സൂപ്പർ കാറുകളെ തോൽപ്പിക്കുന്ന റേസിങ്​ കരുത്ത്​; ട്രാക്കിൽ പോർഷെയെ തറപറ്റിച്ച്​ സൈബർ ട്രക്ക്​ -വിഡി​യോ

സൂപ്പർ കാറുകളെ തോൽപ്പിക്കാൻ തക്കവണ്ണം റേസിങ്​ കരുത്തുള്ള വാഹനമാണ്​ ടെസ്​ല സൈബർട്രക്കെന്ന്​ കാണിക്കുന്ന വിഡിയോ വൈറൽ. ടെസ്​ല സി.ഇ.ഒ ഇലോൺ മസ്ക് തന്നെയാണ്​ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്​. ഒരു പോർ​ഷെ 911 കെട്ടിവലിച്ചുകൊണ്ട്​ മറ്റൊരു പോർഷെ 911നെ റേസ്​ ട്രാക്കിൽ പരാജയപ്പെടുത്തുന്ന സൈബർ ട്രക്കിനെയാണ്​ വിഡിയോയിൽ കാണുന്നത്​.

പൂജ്യത്തിൽനിന്ന്​ 100 കിലോമീറ്റർ വേഗമാർജ്ജിക്കാൻ സൈബർ ട്രക്കിന്‍റെ ഉയർന്ന മോഡലിന്​ വെറും 2.6 സെക്കൻഡ്​ ആണ്​ സൈബർ ട്രക്കിന്​ വേണ്ടത്​. ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), സൈബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

സിംഗിൾ മോട്ടോർ

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപയാണ്​.


ഡ്യൂവൽ മോട്ടോർ

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യൂവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഇപ്പോൾ ഡെലിവറിക്ക് തയ്യാറായിട്ടുണ്ട്. ഈ വാഹനത്തിന്റെ വേരിയന്റുകളിൽ വച്ച് ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന മോഡലാണിത്. ഒറ്റ ചാർജിൽ 547 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റ് നൽകുന്നത്.

ടെസ്‌ല സൈബർട്രക്ക് ഡ്യൂവൽ മോട്ടോർ വേരിയന്റ് വേഗതയുടെ കാര്യത്തിലും മികവ് പുലർത്തുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും വെറും 4.1 സെക്കന്റിൽ 96.5 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. 79,990 ഡോളറാണ് ഇതിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 66.67 ലക്ഷം രൂപയാണ്.

സൈബർബീസ്റ്റ്

ടെസ്‌ല സൈബർട്രക്ക് സൈബർബീസ്റ്റ് ടോപ്പ്-സ്പെക്ക് വേരിയന്റാണ്, ഈ മോഡലിൽ മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ മോട്ടോറുകൾ മൊത്തം 845 bhp പവറാണ് ഉത്പാദിപ്പിക്കുന്നത്. വാഹനത്തിന് വെറും 2.6 സെക്കന്റിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ എന്ന വേഗത കൈവരിക്കാൻ സാധിക്കും.

നാല്​ വർഷംനീണ്ട കാത്തിരിപ്പ്​

മാസങ്ങളോളം നീണ്ട കാത്തിരിപ്പിനുശേഷമാണ്​ അമേരിക്കൻ ഇ.വി നിർമ്മാതാക്കളായ ടെസ്‌ല തങ്ങളുടെ ഇലക്​ട്രിക്​ പിക്കപ്പായ സൈബർട്രക്ക് ഡെലിവറി ആരംഭിച്ചത്​. ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് ആണ്​ ആദ്യ ഡെലിവറി നിർവ്വഹിച്ചത്​.

വാഹനം അവതരിപ്പിച്ച്​ നാല്​​ വർഷത്തിനുശേഷമാണ്​ സൈബർ ട്രക്ക്​ അമേരിക്കയിലെ ടെക്സാസിലുള്ള ഗിഗ ഫാക്ടറിയിൽ നിന്ന്​ പുറത്തിറക്കുന്നത്​. സൈബർട്രക്കിന് ഇതിനകം 10 ലക്ഷത്തിൽ അധികം പ്രീ ബുക്കിങ്​ ലഭിച്ചിട്ടുണ്ടെന്ന് ഇലോൺ മസ്‌ക് പറഞ്ഞിരുന്നു​. 100 യു.എസ്​ ഡോളർ റീഫണ്ടബിൾ ടോക്കൺ തുകയ്ക്കാണ് കമ്പനി ബുക്കിങ്​ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ മുൻകൂർ ബുക്കിങുകൾ ഡെലിവറി ചെയ്ത്​ തീരാൻ നാലോ അഞ്ചോ വർഷത്തിലധികം എടുത്തേക്കാമെന്നാണ്​ വിലയിരുത്തൽ. പ്രതിവർഷം 1.25 ലക്ഷം യൂനിറ്റ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഉത്പാദിപ്പിക്കാനാണ്​ ടെസ്​ല ഉദ്ദേശിക്കുന്നത്​. പിന്നീട്​ ഇത് 2.50 ലക്ഷം യൂനിറ്റായി ഉയർത്തും.


2019 നവംബറിൽ അരങ്ങേറ്റം

ടെസ്‌ല സൈബർട്രക്ക് 2019 നവംബറിലാണ്​ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷത്തിനുശേഷം വാഹനം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ പിടിച്ചുകുലുക്കിയ കോവിഡ്​ പ്രതിസന്ധി ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഇതിന്​ നേരിട്ടു. ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നിരുന്നില്ല.

ടെസ്‌ല സൈബർട്രക്ക് ബുക്കിങ്​ ട്രാക്കർ നൽകുന്ന കണക്കനുസരിച്ച്, 48 ശതമാനം ബുക്കിങുകളും മിഡ് ലെവൽ ഡ്യുവൽ മോട്ടോർ വേരിയന്റിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ പതിപ്പിനുമാണ്. മാത്രമല്ല ഇവയിൽ, 74.3 ശതമാനം ബുക്കിങുകളിൽ ഫുൾ സെൽഫ് ഡ്രൈവിങ്​ ഓപ്ഷനുകളും ഉപഭോക്താക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടനയുള്ള വാഹനമാണ്​ സൈബർ ട്രക്ക്​. കാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്​. ആറ് പേർക്ക്​ വാഹനത്തിൽ സഞ്ചരിക്കാനാവും. വെറും 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് പിക്ക് അപ്പിന് കഴിയും. സിംഗിൾ ചാർജിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്​. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ലഭിക്കുന്നതിനാൽ കൂടുതൽ സുഖപ്രദമായ ഡ്രൈവും വാഹനം വാഗ്ദാനം ചെയ്യുന്നു.

ഇന്‍റീരിയർ

വളരെ മിനിമലിസ്റ്റിക്കായ ഇന്റീരിയറാണ്​ സൈബർ ട്രക്കിന്​. നിലവിൽ, വാഹനത്തിൽ വരുന്ന സ്റ്റാൻഡേർഡ് ഫീച്ചറുകളും ഓപ്ഷനുകളും ടെസ്‌ല പ്രഖ്യാപിച്ചിട്ടില്ല. 18.5 ഇഞ്ച് ടച്ച്‌സ്‌ക്രീനിൽ ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വെർട്ടിക്കലായി മൌണ്ട് ചെയ്തിരിക്കുന്നു. പിൻസീറ്റ് യാത്രക്കാർക്കായി സൈബർട്രക്കിന് സെന്റർ കൺസോളിന്റെ പിൻഭാഗത്ത് 9.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കും. ഡ്യുവൽ മോട്ടോർ, ട്രൈ മോട്ടോർ വേരിയന്റുകളാണ് വാഹനത്തിനുള്ളത്​.

Tags:    
News Summary - Tesla Cybertruck beats Porsche 911 in a drag race while towing another 911!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.