10 കുട്ട ചാണകമുണ്ടെങ്കിൽ ഈ ട്രാക്ടർ ഓടിക്കാം; അപൂർവ്വ വാഹനം പുറത്തിറക്കി ബ്രിട്ടീഷ് കമ്പനി

ചാണകം എന്നത് മലയാളികളെ സംബന്ധിച്ച് അത്ര ഇഷ്ടപ്പെട്ട ഒന്നല്ല. തീരെ മനസിന് പിടിക്കാത്തതിനെയാണ് നാം ചാണകമെന്ന് പലപ്പോഴും വിശേഷിപ്പിക്കുന്നത്. വെറും ചാണകമാകരുതെന്ന് പറഞ്ഞാൽ ഇത്രയും മണ്ടത്തരം പറയരുതെന്നാണ് നാം അർഥമാക്കുന്നത്. എന്നാൽ ചാണകം ഒരു ട്രാക്ടർ ഇന്ധനമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കമ്പനി.

ചാണകം ഇന്ധനമാക്കി ഓടിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ട്രാക്ടര്‍ നിർമിച്ചത് ബ്രിട്ടീഷ് കമ്പനിയായ ബെന്നമൻ ആണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ബ്രിട്ടീഷ് ഫാമുകളിൽ ഇന്ന് ചാണകമാണ് പ്രധാന ഇന്ധനമായി ഉപയോഗിക്കുന്നത്. പശു ഫാമിലെ മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കുന്ന ബയോഗ്യാസ് മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ ട്രാക്ടറാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 100 പശുക്കളെ വളര്‍ത്തുന്ന ഫാമുകളില്‍ പോലും ലിക്വിഡ് മീഥെയ്ന്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാക്ടറിന് ആവശ്യമായ ഇന്ധനം ലഭിക്കുമെന്നാണ് കണ്ടെത്തൽ. 276 എച്ച്പി കരുത്തുള്ള ഈ ട്രാക്ടറിന് ഡീസല്‍ ഇന്ധനമാക്കി ഓടുന്ന സമാനശേഷിയുള്ള ട്രാക്ടറുകളുടെ ശേഷിയുണ്ടെന്ന് നിര്‍മാതാക്കളായ ബെന്നമന്‍ പറയുന്നു.

കാർഷിക മേഖലയെ കാർബൺ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ബെന്നമാൻ നിർമിച്ച ട്രാക്ടർ ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. പശുവിന്റെ ചാണകത്തിൽ നിന്ന് 'ഫ്യൂജിറ്റീവ് മീഥേൻ' ആഗിരണം ചെയ്ത് ജൈവ ഇന്ധനമാക്കി മാറ്റിയാണ് ട്രാക്ടർ പ്രവർത്തിക്കുന്നത്. ഫാമുകളില്‍ കന്നുകാലികള്‍ പുറത്തുവിടുന്ന വാതകങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിനു പോലും കാരണമാകാറുണ്ട്. മീഥെയ്ന്‍ ഇന്ധനമാക്കുന്നതിനാല്‍ ഡീസല്‍ വാഹനങ്ങളുടേതു പോലെയുള്ള മലിനീകരണം ഇല്ലെന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ട്രാക്ടറിന് സാധിക്കും. സംസ്‌കരിച്ച മീഥെയ്ന്‍ ട്രാക്ടറില്‍ പ്രത്യേകം ഘടിപ്പിച്ച ടാങ്കില്‍ 162 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ ചൂടാക്കുമ്പോഴാണ് അത് ട്രാക്ടറോടിക്കാന്‍ ശേഷിയുള്ള ഇന്ധനമായി മാറുന്നത്.


 പ്രവർത്തന രീതി

പശുക്കളിൽ നിന്നുള്ള മാലിന്യ ഉപോൽപ്പന്നങ്ങൾ ബയോമീഥേൻ സ്റ്റോറേജ് യൂനിറ്റിലേക്ക് ശേഖരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പശു മാലിന്യ ഉൽപ്പന്നം ഫ്യൂജിറ്റീവ് മീഥേൻ എന്നറിയപ്പെടുന്ന ഒരു വാതകം പുറത്തുവിടുന്നു. അത് സംസ്കരിച്ച് കംപ്രസ് ചെയ്ത് പ്രോസസ്സിങ് യൂനിറ്റ് ഉപയോഗിച്ച് കുറഞ്ഞ എമിഷൻ ഇന്ധനമാക്കി മാറ്റുന്നു. ട്രാക്ടറിൽ ഘടിപ്പിച്ചിരിക്കുന്ന ക്രയോജനിക് ടാങ്ക് -162 ഡിഗ്രിയിൽ ദ്രവരൂപത്തിൽ മീഥേൻ നിലനിർത്തും. ക്രയോജനിക് സ്റ്റോറേജ് ടാങ്ക് ഉപയോഗിച്ച് ഡീസലിന് സമാനമായി മീഥേൻ കൊണ്ടുപോകാനുമാവും. ഇതിനായി ബെന്നമാൻ പേറ്റന്റ് നേടിയ നോൺ-വെന്റിങ് ക്രയോജനിക് സ്റ്റോറേജ് ടാങ്കാണ് ഉപയോഗിക്കുന്നത്.

പതിറ്റാണ്ടുകളായി ബയോമീഥേൻ ഉൽപ്പന്നങ്ങൾ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന കോർണിഷ് കമ്പനിയാണ് ബെന്നമാൻ. 270 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്തമാണ് ഈ ന്യൂ ഹോളണ്ട് T7 ട്രാക്ടർ എന്നാണ് ബെന്നമാൻ പറയുന്നത് തന്നെ. 'ആഗോള കാര്‍ഷിക വ്യവസായത്തിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കുന്നതാണ് ടി7 ലിക്വിഡ് മീഥെയ്ന്‍ ഇന്ധനമായി ഓടുന്ന ട്രാക്ടര്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കണക്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 80 ഇരട്ടി അന്തരീക്ഷ താപനത്തിനിടയാക്കുന്ന വാതകമാണ് മീഥെയ്ന്‍. ആ മീഥെയ്‌നെ ഇന്ധനമാക്കി മാറ്റുന്നത് ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ കരുത്താവും' ബെന്നമന്‍ സഹ സ്ഥാപകന്‍ ക്രിസ്മന്‍ പറയുന്നു.

അമേരിക്കയില്‍ വച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ മാസമാണ് ന്യൂ ഹോളണ്ട് ടി7 മീഥെയ്ന്‍ പവര്‍ എല്‍എന്‍ജി (ലിക്വിഫെയ്ഡ് നാച്ചുറല്‍ ഗ്യാസ്) എന്ന ഈ ട്രാക്ടര്‍ പുറത്തിറക്കിയത്. ന്യൂഹോളണ്ടിന്റെ മാതൃ കമ്പനിയായ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലും ബെന്നമനുമായി ചേര്‍ന്നാണ് ട്രാക്ടര്‍ നിര്‍മിച്ചത്. നിലവിൽ ലോകത്ത് ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നതിൽ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ 2070 ഓടെ സീറോ കാർബൺ ലക്ഷ്യമിടുന്നുണ്ട്. പുതിയ ഇന്ധന സാങ്കേതികവിദ്യ കർഷകർക്ക് താങ്ങാനാവുന്ന ഊർജ്ജ ഓപ്ഷനായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Tags:    
News Summary - THIS company launches world`s first cow-dung-powered tractor; here`s HOW it works and other details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.