വാഹനാപകടങ്ങൾ കുറക്കാൻ വേണ്ടി രാജ്യത്ത് വിവിധ റോഡുകളിൽ വിവിധതരം വാഹനങ്ങൾ നിരോധനം ഏർപ്പെടുത്താറുണ്ട്. എക്‌സ്പ്രസ് ഹൈവേകളിലാണ് ഇത്തരത്തിലുള്ള നിരോധനങ്ങൾ വ്യാപകമായി ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ നിരോധനം ലംഘിച്ച് പ്രസ്തുത റോഡുകളിൽ ഓടിച്ചാൽ വലിയ തുകയൊന്നും പിഴയൊന്നും ഈടാക്കാറില്ല.
ഇത്തരത്തിൽ ഇരുചക്രവാഹനങ്ങൾക്കും മൂന്നുചക്ര വാഹനങ്ങളും കൂടാതെ പതിയ നീങ്ങുന്ന വാഹനങ്ങൾക്ക് നിരോധമുള്ള പാതയാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മീററ്റിലേക്കുള്ള എക്‌സ്പ്രസ് ഹൈവേ. 1,000 രൂപയായിരുന്നു ഇതുവരെ പാതയിൽ ബൈക്കുകളും ഓട്ടോറിക്ഷകളും പ്രവേശിച്ചാലുള്ള പിഴ. എന്നാൽ ഇപ്പോൾ പിഴത്തുക കുത്തനെ കൂട്ടി 20,000 രൂപയാക്കി മാറ്റിയിരിക്കുകയാണ് ഗാസിയബാദ് സിറ്റി ട്രാഫിക്ക് പൊലീസ്. പാതയിൽ വർധിച്ചുവരുന്ന അപകട മരണങ്ങൾ കണക്കിലെടുത്താണ് പിഴ കുത്തനെ കൂട്ടിയത്.
പാതയിലുണ്ടാകുന്ന അപകടങ്ങളിൽ മിക്കതിലും മരിക്കുന്നത് ഇരുചക്ര-മുച്ചക്രവാഹന യാത്രക്കാരാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരം വാഹനങ്ങൾ പാതയിൽ കയറാതിരിക്കാനുള്ള ഏകവഴി ഇതാണെന്നും പൊലീസ് പറഞ്ഞു.
നിയമം നടപ്പിലാക്കിയതിന് പിന്നാലെ ആഗസ്റ്റ് 5 മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ 430 വാഹനങ്ങൾക്കാണ് ഇത്തരത്തിൽ പിഴയീടാക്കിയത്. 16 ഓട്ടോറിക്ഷകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ ആറ് പൊലീസ് സംഘങ്ങളെ പാതയുടെ വിവിധ എൻട്രി/എക്‌സിറ്റ് പോയിന്റുകളിൽ നിയോഗിച്ചിട്ടുണ്ട്.
മോട്ടോർ വാഹന നിയമത്തിലെ 115-ാം വകുപ്പ് ഉപയോഗിച്ചാണ് ഇത്തരത്തിൽ പിഴയീടാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതിവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ പതിയെ പോകുന്ന ഇത്തരം വാഹനങ്ങൾ അപകടഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. മാസങ്ങൾക്കിടെ നിരവധി അപകടങ്ങളാണ് ഇത്തരം വാഹനങ്ങൾ മൂലം ഉണ്ടായതെന്ന് പൊലീസ് കണക്കുകൾ വെച്ച് അറിയിക്കുന്നുണ്ട്. 6 മുതൽ 14 വരെ വരികളുള്ള 36 കിലോമീറ്റർ നീളമുള്ള പാതയാണ് ഡൽഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.