ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ആഡംബര ജീവിതം കൊണ്ട് പ്രശസ്തനുമാണ് ഇദ്ദേഹം. ലക്ഷ്വറി വില്ലകളും കാറുകളും യാച്ചുകളും മുതൽ വിമാനം വരെ ഈ അന്താരാഷ്ട്ര പ്രശസ്തന്റെ പക്കലുണ്ട്. ഒരിക്കൽ ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറഞ്ഞത് തനിക്ക് എത്ര കാറുണ്ടെന്ന് കൃത്യമായി അറിയില്ല എന്നാണ്. ഈ പോർച്ചുഗീസ് താരം തന്റെ ആഡംബര കാറുകളുടെ ചിത്രങ്ങൾ ഇടക്കിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുമുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ, ഹൈപ്പർ കാറുകളാണ് ക്രിസ്റ്റ്യാനോ ഓടിക്കാറുള്ളത്.അദ്ദേഹത്തിന്റെ ശേഖരത്തിൽ ബുഗാട്ടി വെയ്‌റോൺ, ബുഗാട്ടി ഷിറോൺ, ഫെരാരി എഫ് 12 ടിഡിഎഫ്, ഫെരാരി 599 ജിടിബി, ഫെരാരി മോൻസ, മക്‌ലാരൻ സെന്ന, ലംബോർഗിനി അവന്റഡോർ, റോൾസ് റോയ്‌സ് ഗോസ്റ്റ്, റോൾസ് റോയ്സ് കള്ളിനൻ, പോർഷെ എസ് 911 തുടങ്ങിയ മോഡലുകൾ ഉണ്ട്.
എന്നാൽ ക്രിസ്റ്റ്യാനോ ആദ്യമായി വാങ്ങുന്ന വാഹനം ഇതൊന്നുമല്ല. അദ്ദേഹത്തിന് 19 വയസ്സുള്ളപ്പോഴാണ് ആദ്യ കാർ സ്വന്തമാക്കുന്നത്. 2004ൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനായി കരാർ ഒപ്പിട്ട സമയത്തായിരുന്നു അത്രയൊന്നും പ്രശസ്തമല്ലാത്ത എന്നാൽ ആഡംബരം ഒട്ടും കുറയാത്ത ആ വാഹനം റൊണാൾഡോ പോർച്ചിലെത്തിക്കുന്നത്.
ആദ്യ കാർ ഓഡി എസ് 3
ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡിയുടെ കറുത്ത എസ് 3 മോഡലാണ് റോണോ ആദ്യം വാങ്ങിയത്. ഓഡിയുടെ കോംപാക്റ്റ് സ്‌പോർട്‌സ് കാർ വിഭാഗത്തിലെ ആദ്യ തലമുറ വാഹനമായിരുന്നു ഇത്. ഇതൊരു ലെഫ്റ്റ് ഹാൻഡ് വാഹനവുമായിരുന്നു. അക്കാലത്തെ ഫോക്‌സ്‌വാഗൺ ഗോൾഫ്, ഓഡി ടിടി, സിയറ്റ് ലിയോൺ, സ്‌കോഡ ഒക്ടാവിയ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരുന്നു നിർമാണം.
1999ൽ 210 എച്ച്.പി കരുത്തോടെഎസ് 3 വിപണിയിൽ എത്തിയെങ്കിലും, റൊണാൾഡോ വാങ്ങിയത് ഇതിനകം പരിഷ്കരിച്ച തലമുറ വാഹനമായിരുന്നു. എഞ്ചിന് വേരിയബിൾ വാൽവ് ടൈമിങും 225 എച്ച്.പി കരുത്തും 280 എൻ.എം ടോർക്കും വാഹനത്തിൽ ഉണ്ടായിരുന്നു. സെനോൺ ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ലെതർ റെക്കാറോ സീറ്റുകൾ, ക്ലൈമറ്റിക് കൺട്രോൾ, അലാറം, സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ പ്രത്യേകതകളും വാഹനത്തിൽ ഉണ്ട്.
6-സിഡി ചേഞ്ചറോടുകൂടിയ ബോസ് സൗണ്ട് സിസ്റ്റം, സൺറൂഫ്, റിയർ പാർക്കിങ് സെൻസറുകൾ, ഹീറ്റഡ് സീറ്റുകൾ, ക്രൂസ് കൺട്രോൾ പോലുള്ള ഫീച്ചറുകളും റൊണാൾഡോയുടെ കാറിന് അക്കാലത്ത് മാറ്റുകൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.