തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസിലാണ് സംഭവം. ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ട് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെയാണ് യാത്രക്കാരൻ കുഴഞ്ഞുവീണത്. സംഭവം കണ്ടക്ടർ പ്രശാന്തിന്റെ ശ്രദ്ധയിൽപ്പെടുകയും ഡ്രൈവർ സാജുവിനെ അറിയിക്കുകയുമായിരുന്നു. പിന്നാലെ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബസ് തിരിച്ചു. ആശുപത്രിയിൽ എത്തിയ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ എത്തുന്നവരെ ഇരുവരും ആശുപത്രിയിൽ തുടരുകയും ചെയ്തു. തുടർന്ന് യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.
അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ ആണ് ഇരുവരുടെയും നല്ല പ്രവർത്തി നന്മ പുറംലോകത്തെ അറിയിച്ചത്. ‘ഒരു നിമിഷം പോലെ വൈകാതെ അവർ ചെയ്ത പ്രവൃത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു.’- ജി.സ്റ്റീഫൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ.
മനുഷ്യർ എന്തൊരു പദമാണത്
വിതുര കെ എസ് ആർ ടി സി ഡിപ്പോയിലെ RPA 40 ആം നമ്പർ ബസ്സ് ,കഴിഞ്ഞ വെള്ളിയാഴ്ചയും രാവിലെ 07.30 ന് പതിവ് പോലെ സ്റ്റാൻഡിൽ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് പുറപ്പെട്ടു.08.50 മെഡിക്കൽ കോളേജിൽ എത്തി 09 മണിയ്ക്ക് തിരികെ വിതുരയിലേയ്ക്ക് മടങ്ങാൻ തുടങ്ങി. ബസ്സ് പുറപ്പെട്ട് ജി ജി ഹോസ്പിറ്റൽ സിഗ്നലിന് സമീപം എത്തുമ്പോഴാണ് മുന്നിലിരൂന്ന ഒരു യാത്രക്കാരൻ ബോധരഹിതനായി കുഴഞ് വീഴുന്നത് കണ്ടക്ടർ പ്രശാന്ത് കാണുന്നത്. ഒരു നിമിഷം വൈകാതെ ഡ്രൈവർ സാജു , ഉടൻ തന്നെ ബസ്സ് അടുത്തുള്ള കോസ്മോ ഹോസ്പിറ്റലിലേയ്ക്ക് ഓടിച്ച് കയറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി, ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. അവർ എത്തുന്നത് വരെ അവിടെ തുടർന്നു. തുടർന്ന് യാത്രക്കാരന്റെ നില ത്യപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം ബസ്സ് വിതുരയ്ക്ക് മടങ്ങി.
ഒരു നിമിഷം പോലെ വൈകാതെ അവർ ചെയ്ത പ്രവർത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.