സൂപ്പര്‍കാര്‍ ബ്ലോണ്ടി ആദ്യമായി ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍ബൈക്കിൽ -വിഡിയോ

ലോകത്തെ മുന്‍ നിര ഓട്ടോ ഇന്‍ഫ്ളുവന്‍സറായ അലക്സ് ഹിര്‍ഷി തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടായ സൂപ്പര്‍കാര്‍ ബ്ലോണ്ടിയിൽ ആദ്യമായി ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍ബൈക്കുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ലോകോത്തര ബൈക്കുകള്‍ നിര്‍മിക്കുന്ന അള്‍ട്രാവയലറ്റ് കമ്പനിയുടെ ഇന്ത്യയില്‍ ഡിസൈന്‍ ചെയ്ത സൂപ്പര്‍ ബൈക്കാണ് വിഡിയോയിലുള്ളത്. അള്‍ട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ എഫ്77 മാക് 2 എന്ന സൂപ്പര്‍ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളാണ് ബ്ലോണ്ടി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. എയര്‍സ്ട്രിപ്പില്‍ അള്‍ട്രാവയലറ്റ് എഫ്77 മാക് 2വും ആര്‍സി ജെറ്റും തമ്മില്‍ നടത്തുന്ന റേസിങും വിഡിയോയിലുണ്ട്.

ആധുനിക സാങ്കേതികവിദ്യകളും മോഡേണ്‍ ഡിസൈനും കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് വെറും 2.8 സെക്കന്‍ഡു കൊണ്ട് പൂജ്യത്തില്‍നിന്നു 60 കീ.മി വേഗത്തിലേക്കു കുതിച്ചെത്തും. ബ്രേക്ക് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 10 ലെവല്‍ റീജെനറേറ്റീവ് ബ്രേക്കിങ്ങാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡോക്യുമെന്റ് സ്റ്റോറേജ്, വ്യത്യസ്ത റൈഡിങ് മോഡുകള്‍ എന്നിവയാണ് എടുത്തു പറയുന്ന ഫീച്ചറുകള്‍.

കൂടാതെ വെള്ളത്തിനടിയില്‍ 20 മീറ്റര്‍ വരെ എഫ് 77 മാക് 2വിനെ യന്ത്രങ്ങളുടേയും മുങ്ങല്‍വിദഗ്ധരുടേയും സഹായത്തില്‍ വിജയകരമായി എത്തിക്കുന്ന കാഴ്ചയും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആഴമുള്ള മനുഷ്യ നിര്‍മിതമായ ദുബൈ ഡീപ് ഡൈപ് പൂളിലേക്കാണ് എഫ് 77 മാക് 2വിനെ ഇറക്കി സ്ഥാപിച്ചത്. ലോകത്തിലെ മറ്റൊരു ഇലക്ട്രിക് മോട്ടോര്‍ സൈക്കിളും സ്വന്തമാക്കാത്ത ഈ നേട്ടം എഫ് 77 മാക് 2 സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. അള്‍ട്രാവയലറ്റ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പിന്റെ നിര്‍മാണത്തിലെ ഗുണനിലവാരവും എന്‍ജിനീയറിങ് വൈദഗ്ധ്യവും എടുത്തു കാണിക്കുന്നതാണ് ഈ പരീക്ഷണം.

 

സാധാരണ ഗതിയിൽ ബി.എം.ഡബ്ല്യു, മെഴ്സിഡീസ്, ടെസ്ല, പഗാനി, ഫെറാറി, ഗെമേര, ലൂസിഡ് തുടങ്ങിയ ആഡംബര കമ്പനികളുടെ അത്യാഡംബര വാഹനങ്ങളുമായാണ് സൂപ്പർകാർ ബ്ലോണ്ടി പ്രത്യക്ഷപ്പെടാറ്. യുട്യൂബില്‍ 1.60 കോടിയിലേറെ സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ 1.80 കോടിയിലേറെ സബ്സ്‌ക്രൈബേഴ്സുമുള്ള സൂപ്പര്‍കാര്‍ ബ്ലോണ്ടിയുടെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത് നിമിഷങ്ങള്‍ക്കകമാണു വൈറല്‍ ആകാറുള്ളത്.

Tags:    
News Summary - Supercar Blondie features an Indian automobile brand for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.