രാജ്യത്തെ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസ് 'കേരള സവാരി' പ്രവര്‍ത്തനം ആരംഭിച്ചു. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് കേരള സവാരി ഓണ്‍ലൈന്‍ ടാക്‌സി സേവനം ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതമായ യാത്ര കേരള സവാരിയിലൂടെ ഉറപ്പാക്കും. ജനങ്ങള്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പാക്കാനും ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേരള സവാരി ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തിലേത് പോലെ നിരക്കുകളിലെ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകില്ലെന്നാണ് കേരള സവാരി ഉറപ്പുനല്‍കിയിട്ടുള്ളത്. തിരക്കുള്ള സമയങ്ങളില്‍ മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഒന്നര ഇരട്ടി വരെ ചാര്‍ജ് വര്‍ധിപ്പിക്കുന്ന സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിന്റെ ഗുണം യാത്രക്കാര്‍ക്കോ തൊഴിലാളികള്‍ക്കോ ലഭിക്കാറുമില്ല.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് കേരള സവാരിയില്‍ ഈടാക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സികളില്‍ അത് 20 മുതല്‍ 30 ശതമാനം വരെയാണ്. കേരള സവാരിയില്‍ സര്‍വീസ് ചാര്‍ജായി ഈടാക്കുന്ന തുക ഈ പദ്ധതിയുടെ നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവർമാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ്‌സ് ആയി നല്‍കാനും മറ്റുമാണ് തീരുമാനം. ഇന്ന് ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകും. ആപ്പ് സ്റ്റോറിലും വൈകാതെ ഇത് എത്തും.
നേരത്തേ ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപവത്കരിച്ചിരുന്നു. വിവിധ വിഷയങ്ങളിൽ ട്രേഡ് യൂനിയനുകളെ പ്രതിനിധാനംചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സി. ജയൻബാബു, കെ.എസ്. സുനിൽകുമാർ, വി.ആർ. പ്രതാപൻ, നാലാഞ്ചിറ ഹരി, ജി. മാഹീൻ അബൂബക്കർ, പുത്തൻപള്ളി നിസാർ, സി.കെ. ഹരികൃഷ്ണൻ, മൈക്കിൾബാസ്റ്റ്യൻ, സി. ജ്യോതിഷ്‌കുമാർ, ഇ.വി. ആനന്ദ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ, ലേബർ കമീഷണർ നവ്‌ജോത് ഖോസ, കലക്ടർ ജെറോമിക് ജോർജ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ, ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറും അസി. ലേബർ കമീഷണറുമായ രഞ്ജിത്ത് പി. മനോഹർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.