അമേരിക്കയിൽ ദൃശ്യം മോഡൽ 'കാർ കൊല'; ബെൻസ് കണ്ടെത്തിയത് സിലിക്കൻ വാലിയിലെ വീടിനടിയിൽ നിന്ന്

സൂപ്പർ ഹിറ്റായ ദൃശ്യം സിനിമ ഇറങ്ങിയശേഷം നിരവധി കുറ്റകൃത്യങ്ങൾക്ക് കിട്ടിയ വിശേഷണമാണ് ദൃശ്യം മോഡൽ എന്നത്. ക്രൈമിന് ഉപയോഗിച്ച മൊബൈൽ ഫോൺ വാഹനത്തിൽ എറിഞ്ഞുകളയുക, മൃതദേഹം കെട്ടിടങ്ങൾക്കടിയിൽ കണ്ടെത്തുക, സ്വയരക്ഷക്ക് കൊല്ലുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം മാധ്യമങ്ങൾ നൽകുന്ന വിശേഷണമാണ് ദൃശ്യം മോഡൽ എന്നത്. എന്നാലിത്തവണ നടന്നിരിക്കുന്നത് ഒരു ദൃശ്യം മോഡൽ കാർ കൊലയാണ്. അമേരിക്കയിലെ സിലിക്കൻ വാലിയിലാണ് സംഭവം. മോഷ്ടിക്കപ്പെട്ട ബെൻസ് കാർ 30 വർഷങ്ങൾക്കുശേഷം ഒരു കെട്ടിടത്തിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

വടക്കൻ കാലിഫോർണിയയിലെ സിലിക്കൺ വാലിയിലെ ആതർട്ടൺ ഏരിയയിലെ ഒരു ബംഗ്ലാവിന് കീഴിൽ നിന്നാണ് മെഴ്‌സിഡസ് കൺവേർട്ടബിൾ കാർ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 1992-ൽ മോഷ്ടിക്കപ്പെട്ട കാറാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് പരാതി ലഭിച്ചെങ്കിലും പൊലീസിന് വാഹനം കണ്ടെത്താനായിരുന്നില്ല. ഏകദേശം 15 മില്യൺ ഡോളർ വിലമതിക്കുന്ന മാളികയുടെ വീട്ടുമുറ്റത്ത് അഞ്ചടി ചുറ്റളവിൽ കുഴിച്ചിട്ട നിലയിലാണ് ബെൻസ് കണ്ടെത്തിയ​െതന്ന് കാലിഫോർണിയ പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കണ്ടെത്തിയപ്പോൾ അതിനകത്ത് കോൺക്രീറ്റിന്റെ ബാഗുകൾ ഉണ്ടായിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊലപാതകം, കൊലപാതകശ്രമം, ഇൻഷുറൻസ് തട്ടിപ്പ് തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജോണി ലൂ എന്ന വ്യക്തിയാണ് ഈ മാളിക പണിതതെന്നാണ് പൊലീസ് പറയുന്നത്. 1990കളിൽ ലൂ ഈ മാളികയിൽ താമസിച്ചിരുന്നു. ഈ സമയത്താണ് അദ്ദേഹം വാഹനം കുഴിച്ചിട്ടതെന്നാണ് നിഗമനം. 2015ൽ ലൂ മരിച്ചതായി മകൾ സ്ഥിരീകരിച്ചു. ഏതെങ്കിലും കുറ്റകൃത്യം മറയ്ക്കാനായിരിക്കും ലൂ കാർ കുഴിച്ചിട്ടതെന്നാണ് പൊലീസ് കരുതുന്നത്.

വാഹനത്തിൽ നിന്ന് മനുഷ്യന്റെ അവശിഷ്ടങ്ങളോ മറ്റോ കണ്ടെത്തിയേക്കാമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഈ സമയംവരെ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനം കുഴിച്ചെടുത്തശേഷം ഫോറൻസിക് വിദഗ്ധർ എത്തി കൂടുതൽ അന്വേഷണം നടത്തും. കാണാതായ വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചുവരികയാണ്.

Tags:    
News Summary - Stolen in 1992, Mercedes recovered from under multi-million dollar mansion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.