ഈ വർഷം 300,000 വാഹനങ്ങൾ കുറച്ചേ നിർമിക്കുകയുള്ളൂ എന്ന് ടൊയോട്ട. ആഗോള വാഹന ഉത്പ്പാദനത്തിലാണ് കുറവുവരുത്തുന്നത്. സെമികണ്ടക്ടർ ക്ഷാമവും ചിപ്പ് നിർമാണ പ്രതിസന്ധിയുമാണ് കാരണം. കോവിഡ് കാരണം നിരവധി ഫാക്ടറികളിൽ ജോലികൾ നിർത്തിവച്ചതും നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഉൽപാദന ലക്ഷ്യം പുതുക്കാൻ കമ്പനിയെ നിർബന്ധിതരാക്കി. അടുത്ത വർഷം മാർച്ച് 31 വരെ ഒമ്പത് ദശലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടൊയോട്ട ഇപ്പോൾ ലക്ഷ്യമിടുന്നത്.
പുതിയ തീരുമാനം ബിഡാഡിയിൽ (കർണാടക) സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഉത്പാദന കേന്ദ്രത്തെ ബാധിക്കുമോ എന്ന് ടൊയോട്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, അർബൻ ക്രൂസർ, ഗ്ലാൻസ, യാരിസ്, കാമ്രി, വെൽഫയർ എന്നിവയെല്ലാം ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇവയെല്ലാം കമ്പനി രാജ്യത്ത് നിർമ്മിക്കുന്നുമുണ്ട്.
ചിപ്പ് ക്ഷാമം
ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 അർധചാലകങ്ങൾ ഉപയോഗിക്കുന്നതായാണ് കണക്ക്. ആഗോളതലത്തിൽ വാഹനവ്യവസായത്തെ അർധചാലക ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട് ഏറെക്കാലമായി. കോവിഡ് -19െൻറ പശ്ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ് പ്രശ്നത്തിന് കാരണമായത്. ചിപ്പ് നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
ഇന്ത്യൻ വാഹനവിപണിയെ കാത്തിരിക്കുന്നത് കനത്ത നഷ്ടം
പകർച്ച വ്യാധിക്കൊപ്പം സാേങ്കതിക പ്രശ്നങ്ങളും ഉടലെടുത്തതോടെ ഇന്ത്യൻ വാഹനവിപണിയെ കാത്തിരിക്കുന്നത് വൻ നഷ്ട സാധ്യത. സെപ്റ്റംബറിൽ കാർ നിർമാതാക്കൾ ഒരു ബില്യൻ ഡോളർ അഥവാ 73,000 കോടി രൂപയുടെ വരുമാനനഷ്ട സാധ്യതയാണ് കണക്കാക്കുന്നത്. ഇന്ത്യൻ പാസഞ്ചർ കാർ നിർമ്മാതാക്കളുടെ മൊത്തം വരുമാനത്തിെൻറ ഏകദേശം 4 ശതമാനം ആണിത്. ഈ മാസത്തെ ഉത്പാദനം 180,000-215,000 യൂനിറ്റിന് ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ലോക്ഡൗൺ കാരണം ഉത്പാദനം നിലച്ച മാസങ്ങൾ ഒഴികെയുള്ള കണക്കെടുത്താൽ ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
പാസഞ്ചർ വാഹന വ്യവസായത്തിൽ സെപ്റ്റംബർ മാസത്തെ ഉത്പാദനത്തിൽ 100,000-110,000 യൂനിറ്റ് കുറവുണ്ടാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. വാഹന ബുക്കിങ് 400,000-500,000 ആയി ഉയർന്നിട്ടും, ഉത്സവ സീസണ് മുമ്പ് ഉത്പാദനം വർധിപ്പിക്കാൻ നിർമാതാക്കൾക്ക് ആയിട്ടില്ല. ചിപ്പ് ക്ഷാമമാണ് നിലവിൽ ഇവർ നേരിടുന്ന ഗുരുതര പ്രതിസന്ധി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിെൻറ (സിയാം) ഡാറ്റ പ്രകാരം 2009 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഉത്പാദന നിരക്കാണ് സെപ്റ്റംബറിൽ വരാനിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ, കാർ നിർമാതാക്കൾ സെപ്റ്റംബറിൽ 278,000-343,000 യൂനിറ്റുകൾ നിർമ്മിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി സെപ്റ്റംബറിലെ ഉൽപാദനത്തിൽ 60 ശതമാനം കുറവുണ്ടാകുമെന്ന് ഈ ആഴ്ച ആദ്യം സൂചിപ്പിച്ചിരുന്നു. 'സ്ഥിതിഗതികൾ അത്ര മികച്ചതല്ല. മൊത്തം വാഹന ഉത്പാദനത്തിെൻറ അളവ് സാധാരണയിൽനിന്ന് 40 ശതമാനം കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'-കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാസത്തിൽ ഏഴ് 'ഉത്പാദന രഹിത ദിവസങ്ങൾ' പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കുറവാണ് കമ്പനി ഉപ്രതീക്ഷിക്കുന്നത്. 'കമ്പനിയുടെ ഓട്ടോമോട്ടീവ് ഡിവിഷൻ അർധചാലകങ്ങളുടെ വിതരണ ക്ഷാമം നേരിടുന്നത് തുടരുകയാണ്'-കമ്പനി വക്താവ് പറഞ്ഞു. റെനോ-നിസ്സാൻ, ഫോർഡ്, എംജി തുടങ്ങിയവ കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.