വൈദ്യുത വാഹനരംഗം കൂടുതൽ മത്സരമാക്കാൻ പുതിയ ഇ ൈബക്കുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂടോൺ എനർജിയ ആണ് പുതിയ വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിച്ചത്. ഫോർട്ടി ഫൈവ് എന്നാണ് വാഹനനിരക്ക് പേരിട്ടിരിക്കുന്നത്. ഒരു ഇ ബൈക്കിന്‍റെ വില 35,000 രൂപയാണ്. ഒരുപ്രാവശ്യം പൂർണമായി ചാർജ് ചെയ്താൽ 65 കിലോമീറ്റർ സഞ്ചരിക്കാം. ആറ് രൂപയുടെ വൈദ്യുതിയാണ് ഒറ്റത്തവണ ചാർജ് ചെയ്യാൻ ആവശ്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഫോർട്ടി ഫൈവിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 10 പൈസ മാത്രമാണ് ചിലവുവരികയെന്നും യൂടോൺ എനർജിയ സി.ഇ.ഒ ഹർഷവർധൻ കാനുമല്ല പറയുന്നു.
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയാണ് വാഹനത്തിനുള്ളത്. 'ഒരു ഇന്ത്യക്കാരന്‍റെ ഒരുദിവസത്തെ ശരാശരി യാത്രാ ദൂരം ആറ് മുതൽ എട്ട് കിലോമീറ്റർ വരെയാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്ത്യൻ യാത്രക്കാരുടെ ശരാശരി വേഗത വെറും 17 കിലോമീറ്റർ ആണ്. നഗരവാസികളിൽ ഒരു യാത്രക്കാരൻ അവരുടെ ദിവസത്തിന്റെ 7 മുതൽ 10 ശതമാനം വരെ റോഡിൽ ചെലവഴിക്കുന്നു. വർധിച്ചുവരുന്ന ഇന്ധന വില കണക്കാക്കിയാൽ അക്ഷരാർഥത്തിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടന്ന് പണം നഷ്ടമാക്കുകയാണ് ആളകൾ ചെയ്യുന്നത്'-ഹർഷ്വർധൻ പറയുന്നു.
ഭാരം കുറഞ്ഞ അലുമിനിയം ഫ്രെയിമിലാണ് ഫോർട്ടി ഫൈവ് നിർമിച്ചിരിക്കുന്നത്. മറ്റ് വാഹനഭാഗങ്ങൾ നിർമിക്കാൻ കാർബൺ സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇ-ബൈക്ക് ഓടിക്കാൻ ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. 6.8 കിലോഗ്രാം മാത്രമാണ് ബൈക്കിന്‍റെ ഭാരം. 120 കിലോഗ്രാം വരെ വഹിക്കാൻ ഫോർട്ടിഫൈവിനാകും.
മറ്റ് പ്രത്യേകതകൾ
നീക്കംചെയ്യാവുന്ന ബാറ്ററിയാണ് ഇ-ബൈക്കുകളിലുള്ളത്. ഓഫീസിലോ വീട്ടിലോവച്ച് 75 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയും. ഒറ്റത്തവണ ചാർജ് ചെയ്യാനുള്ള ചെലവ് ഏകദേശം ആറ് രൂപയാണ്. പല ഇ-ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, മികച്ച കാര്യക്ഷമതയ്ക്ക് മാഗ്നൈറ്റ് സിൻക്രണസ് മോട്ടോറും (പിഎംഎസ്എം) 675 ഡബ്ല്യുഎച്ച് ലിഥിയം അയൺ ബാറ്ററിയും യൂടോൺ എനർജിയ ഉപയോഗിക്കുന്നു. ഇന്ത്യയിൽ നിർമിക്കുന്ന മിഡ് ഡ്രൈവ് മോട്ടോർ 75 ന്യൂട്ടൺ മീറ്ററിൽ (എൻഎം) ടോർക്ക് നൽകുന്നു.
ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളാണ് മറ്റൊരു പ്രത്യേകത. മെക്കാനിക്കൽ ഡിസ്കുകളേക്കാൾ മികച്ചതും കാര്യക്ഷമവുമാണ് ഇവ.വാഹന വിവരങ്ങൾ ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് വാഹനത്തിന് വരാൻ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ച് പതിവായി അപ്‌ഡേറ്റുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.