ഒക്ടോബർ 29ലെ വിധിന്യായത്തിൽ തലസ്ഥാനത്തെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാൻ നടപടികൾ എടുക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും, 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഒഴിവാക്കണമെന്ന നിർദേശവും കോടതി മുന്നോട്ട്വച്ചിരുന്നു. ലോകത്തിലെതന്നെ ഏറ്റവും മലിനമായ വായു ഉള്ള നഗരമെന്ന് ദുഷ്ഖ്യാതി അപ്പോഴേക്കും ഡൽഹിക്ക് സ്വന്തമായിരുന്നു. കോടതി വിധിയെതുടർന്ന് നിരവധി നടപടികൾ ഡൽഹി സർക്കാർ കൈകൊണ്ടിരുന്നു. അതിൽ ഒന്നാണ് വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുക എന്നത്.
ചൊവ്വാഴ്ച പുറത്തിറക്കിയ നിർദേശത്തിൽ ഇത്തരം വാഹനങ്ങൾ കൈവശംവയ്ക്കുന്ന ഉടമകൾ 10,000 രൂപ പിഴ നൽകണം. പഴയ വാഹനങ്ങൾ റോഡുകളിൽ കണ്ടാൽ കണ്ടുകെട്ടുമെന്നും ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ ഒഴിവാക്കുന്നതിന് ഉടമകൾ നിർബന്ധിതരാകും. ഡൽഹി എൻ.ആർ.സി അഥവാ നാഷനൽ ക്യാപിറ്റൽ റീജിയൻ മേഖലയിലാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഉള്ളത്. പഴയ വാഹനങ്ങൾ നശിപ്പിക്കുന്നതിന് ഡൽഹിയിൽ നാല് മെഗാ സ്ക്രാപ്പിങ് യാർഡുകൾ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വാഹന സ്ക്രാപ്പിംഗ് കേന്ദ്രങ്ങൾ ഉടൻ തുടങ്ങുമെന്നാണ് സൂചന. ഡൽഹി-എൻസിആർയിൽ പ്രവർത്തിക്കുന്ന 3.5 ലക്ഷത്തോളം വാഹനങ്ങൾ സ്ക്രാപ്പിങിന് യോഗ്യമാണ്. 2018ൽ കോടതിവിധി വന്നശേഷം മെയ് 30 വരെയുള്ള കാലയളവിൽ ദേശീയ തലസ്ഥാനത്ത് 2,831 വാഹനങ്ങൾ മാത്രമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.