ഇലക്ട്രിക് പിക്കപ്പ് ട്രകുകളിൽ പുതിയ തരംഗംതീർത്ത് അമേരിക്കൻ സ്റ്റാർട്ടപ്പ് കാനൂ. വാനായി രൂപം മാറ്റാവുന്ന ഇലക്ട്രിക് ട്രകാണ് ലോസ്ഏഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാനൂ നിർമിച്ചിരിക്കുന്നത്. ജിഎംസി ഹമ്മർ ഇവി, ടെസ്ല സൈബർട്രക്ക്, ഫോർഡ് എഫ് 150 ബിഇവി, റിവിയൻ ആർ 1 ടി, ലോർഡ്സ്റ്റൗൺ എൻഡുറൻസ്, ഷെവർലെ ഇവി പിക്കപ്പ് തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും കാനൂ മത്സരിക്കുക.
കാനൂ സ്വന്തമായി വികസിപ്പിച്ച പ്ലാറ്റ്ഫോമിൽ നിർമിച്ച ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്‍റെ സവിശേഷത അതിന്‍റെ രൂപവും പ്രായോഗികതയുമാണ്. വിവിധ രീതികളിൽ ക്രമീകരിക്കാവുന്ന കിടക്കയും വാഹനത്തിലുണ്ട്. അതിന്‍റെ നീളം ആറ് മുതൽ എട്ട് അടിവരെ വർധിപ്പിക്കാനാകും. ക്യാമ്പർ വാനായും മോഡുലാർ രൂപത്തിലും വാഹനം എളുപ്പത്തിൽ ഉപയോഗിക്കാം എന്നതും പ്രത്യേകതയാണ്.
ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളുമെല്ലാം എൽ.ഇ.ഡിയിലാണ് തീർത്തിരിക്കുന്നത്. ടെയിൽഗേറ്റ് തുറന്നതിനുശേഷം ടെയിൽ ലൈറ്റുകൾ ദൃശ്യമാകാത്തതിനാൽ കാനൂ ടെയിൽഗേറ്റിന്‍റെ അരികുകളിൽ ഒരു നേർത്ത ലംബ എൽഇഡി സ്ട്രിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിയുടെ ക്യാബിന് നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്. വർക്ക്ടേബിൾ, മേൽക്കൂരയിൽ റാക്ക്, കൂടാരമാക്കി മാറ്റാവുന്ന ക്യാമ്പർ ടെന്‍റും വാഹനം വാഗ്ദാനം ചെയ്യുന്നു.
ഉപകരണങ്ങൾ ചാർജ് ചെയ്യാൻ, എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന നിരവധി പവർ ഔട്ട്‌ലെറ്റുകളുണ്ട്. കാനൂ ഇലക്ട്രിക് പിക്കപ്പ് ട്രക്കിന് കരുത്തുപകരുന്നത് ഇരട്ട മോട്ടോറുകളാണ്. 600 എച്ച്പി കരുത്തും 746 എൻഎം ടോർക്കും ഇലക്ട്രിക് മോട്ടോറുകൾ ഉത്പാദിപ്പിക്കും. 322 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കും. വാഹനത്തിന്‍റെ പരമാവധി പേലോഡ് ശേഷി 816 കിലോഗ്രാം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.