മുന്നേ നടന്നവരും പിന്നേ നടന്നവരും ഒരുപാടുണ്ടെങ്കിലും അവനെന്നും തല ഉയർത്തിത്തന്നെ നിന്നു. പുതുതാണെങ്കിലും ഉപയോഗശേഷമാണെങ്കിലും അവനായി ആവശ്യക്കാർ വട്ടമിട്ടുപറന്നു. അന്ന് എതിരാളികൾ മനസിലാക്കി; എം.പി.വികളിലെ ഒരേയൊരു രാജാവ് അവൻ മാത്രമാണെന്ന്.
മേൽ പറഞ്ഞത് ഒരുതരം സുവിശേഷ മോഡലിൽ ആണെന്നറിയാം. അതിനൊരു കാരണമുണ്ട്. ഇന്ത്യക്കാർക്കൊരു വാഹന വേദഗ്രന്ഥം ഉണ്ടാകുമായിരുന്നെങ്കിൽ അതിൽ ഇന്നോവയെപ്പറ്റി ഇതിലും കുറച്ച് പറയാനാകില്ലായിരുന്നു. കാരണം ഇന്നോവയെന്നത് ഇന്ത്യക്കാരുടെ വാഹന സങ്കൽപ്പങ്ങളുമായി അത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു. 10 ലക്ഷം ഇന്നോവകൾ ഇന്ത്യൻ നിരത്തുകളിലെത്തിച്ചുവെന്ന് ടൊയോട്ട പ്രഖ്യാപിക്കുമ്പോൾ മനസിലാകും ഈ വാഹനത്തിന്റെ കരുത്തും ജനപ്രീതിയും.
ടൊയോട്ടയുടെ ചരിത്രം ഇന്നോവയുടേയും
ഒരുപക്ഷെ ഇന്നോവ ഇല്ലായിരുന്നെങ്കിൽ ടൊയോട്ട ഇതിനകം രാജ്യം വിട്ടേനെ എന്ന് കരുതുന്നവരുണ്ട്. ടൊയോട്ട എന്ന ജാപ്പനീസ് വാഹന ഭീമന് തൊട്ടതെല്ലാം പൊന്നാക്കാൻ കഴിഞ്ഞ വിപണിയല്ല ഇന്ത്യ. വിശ്വാസ്യതയിലും നിർമാണ നിലവാരത്തിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ജാപ്പനീസ് പാമ്പര്യവുമായി ഇവിടെയെത്തിയ കമ്പനിയെ കാത്തിരുന്നത് നാല് ചക്രവും മേൽക്കൂരയും പിടിപ്പിച്ച് കാറെന്ന പേരിൽ വിൽക്കുന്ന എതിരാളികളാണ്. അവരോട് വിലയിലും മൈലേജിലുമൊന്നും മത്സരിച്ചുജയിക്കാൻ ടൊയോട്ടക്കായില്ല. ഇന്ത്യയിൽ ഇപ്പോഴും സ്വന്തമായി മികെച്ചാരു ചെറുകാർ പുറത്തിറക്കാൻ കഴിയാത്ത കമ്പനിയാണ് ടൊയോട്ട. മധ്യ നിരയിൽ ഒരു നല്ല സെഡാനോ ചെറു എസ്.യു.വിയോ അവർക്കില്ല. എല്ലാറ്റിനും പകരം ടൊയോട്ടക്കുള്ളത് ഇന്നോവയാണ്.
10 ലക്ഷം എന്ന നാഴികക്കല്ല്
ടൊയോട്ട കിർലോസ്‌കർ മോട്ടോർസ് ഇപ്പോൾ പുറത്തിറക്കുന്ന വാഹനങ്ങളിൽ പ്രധാനിയാണ് ഇന്നോവ ക്രിസ്റ്റ. മൾട്ടി പർപ്പസ് വാഹനം എന്തായിരിക്കണമെന്ന് ഇന്ത്യക്കാർ കണ്ടുപടിച്ചത് ഇന്നോവയിലുടെയാണ്. ആദ്യം ക്വാളിസ് എന്ന പെട്ടിരൂപമുള്ള മോഡലുമായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു ടൊയോട്ട. ക്വാളിസിന്റെ പിൻഗാമിയായാണ് ഇന്നോവ എത്തുന്നത്. 2004ൽ ആദ്യമായി വിപണിയിൽ എത്തിയ ഇന്നോവ വർഷങ്ങളായി നിരത്തിൽ ആധിപത്യം തുടരുന്നു.
2015-ൽ രണ്ടാം തലമുറ മോഡലായി പുറത്തിറക്കിയപ്പോൾ വാഹനം ഇന്നോവ ക്രിസ്റ്റ എന്ന് നാമകരണം ചെയ്യപ്പെട്ടു. മാരുതി എർട്ടിഗ, എക്സ്.എൽ6, എം.ജി ഹെക്‌ടർ പ്ലസ്, കിയ കാരെൻസ്, റെനോ ട്രൈബർ എന്നിങ്ങനെ വ്യത്യസ്‌ത ശൈലിയുള്ള എതിരാളികളുമായി മാറ്റുരയ്ക്കുമ്പോഴും ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും ഇന്നോവ ക്രിസ്റ്റ തന്നെയാണ്.
നിലവിൽ ഇന്ത്യയിൽ ഇന്നോവ ക്രിസ്റ്റയുടെ 18 വേരിയന്റുകളാണുള്ളത്. ഈ മുൻനിര എം.പി.വിയുടെ പ്രാരംഭ എക്സ്ഷോറൂം വില 16.52 ലക്ഷം രൂപയാണ്. ടോപ്പ് എൻഡ് വേരിയന്റിന് 24.59 ലക്ഷം രൂപ വിലവരും.
ടാക്‌സികളായും മധ്യവർഗത്തിന്റെ സ്റ്റാറ്റസ് സിംബലായും അധികാരികളുടെ ഔദ്യോഗിക വാഹനമായും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരേയൊരു വാഹനമാണ് ഇന്നോവ. എട്ടു പേരുടെ യാത്ര എന്നതാണ് ടാക്സിക്കാരെ ഇന്നോവയിലേക്ക് ആകർഷിക്കുന്നത്. യാത്രാ സുഖമാണ് രാഷ്ട്രീയക്കാരുടെ വീടുകളിലെത്താൻ കാരണം. പ്രത്യേകിച്ച് രണ്ടാം നിരയിലെ യാത്ര സുഖം എടുത്തുപറയേണ്ട കാര്യമാണ്.
2.7 ലിറ്റർ പെട്രോൾ, 2.4 ലിറ്റർ ഡീസൽ എന്നിവ ഉൾപ്പെടുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഒയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്. പെട്രോൾ എഞ്ചിന് പരമാവധി 166 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഡീസൽ എഞ്ചിൻ 150 bhp പവറിൽ പരമാവധി 360 Nm ടോർക് വരെയാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്.
സെഗ്മെന്റിലെ ഏറ്റവും വലിയ എം.പി.വികളിൽ ഒന്നാണിത്. 4,735 മില്ലീമീറ്റർ നീളവും 1,830 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവുമാണ് ഇന്നോവ ക്രിസ്റ്റക്കുള്ളത്. 2,750 മില്ലീമീറ്റർ വീൽബേസാണ് വാഹനത്തിൽ ഇത്രയും സ്ഥലസൗകര്യം വരാൻ കാരണം.
സുരക്ഷക്കായി ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്. ടിൽറ്റും ടെലിസ്‌കോപ്പിക് സ്റ്റിയറിങ്ങും, ആംബിയന്റ് ഇല്യൂമിനേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, രണ്ടാമത്തെയും മൂന്നാമത്തെയും നിരയ്ക്കുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും പ്രത്യേകതകളാണ്.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം പുതിയ 'സ്മാര്‍ട്ട് പ്ലേകാസ്റ്റ്' സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഇന്നോവ ക്രിസ്റ്റയിലുണ്ട്. രാജ്യശത്ത നികുതിക്കൊള്ള കാരണം ഇന്നോയുടെ വില അനുദിനം വർധിക്കുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് കുറവൊന്നുമില്ല. കാരണം ഇന്നോവ ഇന്ത്യക്കാർക്ക് വെറുമൊരു വാഹനമല്ല. അതൊരു ആവശ്യവും അഭിമാനവും നിക്ഷേപവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.