വാഹന നിർമാണ രംഗത്ത് പുതിയൊരു നിയമംകൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഇത്തവണ ചെറുകാറുകളാണ് നിയമപരിധിയിൽ വരുന്നത്. 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂളിലെ ചട്ടം ഭേദഗതി ചെയ്യാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതനുസരിച്ച് ഇന്ധന ഉപഭോഗ മാനദണ്ഡങ്ങളുടെ (എഫ്‌സിഎസ്) പരിധിയിലുള്ള ലൈറ്റ്, മീഡിയം പാസഞ്ചർ വാഹനങ്ങൾ ഒരു നിശ്ചിത ഇന്ധനക്ഷമത പുലർത്തണം.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2023 ഏപ്രിൽ ഒന്നിനകം വാഹനങ്ങൾ പുതുക്കിയ മാനദണ്ഡം പാലിക്കണമെന്ന് പുതിയ വിജ്ഞാപനം നിർദ്ദേശിക്കുന്നു. വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ വ്യക്തിഗത, വാണിജ്യ വിഭാഗങ്ങളിലുള്ള ലൈറ്റ്, മീഡിയം, ഹെവി-ഡ്യൂട്ടി വാഹനങ്ങൾ പുതിയ മാനദണ്ഡം പാലിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ നിർമിക്കുകയാണ് വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്രം പറയുന്നത്. പുതിയ നിയമം മലിനീകരണം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. നിയമം നടപ്പാവുന്നതോടെ വാഹന നിർമ്മാതാക്കൾക്ക് അവരുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് വൻതോതിൽ ഗവേഷണ പരീക്ഷണങ്ങൾ നടത്തേണ്ടതായി വരും. ഒപ്പം വാഹനങ്ങളിൽ പുതിയ സംവിധാനങ്ങളും ഉൾപ്പെടുത്തണം. ഇതോടെ ചെറുകാറുകളുടെ ഉൾപ്പടെ വില വൻതോതിൽ വർധിക്കും.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് 149-ൽ പറഞ്ഞിരിക്കുന്ന നടപടിക്രമം അനുസരിച്ച് പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നത് കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യും. നേരത്തേ ഇന്ധന ഉപഭോഗ നിലവാരം എം ഒന്ന് വിഭാഗത്തിലുള്ള മോട്ടോർ വാഹനങ്ങൾക്ക് മാത്രമായിട്ടാണ് ഇന്ധന ഉപഭോഗ മാനദണ്ഡം പരിഗണിച്ചിരുന്നത്. എട്ട് സീറ്റിൽ കൂടാത്ത, യാത്രക്കാരെ കയറ്റാൻ ഉപയോഗിക്കുന്ന 3.5 ടൺ വരെ മൊത്ത ഭാരമുള്ള വാഹനങ്ങളാണ് നിയമ പരിധിയിൽ വരുന്നത്.ട്രക്കുകൾ 40 കിലോമീറ്റർ വേഗതയിലും ബസുകൾ 50 കിലോമീറ്റർ വേഗതയിലും ഒരു ടെസ്റ്റ് ട്രാക്കിൽ ഓടിച്ചാണ് ഇന്ധനക്ഷമത കണക്കാക്കുന്നത്.
അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാൽ, ഈ വിഭാഗങ്ങളിലെ എല്ലാ വാഹന മോഡലുകളുടെയും പരിശോധനാ ഫലങ്ങൾ ഒരു പോർട്ടലിൽ സർക്കാർ അപ്‌ലോഡ് ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനത്തിന് പുതിയ വിജ്ഞാപനം സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.