2020ൽ നമ്മോടൊപ്പമുണ്ടായിരുന്ന നാല് കാറുകൾ പുതുവർഷത്തിൽ രാജ്യത്തുനിന്ന് എന്നെന്നേക്കുമായി വിടപറയുകയാണ്. ഇതിൽ ചില വാഹനങ്ങൾ നിരവധി വർഷങ്ങളായി വിപണിയിൽ സ്ഥാനമുറപ്പിച്ചിരുന്നവയാണ്. ചിലതെല്ലാം ലക്ഷത്തിലധികം ഇവിടെ വിറ്റഴിഞ്ഞിട്ടുമുണ്ട്. പക്ഷെ പുതുനിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും പിന്നാലെ വിൽപ്പന ഇടിയുകകൂടി ചെയ്തതോടെ വാഹനങ്ങൾ പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതരാവുകയായിരുന്നു.
ഹോണ്ട
വിപണിയിൽ നിന്ന് പിൻവലിക്കപ്പെടുന്ന വാഹനങ്ങളിൽ പ്രധാനി ഹോണ്ടയുടെ എം.പി.വിയായ ബി.ആർ.വിയാണ്. ഹോണ്ട ബി.ആർ.വിയെ ബിഎസ് 6 എമിഷൻ നിലവാരത്തിലേക്ക് കമ്പനി അപ്‌ഗ്രേഡുചെയ്‌തിരുന്നില്ല. 2015 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുകയും 2016 മെയിൽ വിൽപ്പന ആരംഭിക്കുകയും ചെയ്ത വാഹനമാണ് ബിആർ-വി. ഹോണ്ടയുടെ ഉയർന്ന വിൽപ്പനയുള്ള വാഹനമായിരുന്നില്ല ഒരുകാലത്തും ബി.ആർ.വി. 2017ൽ ഈ എം.പി.വിയുടെ 2,857 യൂനിറ്റ് മാത്രമാണ് വിറ്റത്. സ്യൂഡോ എസ്.യു.വി എന്നാണ് ബി.ആർ.വിയെ എതിരാളികൾ വിളിച്ചിരുന്നത്. 2018 ൽ വിൽപ്പന 7,140 യൂനിറ്റുകളായി ഉയർന്നു. വാങ്ങുന്നവരെ ആകർഷിക്കുന്നതിൽ പരാജയപ്പെടുകയും നിർത്തലാക്കുകയും ചെയ്ത മൊബിലിയോയുമായി ബിആർ-വിക്ക് സമാനതകളുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന ബിആർവിക്ക് ഏഴും അഞ്ചും ഇരിപ്പിടങ്ങളുള്ള മോഡലുകളുണ്ട്. ഇന്ത്യൻ-സ്പെക് മോഡൽ ഏഴ് സീറ്റ് പതിപ്പിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
ഹ്യൂണ്ടായ്
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് തങ്ങളുടെ കോമ്പാക്ട് സെഡാനായ എക്സന്റിനെ നീക്കം ചെയ്തിട്ടുണ്ട്. എക്സന്റ്ിന്റെ പിൻഗാമിയായി കമ്പനി ഈ വർഷം തുടക്കത്തിൽ ഓറ എന്ന പേരിൽ പുതിയ വാഹനം പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എക്സന്‍റ് പിൻവലിക്കുന്നത്. ഹ്യുണ്ടായ് എക്സന്‍റ് രണ്ടാം തലമുറ ഹ്യുണ്ടായ് ഐ 10 (ഗ്രാൻഡ് ഐ 10) ൽ നിന്ന് ഉത്ഭവിച്ച വാഹനമാണ്. അതുപോലെ തന്നെ മൂന്നാം തലമുറ ഐ 10 (ഗ്രാൻഡ് ഐ 10 നിയോസ്) ന്‍റെ സെഡാൻ രൂപമാണ് ഓറ. ഹ്യുണ്ടായ് ഓറ എക്സന്‍റ് സെഡാനുകൾക്ക് ഒരേ നീളവും (3,995 മില്ലിമീറ്റർ) ഉയരവും (1,520 മില്ലിമീറ്റർ) മറ്റ് സവിശേഷതകളുമാണുള്ളത്. ബിഎസ് ആറ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എക്സെന്‍റിന് കരുത്തുപകരുന്നത്. രണ്ട് പവർട്രെയിനുകളിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിസാൻ
2020ൽ ഇന്ത്യൻ വിപണികളിൽ നിന്ന് രണ്ട് മോഡലുകളെ പിൻവലിക്കാനാണ് നിസാൻ തീരുമാനിച്ചിരിക്കുന്നത്. ബിഎസ് ആറ് മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയതാണ് വാഹനങ്ങൾ പിൻവലിക്കാനുള്ള പെട്ടെന്നുള്ള കാരണം. മൈക്ര ഹാച്ച്ബാക്കും സണ്ണി സെഡാനുമാണ് പുറത്തുപോകുന്ന നിസാൻ വാഹനങ്ങൾ. ജാപ്പനീസ് കാർ നിർമ്മാതാവായ നിസാൻ ഒരു പതിറ്റാണ്ട് മുമ്പ് ഇന്ത്യയിൽ മൈക്ര ഹാച്ച്ബാക്ക് പുറത്തിറക്കിയിരുന്നു. 2014 ൽ മിഡ് ലൈഫ് അപ്‌ഡേറ്റും 2017 ൽ അടുത്ത ഫെയ്‌സ്‌ലിഫ്റ്റും ലഭിച്ചു. 2011ലാണ് കമ്പനി സണ്ണി സെഡാൻ വാഹനനിരയിൽ ഉൾപ്പെടുത്തുന്നത്. 2017ൽ കാറിനെ അപ്‌ഡേറ്റ് ചെയ്തു. 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റെനോ
റെനോ ഇന്ത്യ അതിന്‍റെ പ്രധാന ഉൽപ്പന്നങ്ങളിലൊന്ന് ഔദ്യോഗിക പേജിൽ നിന്ന് നീക്കംചെയ്തിട്ടുണ്ട്. ബിഎസ് 4 പതിപ്പിൽ വാഗ്ദാനം ചെയ്ത റെനോ കാപ്ചർ എസ്‌യുവിയാണ് രാജ്യത്തുനിന്ന് പുറന്തള്ളപ്പെടുന്നത്. 2017 ലാണ് വാഹനം വിപണിയിലെത്തിയത്. മാരുതി എസ്-ക്രോസ്, നിസ്സാൻ കിക്സ്, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായി മത്സരിക്കുകയായിരുന്നു കാപ്ചറിന്റെ ദൗത്യം. നിരവധി ശ്രമങ്ങൾക്കൊടുവിൽ ഇന്ത്യൻ വാങ്ങലുകാരെ സ്വാധീനിക്കുന്നതിൽ വാഹനം അേമ്പ പരാജയപ്പെട്ടു. ഈ വർഷം ആദ്യം പുതിയ കാപ്ചറിനെ റഷ്യയിൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.