'മൂൺലൈറ്റിങ്' അഥവാ ഇരട്ട ജോലിയെ പിന്തുണച്ച് ടെക് മഹീന്ദ്ര സി.ഇ.ഒ സി.പി ഗുർനാനി. ഒരു ടെക് കമ്പനി ആദ്യമായാണ് മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ടെക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണെന്നും അതുകൊണ്ട് തന്നെ ജീവനക്കാർ ഇവിടെ നിന്നുകൊണ്ട് മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നത് ഒരിക്കലും കമ്പനിയ്ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറയുന്നു.
ഇങ്ങനെ മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർ അക്കാര്യം ഒളിക്കരുതെന്നും ടെക് മഹീന്ദ്ര സിഇഒ പറഞ്ഞു. അതിനായി മുൻകൂർ അനുമതി നേടണമെന്നും അനുമതി ഇല്ലാതെ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് നൽകില്ലെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് മൂൺലൈറ്റിങ്
സെപ്റ്റംബറിൽ മൂൺലൈറ്റിങ് ചെയ്‌തെന്ന് ആരോപിച്ച് പ്രശസ്ത ഐ.ടി കമ്പനിയായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതിനൊപ്പം തന്നെ മറ്റൊരു കമ്പനിയിലും ജോലി ചെയ്തതിനാണ് വിപ്രോ ജീവനക്കാരെ പിരിച്ചുവിട്ടത്. അന്ന് ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയ നിരവധി ടെക് കമ്പനികൾ മൂൺലൈറ്റിങ്ങിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.
ഒരു സ്ഥാപനത്തിലെ മുഴുവൻ സമയ ജീവനക്കാരനായിരിക്കെ അധിക വരുമാനത്തിനായി മറ്റേതെങ്കിലും സ്ഥാപനത്തിൽ അധിക ജോലികൾ ചെയ്യുന്നതിനെയാണ് മൂൺലൈറ്റിങ് അല്ലെങ്കിൽ ടു ടൈമിങ് എന്ന് പറയുന്നത്. ലോകമെമ്പാടുമുള്ള പല ടെക്നോളജി കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരത്തിൽ, പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 300 ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ എക്സിക്യൂട്ടീവ് ചെയർമാൻ റിഷാദ് പ്രേംജിയാണ് അറിയിച്ചത്. വിപ്രോയുടെ തന്നെ എതിരാളികളായ കമ്പനികൾക്ക് വേണ്ടിയാണ് വിപ്രോയിൽ നിന്ന് ശമ്പളം വാങ്ങിക്കൊണ്ട് തൊഴിലാളികൾ അന്ന് പ്രവർത്തിച്ചത്. പൊതുവെ, ശമ്പളം കൈപ്പറ്റുന്ന സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രികളിലാണ് ചിലർ 'സൈഡ് ബിസിനസ്' നടത്തുന്നത്. ചന്ദ്രന്റെ വെളിച്ചത്തിൽ ചെയ്യുന്ന ജോലി എന്ന നിലക്കാണ് ഈ പ്രവർത്തിക്ക് 'മൂൺലൈറ്റിങ്' എന്ന പേരുവന്നത്.
നേരത്തെ ഇൻഫോസിസ് മൂൺലൈറ്റിങ്ങുമായി ബന്ധപ്പെട്ട് തൊളിലാളികൾക്കയച്ച സന്ദേശം വലിയ വാർത്തയായിരുന്നു. സ്ഥാപനത്തിന്റെ മൂൺലൈറ്റിങ് നിയമങ്ങൾ ലംഘിച്ചാൽ, അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് കമ്പനി മുന്നറിയിപ്പ് നൽകിയത്.
അതേസമയം, മൂൺലൈറ്റിങ്ങിനെ വലിയ പാപമായി കണക്കാക്കാനാകില്ലെന്ന് കാട്ടി ചിലർ രംഗത്തുവന്നിരുന്നു. ഒരു നിശ്ചിത സമയത്തേക്ക് ജോലി ചെയ്യാമെന്നാണ് കമ്പനിയും ജീവനക്കാരും തമ്മിൽ കരാറുള്ളത്, അതിന് ശേഷം തൊഴിലാളികൾക്ക് മറ്റെന്ത് ജോലിയിലും ഏർപ്പെടാമെന്ന് ഇന്‍ഫോസിസ് മുന്‍ ഡറക്ടര്‍ മോഹന്‍ദാസ് പൈ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.