ചൈനീസ് സൈനിക കോംപ്ലക്സുകളിൽ നിന്നും പട്ടാളക്കാരുടെ ഭവന സമുച്ചയങ്ങളിൽ നിന്നും ടെസ്‌ല വാഹനങ്ങളെ നിരോധിച്ച് ചൈനീസ് സൈന്യം. ഇതുസംബന്ധിച്ച നിർദേശം ഉത്തരവിന്‍റെ രൂപത്തിൽ സൈന്യം ഇതിനകംതന്നെ പുറത്തിറക്കിയിട്ടുണ്ട്. വിവരങ്ങൾ സ്വകാര്യമായതിനാൽ പുറത്തറിയരുതെന്ന് ആവശ്യപ്പെട്ടാണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിരോധന ഉത്തരവിന്‍റെ കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈന്യം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, ടെസ്‌ല ഉടമകൾ സൈനിക സംവിധാനങ്ങൾക്ക് അകത്തേക്കോ ഹൗസിങ് കോംപ്ലക്സിലോ പ്രവേശിക്കുേമ്പാൾ വാഹനം പുറത്ത് പാർക്ക് ചെയ്യണം.
അമേരിക്കൻ കമ്പനി കാറുകളിലെ രഹസ്യ ക്യാമറകൾ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആശങ്കയാണ് ചൈനക്കുള്ളത്. രഹസ്യ സൈനിക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വാഹനങ്ങൾ സൈനിക വസതികളിൽ നിന്ന് തടയുന്നതെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ചൈനയിലെ ടെസ്‌ല പ്രതിനിധി സൈന്യത്തിന്‍റെ നീക്കത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. ചൈനയുടെ പ്രതിരോധ മന്ത്രാലയവും ഇതുസംബന്ധിച്ച വാർത്തയോട് പ്രതികരിച്ചിട്ടില്ല. ടെസ്‌ല കാറുകളിലെ മൾട്ടി-ഡയറക്ഷണൽ കാമറകളും അൾട്രാസോണിക് സെൻസറുകളും അവ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ടെസ്ലയുടെ ഓട്ടോ പൈലറ്റ് സംവിധാനമുള്ള വാഹനങ്ങൾ ഇത്തരം വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സഞ്ചരിക്കുന്നത്.
പാർക്കിങ്, ഓട്ടോപൈലറ്റ്, ഓട്ടോണമസ് ഡ്രൈവിംഗ് പ്രവർത്തനങ്ങൾക്കായി ടെസ്‌ല വാഹനങ്ങളിൽ നിരവധി ചെറിയ ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. മിക്ക ടെസ്‌ല മോഡലുകളിലും റിയർ വ്യൂ മിററിൽ ഇന്‍റീരിയർ ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുകയോ ക്ഷീണം സംഭവിക്കുകയോ ചെയ്യുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാനാണ് ഈ കാമറ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ടെസ്‌ല. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയായ ടെസ്‌ല ഷാങ്ഹായ്ക്ക് സമീപമുള്ള ജിഗാഫാക്ടറിയിൽ നിന്നാണ് ചൈനക്കായി വാഹനങ്ങൾ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.