നാട്ടിലിപ്പോൾ ഹൈബ്രിഡ് തരംഗമാണ്. എങ്ങിനെ ഇന്ധനം ലാഭിക്കാം എന്ന് ആലോചിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന് കൈയിൽ കിട്ടിയ പിടിവള്ളിയാണ് ഹൈബ്രിഡ് വാഹനങ്ങൾ. മാരുതിയെന്ന ഇന്ത്യൻ വാഹന ഭീമൻകൂടി ആ വഴിക്ക് എത്തുന്നതോടെ ഇനിയും അധികമധികം കളിക്കാർ ഹൈബ്രിഡുകളുമായി എത്തും. ഇതിനെല്ലാം കാരണം ഒരു വിശ്വാസ ലംഘനമാണ്. മാറ്റം വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ടതാണ് പുതുവഴികൾ തേടാൻ പൗരന്മാരെ പ്രേരിപ്പിക്കുന്നത്. പെട്രോളും ഡീസലും 50 രൂപക്ക് കിട്ടുമെന്ന വിശ്വാസം ഇപ്പോൾ നാട് ഭരിക്കുന്ന പ്രധാനമന്ത്രിക്കുപോലും ഇല്ല. അതും ഹൈബ്രിഡ്, ഫ്ലക്സ് എഞ്ചിൻ, ഇലട്രിക് തുടങ്ങി കാര്യങ്ങൾ ഒന്ന് മാറ്റിപ്പിടിക്കാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്.
എന്താണ് ഹൈബ്രിഡ്?
സങ്കരയിനം വാഹനങ്ങളാണ് ഹൈബ്രിഡുകൾ എന്ന് ചുരുക്കിപ്പറയാം. ഒന്നിലധികം ഇന്ധനങ്ങളുടെ കരുത്തിലൂടെ വാഹനം ഓടിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ജ്വലന ഇന്ധനങ്ങൾക്കൊപ്പം വൈദ്യുതിയോ, ഹൈഡ്രജനോ ഒക്കെ ഇത്തരം വാഹനങ്ങൾക്ക് കരുത്തേകാം. ഇന്ധനക്ഷമതയാണ് ഹൈബ്രിഡുകളുടെ പ്രധാന പ്രത്യേകത. പൂര്‍ണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ ജനപ്രിയമാകുന്നതുവരെ ഹൈബ്രിഡുകൾക്ക് വിപണിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയായിരുന്നു ഹൈബ്രിഡ് വാഹനങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നു നിൽക്കാൻ കാരണം. എന്നാലിപ്പോള്‍ മാരുതി, ടൊയോട്ട പോലുള്ള ജനപ്രിയ നിർമാതാക്കൾ വിലകുറഞ്ഞ ഹൈബ്രിഡുകൾ പുറത്തിറക്കിയത് ഇന്ത്യക്കാരുടെ ഹൈബ്രിഡ് സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകിയിട്ടുണ്ട്. വിവിധതരം ഹൈബ്രിഡ് സാങ്കേതിക വിദ്യകൾ ഏതൊെക്കയാണെന്ന് നോക്കാം.
മൈൽഡ് ഹൈബ്രിഡ്
ഇന്ത്യയിൽ ജനപ്രിയമാകുന്ന ഹൈബ്രിഡ് വാഹനങ്ങളിൽ പെട്രോളും വൈദ്യുതിയുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വാഹനത്തിന് വൈദ്യുതിയുടെ ചെറിയൊരു താങ്ങ് മാത്രം നല്‍കുക എന്നതാണ് മൈൽഡ് ഹൈബ്രിഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൊരു അധിക വൈദ്യുത മോട്ടോറും അൽപ്പം കരുത്തുകൂടിയ ബാറ്ററിയും ഉണ്ടാകും. വാഹനത്തെ ചലിപ്പിക്കാനുള്ള ശേഷി മോട്ടോറിനുണ്ടാവില്ല. ഓട്ടോ സ്റ്റാര്‍ട്ട് സ്റ്റോപ്പാണ് മൈല്‍ഡ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ കാണുക. കൂടാതെ, എന്‍ജിന് ചെറിയ പിന്തുണ നല്‍കാനും ഈ മോട്ടോറിന് സാധിക്കും. മാരുതി സുസുകിയാണ് മൈല്‍ഡ് സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. സിയാസ് ഡീസലിലായിരുന്നു അത്. എസ്.എച്ച്.വി.എസ്. (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി) എന്ന പേരില്‍ എര്‍ട്ടിഗ, എക്‌സ്.എല്‍.6, ബ്രെസ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളിലെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇന്ധനക്ഷമതയിൽ ചെറിയൊരു വർധന ഇത്തരം വാഹനങ്ങളിൽ പ്രതീക്ഷിക്കാം.
പാരലല്‍ ഹൈബ്രിഡ് അഥവാ സ്ട്രോങ് ഹൈബ്രിഡ്
പാരലല്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യയാണ് ടൊയോട്ട ഹൈറൈഡറിലും സുസുകി ഗ്രാന്‍ഡ് വിറ്റാരയിലും ഹോണ്ട സിറ്റിയിലുമൊക്കെ ഉപയോഗിക്കുന്നത്. പെട്രോള്‍/ ഡീസല്‍ എന്‍ജിനൊപ്പം വൈദ്യുത മോട്ടോറും ആവശ്യത്തിനനുസരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ വൈദ്യുതി ആവശ്യമുള്ളതിനാല്‍ വലിയ ബാറ്ററിപാക്കായിരിക്കും ഇവയിലുണ്ടാവുക. മിക്കവാറും ബൂട്ടിലായിരിക്കും ബാറ്ററി സൂക്ഷിക്കുക. ഇലക്ട്രിക് മോട്ടോറും എന്‍ജിനും ബന്ധിപ്പിക്കുന്നത് ഒറ്റ ഗിയര്‍ബോക്‌സിലേക്കായിരിക്കും. പല വാഹനങ്ങളിലും പല വിധത്തിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
ചില വാഹനങ്ങളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത് മുതല്‍ നിശ്ചിതവേഗം കൈവരിക്കുന്നതു വരെ ബാറ്ററിയിലായിരിക്കും വാഹനമോടുക. പ്രധാനമായും ഈ സമയങ്ങളിലായിരിക്കും കൂടുതല്‍ ഇന്ധനം ചെലവഴിക്കേണ്ടിവരിക. ഇന്ധനം കത്തുന്നത് കുറയുന്ന അധികവേഗം കൈവരിക്കുമ്പോള്‍ മാത്രം പെട്രോള്‍ എന്‍ജിനിലേക്ക് മാറും. അതിനാല്‍ ഈ വാഹനങ്ങളില്‍ ഇന്ധനക്ഷമത കൂടുതലായിരിക്കും. മുകളില്‍ പറഞ്ഞ വാഹനങ്ങളില്‍ അതുകൊണ്ടാണ് കമ്പനി 28 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നത്. വാഹനം ബ്രേക്ക് ചെയ്യുമ്പോഴായിരിക്കും ബാറ്ററി ചാര്‍ജാകുന്നത്.
സീരിസ് ഹൈബ്രിഡ്
ഇവിടെ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത് ബാറ്ററിയെ റീച്ചാര്‍ജ് ചെയ്യാന്‍ മാത്രമാണ്. ചെലവ് കൂടുതലായതിനാല്‍ ഇതിനെ കമ്പനികള്‍ വേണ്ടത്ര താത്പര്യം കാണിച്ചിട്ടില്ല. വൈദ്യുത കാറിന്റേതായ ഗുണങ്ങള്‍ ഇത്തരം ഹൈബ്രിഡില്‍ നിന്ന് പ്രതീക്ഷിക്കാം.
പ്ലഗ് ഇന്‍ ഹൈബ്രിഡ്
പ്ലഗ്ഇന്‍ ഹൈബ്രിഡില്‍ പുറമേനിന്നുള്ള വൈദ്യുതി സ്വീകരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ചാർജ് ചെയ്യാനുള്ള പോർട്ടുമായാണ് ഇത്തരം വാഹനങ്ങൾ എത്തുന്നത്. ഇവയുടെ ബാറ്ററി സാധാരണ ഹൈബ്രിഡിലേതിനെക്കാള്‍ വലുതുമായിരിക്കും. കൂടുതല്‍ ദൂരം ബാറ്ററിയില്‍ മാത്രം ഓടാനും കഴിയും. പെട്രോള്‍ എന്‍ജിനുമുണ്ടാകും ഇതില്‍. ദൂരയാത്രകള്‍ക്ക് പെട്രോള്‍ എന്‍ജിനും ചെറു യാത്രകള്‍ക്ക് ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കാം.
ഹൈബ്രിഡുകൾ ലാഭകരമാണോ?
ഇനിയാണ് ആ മില്യൻ ഡോളർ ചോദ്യം ഉദിക്കുന്നത്. ഹൈബ്രിഡുകൾ ലാഭകരമാണോ എന്നതാണാ ചോദ്യം. നമ്മുക്ക് ചില കണക്കുകൾ പരിശോധിക്കാം. 15 kmpl ഇന്ധനക്ഷമത നൽകുന്ന ഒരു വാഹനത്തിൽ പ്രതിമാസം 1,000 കിലോമീറ്റർ ഓടുന്ന ഒരാൾക്ക് ഏകദേശം 66 ലിറ്റർ പെട്രോൾ വാങ്ങേണ്ടി വരും. ലിറ്ററിന് ₹96.72 രൂപ (ഡൽഹി നിരക്ക്) വച്ച് പ്രതിമാസ പെട്രോൾ ചെലവ് ഏകദേശം ₹6,383 അല്ലെങ്കിൽ വാർഷിക ചെലവ് ₹76,500 രൂപയുമാണ്. എട്ട് വർഷത്തെ കാലയളവിൽ-ഒരാൾ ഈ വാഹനം ഉപയോഗിച്ചാൽ ഏകദേശം 6.12 ലക്ഷം രൂപയുടെ ഇന്ധനച്ചെലവ് വരും.
യഥാർത്ഥ ലോകത്ത് 22 kmpl വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് വാഹനം ഓടിക്കുന്ന അതേ വ്യക്തിയുടെ കാര്യമെടുക്കുക. ഈ വ്യക്തി പ്രതിമാസം 45 ലിറ്റർ പെട്രോൾ വാങ്ങും. പെട്രോൾ ലിറ്ററിന് അതേ വിലയിൽ, പ്രതിമാസ ചെലവ് ₹ 4,350 അല്ലെങ്കിൽ വാർഷിക ചെലവ് ₹ 52,200 അല്ലെങ്കിൽ എട്ടുവർഷത്തേക്ക് ₹ 4.17 ലക്ഷം രൂപ ചിലവുവരും. എട്ട് വർഷ കാലയളവിൽ, ഒരു ലിറ്ററിന് നിരക്ക് സ്ഥിരമായി തുടരുകയാണെങ്കിൽ ഒരു വ്യക്തിക്ക് ഏകദേശം 2 ലക്ഷം രൂപ പെട്രോളിൽ ലാഭിക്കാം. ഒരാൾ കൂടുതൽ വാഹനമോടിച്ചാലോ പെട്രോൾ വില ഉയരുമ്പോഴോ ഈ ലാഭത്തിൽ ഏറ്റക്കുറച്ചിലുണ്ടാകും.
വാങ്ങൽ ചിലവ് കൂടുതൽ
പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനം വാങ്ങാൻ നാം കൂടുതൽ പണം മുടക്കണം എന്നത് പരിഗണിക്കേണ്ട വസ്തുതയാണ്. ഏറ്റവും ഉയർന്ന ഗ്രാൻഡ് വിറ്റാര ആൽഫ പ്ലസ് ഹൈബ്രിഡ് CVT DT മോഡലിന് 19.65 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. ഏറ്റവും താഴ്ന്ന ഗ്രാൻഡ് വിററാര സ്ട്രോങ് ഹൈബ്രിഡിന് 15 ലക്ഷത്തിന് മുകളിൽ വിലവരും. 10.50 ലക്ഷം മുതൽ മൈൽഡ് ഹൈബ്രിഡ് വാഹനം ലഭ്യമാകും എന്നതും പരിഗണിക്കേണ്ടതാണ്. ഹൈബ്രിഡിനായി നാം എത്ര കൂടുതൽ പണം മുടക്കുന്നുവോ ഇന്ധനലാഭത്തിൽ അത്രയും കുറവുണ്ടാകും.
ഉപസംഹാരം
ശക്തമായ ഹൈബ്രിഡ് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന കാറുകൾ ഇന്ധനച്ചെലവിൽ ധാരാളം ലാഭം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പരമ്പരാഗതമോ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളോ ഉള്ള അതേ മോഡലിനെ അപേക്ഷിച്ച് ഇവയുടെ വാങ്ങൽ ചെലവ് വളരെ ഉയർന്നതാണ്. പതിവായി ദീർഘദൂരം വാഹനം ഓടിക്കുന്ന ഒരാൾക്ക്, ശക്തമായ ഹൈബ്രിഡ് മോഡലുകൾ വാങ്ങുന്നത് ലാഭകരമാണ്. അതല്ല വാഹനം വാങ്ങി പോർച്ചിൽ ഇടാനാണെങ്കിൽ ഹൈബ്രിഡ് ഒരു അധികച്ചിലവാണെന്ന് പറയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.