എങ്ങിനെയെങ്കിലും ഇന്ത്യയിലെത്തണമെന്ന് കാർപ്രേമികൾ അതിയായി ആഗ്രഹിക്കുന്ന ബ്രാൻഡാണ് ടെസ്‍ല. അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണി പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ്. കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ടെസ്‍ലയുടെ വരവിന് റിവേഴ്സ് ഗിയറിട്ടത്. 2021-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ടെസ്‌ല ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. പക്ഷെ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ഇലോൺ മസ്കിന്റെ കമ്പനിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.
എന്നാൽ, ടെസ്‍ല പ്രതിസന്ധികളെല്ലാം നീക്കി ഇന്ത്യയിലേക്ക് വരാൻ പോവുകയാണ്. 2024 ജനുവരിയോടെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭ്യമാകുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അടുത്തവര്‍ഷം വൈദ്യുതവാഹനങ്ങള്‍ ഇറക്കുമതിചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കയിലെ ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ചത് ചര്‍ച്ചകള്‍ക്ക് വേഗത പകര്‍ന്നിരുന്നു. അടുത്ത വർഷം ഇലോൺ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനും പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ ടെസ്‍ല വരവറിയിക്കുക ‘മോഡൽ Y-യുമായിട്ടാകും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മോഡൽ Y ക്രോസ്ഓവർ രാജ്യത്ത് ലഭ്യമാകുന്ന ആദ്യത്തെ മോഡലായിരിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മണികൺട്രോളിനോട് പറഞ്ഞു.
മോഡൽ 3 സെഡാൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ Y, 2020 മുതൽ ടെസ്‌ല നിർമ്മിക്കുന്ന ഒരു ഇടത്തരം ക്രോസ്‌ഓവർ എസ്.യു.വിയാണ്. മിഡ്-സൈസ് മോഡൽ എക്‌സിനേക്കാൾ ചെറുതും ചെലവുകുറഞ്ഞതുമായ സെഗ്‌മെന്റാണ് ഇത്. മോഡൽ എക്‌സിനെപ്പോലെ, ഈ മോഡലും ഏഴ് യാത്രക്കാർക്ക് ഇരിക്കാവുന്ന മൂന്നാം നിര സീറ്റുകളും ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു.
നിലവിൽ, മോഡൽ Y-യുടെ ജർമ്മനിയിലെ വില ഏകദേശം 45 ലക്ഷം രൂപയാണ്. എന്നാൽ, ഇറക്കുമതി തീരുവയും നികുതിയുമടക്കം ഇന്ത്യൻ ഉപഭോക്താക്കൾ ഈ മോഡലിന് കുറച്ചുകൂടി പണം മുടക്കേണ്ടതായി വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.