എവിടെപ്പോയാലും അവിടൊക്കെ കറങ്ങി നടക്കാൻ സ്വന്തമായൊരു വാഹനം വാങ്ങുകയെന്നത് മനുഷ്യരുടെ ശീലമാണ്. ഭൂമിയിൽ എവിടെപ്പോയാലും സഞ്ചരിക്കാൻ പാകത്തിലുള്ള വാഹനങ്ങൾ നിലവിൽ നമ്മുടെ പക്കലുണ്ട്. ഇനി നമ്മൾ നാളെ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ താമസമാക്കിയാലോ. അപ്പോൾ ഒരു വഹനം വേണമെന്ന് തോന്നിയാൽ എന്തുചെയ്യും. അതിനും വഴിയുണ്ടെന്ന് പറയുന്നത് സാക്ഷാൽ ടൊയോട്ടയാണ്. ഈ ജാപ്പനീസ് വാഹന ഭീമന്‍റെ പുതിയ പദ്ധതികളിലൊന്നാണ് ലൂണാർ ക്രൂസർ പ്രോജക്ട്. ലൂണാർ ക്രൂസർ എന്ന വാഹനമാണ് ഇവിടെ നിർമിക്കുന്നത്. ലാൻഡ് ക്രൂസർ എന്ന തങ്ങളുടെ ഇതിഹാസ വാഹനത്തിന്‍റെ ഓർമയിലാണ് ചാന്ദ്ര വാഹനത്തിന് ലൂണാർ ക്രൂസർ എന്ന് പേരിട്ടിരിക്കുന്നത്.
ലൂണാർ ക്രൂസർ പ്രോജക്ട്
ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമായി (ജാക്‌സ) ചേർന്ന് കുറച്ചുകാലമായി ടൊയോട്ട പ്രവർത്തിക്കുന്നുണ്ട്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ആളുകളെ ചന്ദ്രനിൽ എത്തിക്കുകയും അവർക്ക് സഞ്ചരിക്കാൻ വാഹനം നിർമിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 2040-കളിൽ ചൊവ്വയിലേക്ക് പോകാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരമൊരു വാഹനത്തിന്റെ പണി പുരോഗമിക്കുകയാണെന്ന് കുറച്ച് കാലമായി അറിയാമെങ്കിലും, കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ചന്ദ്രനിലും ചൊവ്വയിലും ആളുകളുമായി സഞ്ചരിക്കാൻ മാത്രമല്ല സുഖമായി താമസിപ്പിക്കാനും പൂർണ്ണമായും സജ്ജീകരിച്ച പുതിയ വാഹനത്തിന് കഴിയും.
ബഹിരാകാശത്ത് വാസയോഗ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ വാഹനത്തിന് കഴിയുമെന്ന് ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ ലൂണാർ ക്രൂയിസർ പ്രൊജക്റ്റ് മേധാവി തകാവോ പറഞ്ഞു. 'നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന സമഗ്രമായ പരിവർത്തനത്തിനുള്ള മേഖലയായാണ് ഞങ്ങൾ ബഹിരാകാശത്തെ കാണുന്നത്. ബഹിരാകാശത്തേക്ക് പോകുന്നതിലൂടെ, ടെലികമ്മ്യൂണിക്കേഷനും മറ്റ് സാങ്കേതികവിദ്യകളും വികസിപ്പിക്കാൻ കഴിഞ്ഞേക്കും. അത് മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കും'-അദ്ദേഹം പറഞ്ഞു.
ദുർഘടമായ ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കാൻ മാത്രമല്ല, സുസജ്ജമായ പാർപ്പിടം പ്രദാനം ചെയ്യാനും വാഹനത്തിനാകും. യാത്രക്കാർക്ക് സാധ്യമല്ലാത്ത ചില ജോലികൾ നിർവഹിക്കാനും ചാന്ദ്ര വാഹനം പ്രാപ്തമാണ്. ലൂണാർ ക്രൂസറിൽ പ്രത്യേക റോബോട്ടിക് കൈകളും പിടിപ്പിച്ചിട്ടുണ്ട്. ഈ റോബോട്ടിക് ആം കൊണ്ട് വിവിധ മെക്കാനിക്കൽ ജോലികൾ ചെയ്യാനുമാകും.
വാഹനത്തിന്‍റെ പവർട്രെയിനിനെ കുറിച്ചുള്ള വിശദാംശങ്ങളും ക്യാബിൻ സവിശേഷതകളും പുറത്തുവിട്ടിട്ടില്ല. ടൊയോട്ട വാഹനങ്ങൾ ഭൂമിയിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കികഴിഞ്ഞതിനാൽ പുതിയ ചക്രവാളങ്ങൾ തേടാനുള്ള അവസരമാണ് കമ്പനി പുതിയ അവസരത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.